Friday, June 16, 2006

വാലിഡ്‌ റീസണ്‍

കുറച്ച്‌ കാലം മുന്‍പാണ്‌. പുതിയ പ്രോജക്റ്റിലേക്ക്‌ എന്നെ തീറു കൊടുത്തിട്ട്‌ അധിക കാലമായിട്ടില്ല. ജാഡക്ക്‌ ജാഡ, എളിമക്ക്‌ എളിമ, പതപ്പിക്കലിന്‌ പതപ്പിക്കല്‍,(ചില നാട്ടില്‍ സോപ്പിടല്‍ എന്നും പറയും)ഇത്യാദി ലൊട്ടുലൊടുക്ക്‌ ഐറ്റംസ്‌ എറക്കി ടീമില്‍ ഒന്ന്‌ പേരെടുത്ത്‌ വരുന്നതേ ഉള്ളൂ. അഹങ്കാരം കൊണ്ട്‌ പറയാ എന്ന്‌ തന്നെ വിചാരിച്ചോ, ഹരിഹരന്‍ പിള്ളയെ ഹാപ്പി ആക്കുക എന്ന ദുഷ്കര കൃത്യം ഒരു വിധത്തില്‍ ആദ്യമേ തന്നെ നിര്‍വ്വഹിച്ചിരുന്നു.. പുതിയ കൊച്ച്‌ എഫിഷ്യെന്റ്‌ അണെന്ന്‌ കമ്പനി ചെലവില്‍ കള്ളു കുടിക്കാന്‍ ഏമാന്‍മാര്‍ പോകുന്ന ഒരവസരത്തില്‍ അദ്ദേഹം കമന്റിയതായി പിന്നീടാരോ പറഞ്ഞ്‌ കേള്‍ക്കേം ചെയ്തപ്പൊ പൂര്‍ത്തിയായി.

അന്നും പതിവു പോലെ പുലര്‍ച്ച 9 മണിക്കു തന്നെ എണീറ്റു. ചടുപിടുന്നനെ പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്‌, ഇറങ്ങാന്‍ നേരത്തെ സ്ഥിരം കലാപരിപാടിയായില്‍ ആണ്‌. തുടല്‌ (ആപ്പീസില്‍ ചേരും നേരം അവര്‍ കഴുത്തിലിടാന്‍ തരില്ലെ..അതു തന്നെ) വാച്ച്‌, മൊബൈല്‍ ഫോണ്‍, ഇത്യാദി നിത്യോപദ്രവ സാധനങ്ങള്‍(വെച്ചാല്‍ വെച്ചിടത്തിരിക്കുന്ന സ്വഭാവം ഇവറ്റകള്‍ക്കില്ലെന്നെ) കുടത്തിലും തപ്പികൊണ്ടിരിക്കുമ്പഴാണ്‌ സഹമുറിയത്തിയുടെ ആര്‍ത്തലച്ചുള്ള അട്ടഹാസം. എന്തൊ അത്യാഹിതം എന്നു വിചാരിച്ച്‌ ഓടി ചെന്ന് നോക്കുമ്പൊ അത്യാഹിതം അതാ താമരശ്ശേരി ചുരം ഇറങ്ങി വരുവാണ്‌. ലവളാണെങ്കില്‍ തലയും കുത്തി നിന്നു ചിരിയും. സൂര്യ ടിവിയില്‍ പപ്പു കസറുന്നു.

ഇതിവിടെ ഇട്ടിട്ടു ഞാനെങ്ങനെ ആപ്പീസില്‍ പോയിരുന്ന്‌ സമാധാനമയിട്ട്‌ ബ്ലോഗെഴുതും? ഈ സീന്‍ കഴിഞ്ഞിട്ട്‌ പോകാം. എവടെ? പല സീനുകള്‍ കഴിഞ്ഞു. ഒടുക്കം ഞാനെടുത്തു ഒരു കടുത്ത തീരുമാനം. പടം തീര്‍ന്നിട്ടു പോകാം. ഹരിഹരന്‍ പിള്ളയെ ഒന്ന്‌ വിളിച്ച്‌ എന്തെങ്കിലും ഒരു വാലിഡ്‌ റീസണ്‍ പറഞ്ഞാല്‍ അത്‌ പോതും. വയറിളക്കം രണ്ടാഴ്ച മുന്‍പ്‌ നാട്ടീന്ന് മേമയും എളേശ്ശനും (ചെറിയച്ചനും ചെറിയമ്മയും എന്ന്‌ കേട്ടു പരിചയം ഉള്ളവര്‍ക്ക്‌ അങ്ങനെയും വായിക്കാം) വന്നപ്പോള്‍ രാമൊജി ഫിലിം സിറ്റി കാണാന്‍ പോകാന്‍ നേരം പറഞ്ഞതാണ്‌. അപ്പൊ അതേല്‍ക്കില്ല. ചര്‍ദ്ദി പറഞ്ഞാല്‍ തെറ്റിദ്ധരിക്കും... അതും വേണ്ട..യുറേക്കാ..

