Monday, June 16, 2008

പണ്ട് ഞാന്‍ ചൈനായില്‍‌‍ ആയിരുന്നപ്പോള്‍...

ഉവ്വ! ഞാന്‍ ചൈന പോയിട്ട് അമേരിക്കയില്‍ പോലുംപോയിട്ടില്ല. ;)

പക്ഷേ, ചൈനയില്‍ ജീവിച്ച് അവരുടെ ജീവിതം കണ്ട്, അവരെ പറ്റി എഴുതി വെച്ച ഒരാള്‍. ആയമ്മയാണ്‌ "പണ്ട് ഞാന്‍ ചൈനായില്‍ ആയിരുന്നപ്പോള്‍" കണ്ട കാര്യങ്ങളൊക്കെ നല്ല മെന മെനയായി എഴുതി വെച്ച് കുറച്ച് കൊള്ളാവുന്ന അവാര്‍ഡൊക്കെ വാങ്ങിച്ചത്. പേള്‍.എസ്.ബക്ക് എന്ന കഥാകാരിയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്.

അവരുടെ 'ദ ഗുഡ് എര്‍ത്ത്' എന്ന പുസ്തകം ഞാന്‍ വായിച്ചത് ഏകദേശം പറഞ്ഞാല്‍ ഒരു നാലര കൊല്ലം മുന്‍പ്, ഹൈദരാബാദില്‍ കാലുകുത്തി, ഹോസ്റ്റലിലെ പെരുകുവും അന്നവും കഴിച്ച് വേറൊന്നും ചെയ്യാനില്ലാതെ മുറിയില്‍ ഒറ്റക്കിരിക്കുന്ന കാലത്താണ്‌. രാത്രി പതിനൊന്ന്‌ മണിക്ക് ആട്ടോമാറ്റിക് ആയി ലൈറ്റ് ഓഫ് ആവുന്ന ഭീകര ടെക്നോളജി നിലവിലുണ്ടായിരുന്ന ആ ഹോസ്റ്റലിലെ അടച്ചിട്ട മുറിയില്‍, മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ച് കത്തിക്കുന്ന നാല്പ്പത് വാട്ട് ബള്‍ബുള്ള റ്റേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഇത് വായിച്ച് തീര്‍ത്തപ്പോള്‍ ആ എഫര്‍ട്ട് വെറുതെ ആയില്ലല്ലോ എന്ന ഒരു സന്തോഷമായിരുന്നു. ചുമ്മാ ഒന്ന് ചൈന വരെ പോയി വന്ന ഒരു ഫീലിങ്ങും. ആ ഒരു ഓര്‍മ്മയില്‍ ഇട്ടതാണ്‌ ഈ പോസ്റ്റിന്റെ ടൈറ്റില്‍.

ചൈന! പച്ചയും ചോപ്പും ചായമടിച്ച ബക്കറ്റും കളിപ്പാട്ടങ്ങളും എതെടുത്താലും പത്ത് രൂപക്ക് കിട്ടുന്ന ചൈന ബസാര്‍ ആണ്‌ ഇപ്പോ നമ്മുടെ ചൈന. ചൈനക്കാരൊക്കെ പാമ്പിന്‍ കഷണമിട്ട സാമ്പാറും, പാറ്റ ഫ്രൈയും, ഈയാമ്പാറ്റ തോരനും ഡെയിലി കഴിക്കുന്നവരാണെന്നും ചൈനയിലെ വന്‍‌മതില്‍ കാണേണ്ട ഒരു കാഴ്ചയാണെന്നും കേട്ടിട്ടുണ്ട്. പിന്നെ ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ചിട്ടുള്ള ചൈനയിലെ വായില്‍ കൊള്ളാത്ത പേരുള്ള കുറെ രാജാകന്മാരും, ചൈനീസ് വിപ്ലവവും. തീര്‍ന്നു എന്റെ ചൈനാ വിജ്ഞാനം. പേള്‍ നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലെ ഗ്രാമീണ ചൈനയെ വരച്ച് മുന്നില്‍ കാണിച്ചു തരികയാണ് ഈ പുസ്തകത്തില്‍. വിപ്ലവത്തിനും മുന്‍പുള്ള ചൈനയിലെ എല്ലു മുറിയെ പണിയെടുക്കുന്ന ഗ്രാമീണന്‍. ചൂടുവെള്ളത്തില്‍ ഒരല്‍‌പ്പം തേയില ഇട്ട് തിളപ്പിച്ചാല്‍ അത് ആര്‍ഭാടമായി അനുഭവപ്പെടുന്ന ഗ്രാമീണന്‍. റൊട്ടിയും അല്പ്പം ഉള്ളിയും ഉണ്ടെങ്കില്‍ മൃഷ്ടാന്നമായി കരുതുന്ന സാധാരണ ഗ്രാമീണന്‍.