ഹരിഹരന്‍'സ്‌ ഫോണ്‍ ഇസ്‌ റിങ്ങിംഗ്‌..യെസ്‌.. ഹരിഹരന്‍ പിള്ള സ്പീക്കിംഗ്‌.

സര്‍.. ഐ വില്‍ ബി ലേറ്റ്‌ സര്‍. മൈ റൂം മേറ്റ്‌ വാസ്‌ നോട്ട്‌ കീപ്പിംഗ്‌ വെല്‍ ഫോര്‍ ലാസ്റ്റ്‌ 2 ഡേയ്‌സ്‌. യെസ്റ്റര്‍ഡേ ഡോക്ടര്‍ ഐഡെന്റിഫൈഡ്‌ ദാറ്റ്‌ ഷി ഇസ്‌ ഹാവിംഗ്‌ ജോണ്ടിസ്‌. ഷി ഇസ്‌ ലീവിംഗ്‌ ഫോര്‍ കേരള റ്റുഡെ അറ്റ്‌ 12.30. ഐ വില്‍ കം ആഫ്റ്റര്‍ ദാറ്റ്‌. യെസ്‌ സര്‍, ഓക്കെ സര്‍, താങ്ക്യു സര്‍.

ഇടിവെട്ടു കൊണ്ട പോലെ ഞെട്ടി തിരിഞ്ഞ്‌ എന്നെ നോക്കിയ അവളുടെ മുഖത്ത്‌ ഒരു ഇരുനൂറ്റി മുപ്പത്തി അഞ്ച്‌ ചോദ്യചിഹ്നങ്ങള്‍ ഈച്ച്‌ വിത്ത്‌ എക്സ്‌ക്ലമേഷന്‍ മാര്‍ക്ക്‌ ഞാന്‍ കണ്ടെങ്കിലും, പുല്ല്‌ പോലെ ഞാനത്‌ ഈ കണ്ണീക്കൂടെ കണ്ട്‌ മറ്റേ കണ്ണീക്കൂടെ കണ്ടില്ല എന്ന്‌ വെച്ചു.

എടീ മഹാപാപി നിന്നെ കാലപാമ്പ്‌ കൊത്തും, പളുങ്ക്‌ പളുങ്ക്‌ പോലിരിക്കുന്ന എന്നെ മഞ്ഞപിത്തക്കാരിയാക്കി അല്ലേ..

ഇപ്പൊ വെയ്റ്റിട്ടാല്‍ ഡയലോഗ്‌സ്‌ മിസ്സാവും. അവള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ ഒരു വട്ടം- ഒരു വട്ടം മാത്രം- എനിക്കും മഞ്ഞപിത്തം വരുത്തിക്കോളാന്‍ കോമ്പ്രമൈസ്‌ ആയി. വേണ്ടുവോളം ചിരിയും കഴിഞ്ഞ്‌ അവളെ ശബരി എക്സ്പ്രസ്സും കേറ്റി വിട്ട്‌ ഞാന്‍ ഓഫീസ്‌-ഇല്‍ പോയി.

ശുഭം.

പിറ്റേന്റെ പിറ്റേ ദിവസം ശനിയാഴ്ച. പകലുറക്കം കഴിഞ്ഞാല്‍ നഗര വീക്ഷണം പതിവുള്ളതാണ്‌. പതിവ്‌ പോലെ നെക്കലേസ്‌ റോഡില്‍ തേരാപ്പാര നടക്കുകയാണ്‌ ഞങ്ങള്‍ തരുണീ മണികള്‍. കടല കൊറിക്കുന്ന യുവ മിഥുനങ്ങള്‍, ബൈക്കില്‍ ചെത്തുന്ന ചിന്ന പയലുകള്‍, രസം കൊല്ലുന്ന പൌലോസ്‌ ഏമാന്മാരുടെ പട്രോളിംഗ്‌.