നമ്മുടെ നായകന്‍ വാങ്-ലുങ് ഒരു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. എന്തിനാ? വീട്ടില്‍ വയസ്സായ അച്ഛനെ നോക്കാന്‍ ഒരാള്‍ വേണം, നേരാനേരം വല്ലതും വെച്ചുണ്ടാക്കി തരണം. പിന്നെ കുറച്ചധികം ആണ്മക്കളെ പെറണം. അത്രേ ഉള്ളു പെണ്ണിനു വേണ്ട റിക്വ‌യര്‍‌മെന്റ്. അഞ്ചിന്റെ പൈസ കയ്യിലില്ല. അതുകൊണ്ട് കൊള്ളാവുന്ന പെണ്ണൊന്നും കിട്ടുകയുമില്ല എന്നവനറിയാം. അങ്ങനെ പോയി ഗ്രാമത്തിലെ പ്രമാണിയുടെ വീട്ടിലെ പെണ്‍-അടിമകളില്‍ ഒന്നിനെ വാങ്ങി ഭാര്യയാക്കി. കാണാന്‍ ഒരു ചേലുമില്ല പക്ഷേ വേറെ എന്തു വഴി?

പക്ഷേ പെണ്ണ്- ഓലാന്‍- അവളാളൊരു ഒന്നൊന്നര പെണ്ണ് തന്നെ ആയിരുന്നു. സ്വിച്ച് ഇട്ട മെഷീന്‍ പോലെ പണികളൊക്കെ ചക..ചക എന്ന് തീര്‍ക്കും. പരാതി നഹി, പരിഭവം നഹി.. ഉറക്കെ പോയിട്ട് പതുക്കെ പോലും ഒരു സംസാരം നഹി. പത്തും തെകഞ്ഞ് നിക്കുന്ന നേരത്തും പാടത്ത് വന്ന് പണിയെടുത്തു, പെറാന്‍ മുട്ട്യേപ്പോ മുറിയില്‍ പോയി, ആ ഭൂലോകഭയങ്കര വേദനയില്‍ പുളഞ്ഞ് ഒന്ന്‌ ഞരങ്ങും കൂടി ചെയ്യാണ്ട് പെറ്റു, പൊക്കിള്‍ കൊടി മുറിച്ചു മാറ്റി, മുറിയിലെ ചോരയും മറ്റഴുക്കുകളും വൃത്തിയാക്കി, കുട്ടിയെ വാങിന്റെ കയ്യിലങ്ങട് കൊടുത്തു. അവിടന്നങ്ങോട്ടുള്ള പണികളും പ്രസവങ്ങളും ഒക്കെ അങ്ങനെ തന്നെ.