നോക്ക്യെ..ആ നിക്കുന്ന ആളെ പിന്നീന്ന്‌ കണ്ടിട്ട്‌ ഹരിഹരന്‍പിള്ളയെ പോലെയുണ്ട്‌ അല്ലെ സ്മിത?

ശരിയാ..

അയ്യോ.. എസ്കേപ്പ്‌.. എസ്കേപ്പ്‌

എങ്ങോട്ട്‌ എസ്കേപ്പാന്‍.. പിള്ള കണ്ടു കഴിഞ്ഞു.

ഹായ്‌, ബിരിയാണി.. നൈസ്‌ റ്റു മീറ്റ്‌ യു ഹിയര്‍. ബൈ ദ ബൈ ദിസ്‌ ഇസ്‌ യുവര്‍ റൂം മേറ്റ്‌ റൈറ്റ്‌...

ഏയ്‌... ഇതല്ല അത്‌... അതു വേറെ സ്മിത.. ഇത്‌... ആ സ്മിത ...ഇതു വേറെ സ്മിത...

(കഴിഞ്ഞ ഓഫീസ്‌ ഡേ-യില്‍ വെച്ചു ഇവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ എന്നെ തന്നെ പറഞ്ഞാല്‍ മതി.)

ഉരുണ്ട്‌ ഉരുണ്ട്‌ വല്ലാണ്ട്‌ ചീത്തയാക്കണ്ട.. പുതിയ ചുരിദാര്‍ അല്ലേ... സ്മിത പറയുന്നതായി എനിക്ക്‌ തോന്നി.

എനി വേ, എന്‍ജോയ്‌ ദ വീക്കെന്റ്‌.. ‍പിള്ള ഒരു കള്ളച്ചിരിയോടെ മൊഴിഞ്ഞത്‌ അങ്ങനെയാണ്‌ എന്നാണ്‌ സ്മിത ഇപ്പഴും ആണയിട്ടു പറയുന്നത്‌. പക്ഷെ ഞാന്‍ വ്യക്തമായിട്ട്‌ കേട്ടതാ.. കുത്തരിയൊന്നുമല്ലെങ്കിലും ഞാനും ഉണ്ണുന്നത്‌ ചോറാണ്‌ മോളേ.. എന്ന്‌.

27 comments:

reshma said...

ബി.കുട്ട്യേ, രാവിലെന്നെ ഇത് വായിച്ച് ഞാനും വളരെ ഹാപ്പിയായി!

മുല്ലപ്പൂ said...

ബിരിയാണി ക്കുട്ട്യേ.. നല്ല എഴുതു ശൈലി..

Sreejith K. said...

അസ്സലായിട്ടുണ്ട് എഴുത്ത്. മനോഹരം.

Anonymous said...

പുല്ല്‌ പോലെ ഞാനത്‌ ഈ കണ്ണീക്കൂടെ കണ്ട്‌ മറ്റേ കണ്ണീക്കൂടെ കണ്ടില്ല എന്ന്‌ വെച്ചു

ഹി!ഹി!ഹി! വിശാലന്‍ ചേട്ടന്റെ അനിയത്തി സ്ഥാ‍നം എടുക്കാന്‍ ബെസ്റ്റ് ആളു ബിരിയാണിക്കുട്ടി തന്നെ....

സു | Su said...

:) നന്നായിരിക്കുന്നു.

Kuttyedathi said...

ബിരിയാണികുട്ടി, അസ്സലായിരിക്കുന്നു. പോരട്ടെ ഓഫീസ്‌ തമാശകളിനിയും. മൊത്തത്തില്‍ തട്ടിപ്പും വെട്ടിപ്പും തന്നെയല്ലേ ? നടക്കട്ടെ നടക്കട്ടെ. ഹരിഹരന്‍ പിള്ളമാരെ പറ്റിയ്ക്കാനെന്തെളുപ്പമല്ലേ ?

എന്നിട്ടു സൂര്യ റ്റി വി യില്‍ കണ്ട സിനിമ ഏതെന്നു പറഞ്ഞില്ലല്ലോ.

ബിന്ദു said...

തന്നെ തന്നെ, എല്‍ ജി പറഞ്ഞതു തന്നെ കറക്ട്‌. =))( നിലത്തു മറിഞ്ഞു കിടന്നു ചിരിക്കുന്നു)

bodhappayi said...

നല്ല കിണ്ണന്‍ പോസ്റ്റ്‌. ഇനീം പോരട്ടെ നിസാമിന്റെ നാട്ടിലെ വിശേഷങ്ങള്‍... :)

പണിക്കന്‍ said...