പിന്നെ വരുന്നൂ.. വരള്‍‌ച്ച, ദാരിദ്ര്യം, പിന്നെ കൊടും ദാരിദ്ര്യം, പിന്നെ പാലായനം. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയുമായി വന്‍ നഗരത്തിലെത്തുന്ന അവരുടെ നഗരാനുഭവങ്ങള്‍. പകച്ചു പോകുന്ന അവസരങ്ങള്‍. അവിടെയും നിശബ്ദയായി ഇരുന്ന് വാങിന്‌ താങ്ങാവുന്ന ഓലാന്‍. കള്ളങ്ങള്‍ പഠിക്കുന്ന വഴികള്‍. (ബ്ലെസ്സിയുടെ പളുങ്ക് കണ്ടപ്പോള്‍ എനിക്ക് ഈ നോവലിലെ ഈ ഭാഗങ്ങള്‍ ഓര്‍മ്മ വന്നു). പിന്നെ ഗ്രാമത്തിലേക്കുള്ള തിരിച്ചു പോക്ക്.

പിന്നീട് കഥയാകെ മാറുകയാണ്‌. വാങിന്റെ നല്ല കാലം തുടങ്ങുന്നു. പണം കുമിഞ്ഞു കൂടുന്നു. പണം കൂടിയപ്പോള്‍ കുറഞ്ഞു പോയ പെണ്ണ്. പിന്നെ വാങിന്റെ ജീവിതത്തിലേക്ക് വരുന്ന മറ്റൊരു പെണ്ണ്. നിശബ്ദത തുടരുന്ന ഓലാന്‍. പിന്നെയും തുടരുന്ന ജീവിതം. ഏത് വീട്ടില്‍ പോയി ഓഛാനിച്ച് നിന്ന് അവിടത്തെ അടിമയെ വാങ്ങി ഭാര്യയാക്കിയോ, ആ വീട് വില പറഞ്ഞ് സ്വന്തമാക്കിയ വാങ് മറ്റു പലതും ചോര്‍ന്ന് പോകുന്നത് അറിഞ്ഞത് വൈകിയാണ്‌.

ചുരുക്കത്തില്‍, ഗ്രാമീണ ചൈനീസ് ജീവിതത്തിന്റെ ഒരു ചിത്രം വാങിന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ്‌ കഥാകാരി ചെയ്യുന്നത്. ഒരു വിദേശിയായി മാറി നിന്ന് കാണുന്ന കാഴ്ചയായിട്ടല്ല, അവരിലൊരാള്‍ എഴുതിയ കഥയായിട്ടേ നമുക്കു തോന്നൂ എന്നിടത്താണ്‌ കഥാകാരി വിജയിച്ചതെന്ന് തോന്നുന്നു. വര്‍ഷങ്ങളോളം നീണ്ട ചൈന ജീവിതം അവര്‍ക്കതിന്‌ വേണ്ടതായ അനുഭവ പരിചയം കൊടുത്തതു കൊണ്ട് എഫര്‍ട്ട്‌ലെസ് ആയിട്ട് അവര്‌ക്കതിന്‌ സാധിച്ചിരിക്കും എന്നു വേണം കരുതാന്‍. പിന്നെ, കഥ നീങുന്നത്‌ വാങിനെ ചുറ്റിപറ്റിയാണെങ്കിലും ഓലാന്‍ - അവരാണ്‌ ഇതില്‍ ഏറ്റവും ശക്തമായ കഥാപാത്രമായി എനിക്കു തോന്നിയത്‌. ഹൗ! എന്തൊരു പെണ്ണ്‌!