മാന്നാര്‍ മത്തായില്‌ ജനാര്‍ധനന്‍ 'നീ പൊന്നപ്പനല്ലടാ... തങ്കപ്പനാ... തങ്കപ്പന്‍'എന്നു പറയണ പോലെ... ഈ പോസ്റ്റ്‌ ബിരിയാണിയല്ല അസ്സല്‌ നെയ്ച്ചോറാ... നെയ്ച്ചോറ്‌...

നല്ല രസികന്‍ ശൈലി...

myexperimentsandme said...

നല്ല വിവരണം.

Santhosh said...

നന്നായി ബിരിയാണീ, രസകരമായിട്ടുണ്ട്. ഞാന്‍ വയറിളക്കത്തിലും ഛര്‍ദിയിലുമൊക്കെയാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ കുറച്ചുകൂടി സ്റ്റ്റെയ്റ്റ് ഫോര്‍വേഡ് ആണ്...

"I need to take my kid to the doctors..."

"My wife wants me to help her with some work..."

"I feel like I am exhausted, need a break..." (എന്‍റെ ഫേവ്റിറ്റ്, പക്ഷേ, വല്ലപ്പോഴുമേ ഉപയോഗിക്കാന്‍ പറ്റൂ!)

ദേവന്‍ said...

ഹ ഹ ഇത്രേം നല്ല പോസ്റ്റ്‌ കണ്ടിട്ടു കകക്കാന്നു ചിരിച്ചു മിണ്ടാതെ പോകുന്നത്‌ മര്യാദകേടായോണ്ട്‌ (സര്‍വ്വരും എല്ലാ സ്ഥലത്തും ആവര്‍ത്തിച്ച്‌ തേഞ്ഞുപോയ ഒരു ജോക്ക്‌) ഇരിക്കട്ടെ

"നിങ്ങളുടെ പേര്‍സണല്‍ ഹിസ്റ്ററി ഞാന്‍ വിശദമായൊന്നു പഠിച്ചു. കഴിഞ്ഞ വര്‍ഷം മുത്തശ്ശി മരിച്ചെന്നു പറഞ്ഞു താന്‍ മൂന്നു തവണ ലീവ്‌ എടുത്തിട്ടുണ്ടല്ലോ. എന്നോടാണോ ഈ തട്ടിപ്പൊക്കെ.. ഉം.. ഇത്തവണ എന്തു പറഞ്ഞാ ലീവിനു വന്നത്‌?"

"നാളെ മുത്തച്ഛന്റെ വിവാഹമാണു സാര്‍, നാലാം തവണ"

Satheesh said...

നല്ല വിവരണം..“ഈ കണ്ണീക്കൂടെ കണ്ട്‌ മറ്റേ കണ്ണീക്കൂടെ കണ്ടില്ല ..” ന്നത് കിടിലം! നല്ലൊരു ഭാവിയുണ്ട് ഈ ലൈനില്‍! ഇനി ഇപ്പം ഐ ടി ഒക്കെ ഒന്നിടിഞ്ഞുപോയാലും ബിരിയാണിക്കുട്ടിക്കൊന്നും പേടിക്കാനില്ല!

Kalesh Kumar said...

:)) നന്നായിട്ടുണ്ട് ബിരികുട്ടീ!

Kumar Neelakandan © (Kumar NM) said...

പിള്ളയ്ക്ക് ഇതിന്റെ ലിങ്ക് കൂടി അയച്ചുകൊടുക്കാമാ‍ായിരുന്നു. അടുത്ത പോസ്റ്റിനുള്ള കോപ്പ് ആകുമായിരുന്നു.

നന്നായിട്ടെഴുതുന്നു. പോരട്ടെ ഇനിയും സര്‍വ്വീസ് സ്റ്റോറികള്‍.

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് ബിര്യാണിക്കുട്ട്യേ,
അവസാനത്തെ 'പാര'ഗ്രാഫ് നിയ്ക്ക് ക്ഷ പിടിച്ചു.

ദേവന്‍ said...

ബിരിയാണിവാഹകന്‍

ചില നേരത്ത്.. said...

ബിരിയാണീ..
തന്മയത്വമുള്ള തമാശ..

അരവിന്ദ് :: aravind said...

ബിരിക്കുട്ട്യേ :-)
ലേയ്റ്റായിപ്പോയി :-)
ഇത്രയും ഹ്യൂമര്‍ സെന്‍സുള്ള പെണ്‍കുട്ട്യോളെ, സത്യായിട്ടും ഞാന്‍ കണ്ടിട്ടില്ലാ ട്ടോ!
സൂപ്പര്‍ എഴുത്ത്!! :-)) ചിരിച്ചിട്ട്....:-)
എല്‍-ജിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു :-)

-B- said...

മൂത്തോരെ കളിയാക്കിയാല്‍ ദൈവ കോപം കിട്ടുംന്ന്‌ അമ്മ എപ്പഴും പറയാറുള്ളതാ... നമ്മടെ ഹരിഹരന്‍ പിള്ളയെ പിടിച്ച് ബ്ലോഗിലിട്ടപ്പൊ ദൈവത്തിനാണെ ഞാന്‍ ഓര്‍ത്തില്ല ദൈവം തമ്പുരാന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്‌ എന്ന്‌. 2 ദിവസമായിട്ട് പിള്ളച്ചേട്ടനുമായി ചുട്ട ഒടക്കിലാ.. പണി ഒഴിഞ്ഞ നേരമില്ല. ഈ ബൂലോഗത്ത്‌ വന്ന്‌ ഒന്നെല്ലാവരേം കണ്ടിട്ട് പെട്ടെന്ന്‌ വരാമെന്ന്‌ പറഞ്ഞാലും പുള്ളി കേട്ട ഭാവം ഇല്ല. ഇതിപ്പൊ അങ്ങേര്‍ മുള്ളാന്‍ പോയ നേരം നോക്കി കേറിയതാ..

പേരെടുത്ത് എല്ലാവരൊടും നന്ദി പറയാന്‍ മാത്രം റ്റൈം ഇല്ല. (പിള്ള അത്രേം നേരം മുള്ളാന്‍ വഴിയില്ല.) കമ്മന്റിയ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി.

Visala Manaskan said...

‘വാലിഡ് റീസണ്‍‘ വായിക്കാന്‍ വിട്ടുപോയി വിട്ടുപോയ്..!

എന്റെ പൊന്നുങ്കുരിശു മാത്തപ്പാ എന്തിറ്റാ ഈ കൊച്ച് കാട്ടിക്കൂട്യേക്കണേ..

കലക്കീന്ന് പറഞ്ഞാല്‍ വേഡില് വേഡില് പോയിന്റില് പോയിന്റില് കലക്കി പൊളിച്ചു.

സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്.

Unknown said...

പാരഡൈസ് ഹോട്ടലിലെ ബിരിയാണി ഭയങ്കരമാണ് എന്ന് കേട്ട് അതിനായി അവസരമുണ്ടാക്കി ഹൈദരാബാദില്‍ വന്നിട്ടുണ്ട്. ബിരിയാണി കേമം. ഈ ബിരിയാണിയും പാരഡൈസ് ബിരിയാണിയും രണ്ടും ഒന്നിനൊന്ന് മെച്ചം.

indianadoc said...

assalayitto biriyanikkutti...boologa clubbiloode pratheekshikkathey yethippettathanu ividey...malayalam 'typikkan' ariyathilla,so aangaleyathilakkendi vannu...muzhuvan blog um vayichittilla...kshamayodey veendum vayikkanayittu thirichu varum yennu paranju kondu nirthattey...snehapoorvam...

Anonymous said...

Dear biriyani kuuty,
What happened ?its been a month,since u have posted anything. Yours is the site I usually read when I am home sick,to get rid of that depression. Please keep posting.
love,
devi.

കുറുമാന്‍ said...

ബിരിയാണികുട്ട്യേ......അപ്പോ എന്നോട് രണ്ടു ദിവസംകൂടി കഴിഞ്ഞാല്‍ ഒരു കല്യാണം തൃപ്രയാറുണ്ടെട്ടു പോകാംന്നാണല്ലോല്ലെ പറഞ്ഞത്.

അപ്പോ കല്യാണം പത്തിനോ?

ഈമെയില്‍ ഐഡി തരൂ, അല്ലെങ്കില്‍
rageshkuഅറ്റ്ജിമെയി.കോമിലേക്ക് അയക്കൂ

എന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ അറിയാമല്ലോല്ലെ?

:: niKk | നിക്ക് :: said...

ബിരിയാണിക്കുട്ടീ ആ ചെറിയ ഗിഫ്റ്റ്‌ (ലൈറ്റു തെളിക്കും കീ ചെയിന്‍) ന്‌ നന്ദി...

neermathalam said...

oRU CHIRIYANI ANALLOO ETHU..BHAGAVANEE...