ഈ നോവല്‍ പേള്‍.എസ്.ബക്കിന്‌ 1932-ലെ പുലിറ്റ്‌സര്‍ പ്രൈസും 1935-ല്‍ ഹോവെല്‍സ് മെഡലും നേടിക്കൊടുത്തു. 1938-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും പേള്‍‌ നേടിയിട്ടുണ്ട്. മിഷണറി പ്രവര്‍ത്തകരായിരുന്ന മാതപിതാക്കളോടൊപ്പം ചൈനയില്‍ ജീവിച്ച നീണ്ട വര്‍ഷങ്ങള്‍ സ്വാഭാവികമായും അവരെ ചൈനക്കാരുടെ ജീവിതത്തോടടുപ്പിച്ചു. ഒരു അമേരിക്കക്കാരി ഇത്ര മാത്രം ചൈന പോലുള്ള ഒരു രാജ്യത്തെ സാമാന്യം ദരിദ്രമായ ജീവിതത്തെ ഇത്രമാത്രം അടുത്ത് കാണാന്‍ ശ്രമിക്കുമോ എന്നെനിക്കത്ഭുതമായിരുന്നു. ഇത്രയും വര്‍ഷങ്ങളായി ഈ ഹൈദരാബാദില്‍ ഞാന്‍ ജീവിച്ചിട്ടും ഇപ്പോഴും ഇവരെ പറ്റി എനിക്ക് എന്തറിയാം എന്ന് അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തു പോയി. (അതിനെ പറ്റി പറഞ്ഞപ്പോഴാണ്‌ മറ്റൊരു പുസ്തകം ഓര്‍മ്മയില്‍ വരുന്നത്. 19.കനാല്‍ റോഡ്. മദ്രാസില്‍ ജീവിച്ച കുറച്ചു വര്‍ഷങ്ങളിലെ കൊച്ചു കൊച്ച് അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച് ശ്രീബാല.കെ.മേനോന്‍ എഴുതിയ ഒരു കൊച്ചു പുസ്തകം. കണ്ടു പഠി! എന്തെങ്കിലും എഴുതണമെങ്കില്‍ വലിയ അനുഭവ സമ്പത്തൊന്നും ആവശ്യമില്ല, കണ്ണും കാതും തുറന്നു വെച്ചാല്‍ മതിയെന്ന് ഞാന്‍ എന്നോട് തന്നെ ഉറക്കെ പറഞ്ഞിരുന്നു ആ പുസ്തകം വായിച്ചപ്പോള്‍.)

'ദ ഗുഡ് എര്‍ത്ത്' വായിച്ച് കുറച്ച് നാളുകള്‍ക്കു ശേഷം പിറന്നാള്‍ സമ്മാനമായി എനിക്ക് ഇതിന്റെ മലയാള വിവര്‍ത്തനം ലഭിച്ചു. 'നല്ല ഭൂമി' എന്ന് പേരിട്ടിരുന്ന ആ പുസ്തകം വായിക്കപ്പെടാതെ ഒരു പാട് കാലം എന്റെ അലമാരയില്‍ ഇരുന്നു. വിവര്‍ത്തനങ്ങള്‍ എങ്ങനെ ഒരു കൃതിയെ വികലമാക്കും എന്ന് പല മുന്‍‌കാല അനുഭവങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടായിരുന്നു ഈ മുന്‍‌വിധി. കഴിഞ്ഞ വര്‍ഷം ചിക്കന്‍പോക്സ് പിടിച്ച് കിടപ്പിലായ ഒരാഴ്ച മറ്റൊന്നും ചെയ്യാനില്ലാതായപ്പോള്‍ 'നല്ല ഭൂമി' ഞാന്‍ തുറന്നു. വായിച്ച് ഏതാനും പേജുകള്‍ ആയപ്പോഴേ വിവര്‍ത്തകന്‍ ആരെന്നറിയാന്‍ ഞാന്‍ പുസ്തകത്തിന്റെ പുറം ചട്ട നോക്കി. രണ്ട് പേര്‍ ചേര്‍ന്നാണ്‌ വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌. വി.എ.കേശവന്‍ നായരും, എം.പി.ശങ്കുണ്ണി നായരും. വളരെ വളരെ നന്നായി, പേള്‍ ഉദ്ദേശിച്ചിരുന്ന ആ ഗ്രാമീണതയും, സത്തയും ഒട്ടും ചോര്‍ന്നു പോകാതെ, ഈ വിവര്‍ത്തനം നിര്‍‌വഹിച്ചിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് മലയാളത്തില്‍ വായിച്ചപ്പോള്‍ തോന്നിയ മറ്റൊരു കാര്യം - വാങ് എന്ന് മാറ്റി കുമാരനും ഓലാന്‍ എന്ന് മാറ്റി ശാന്തയുമാക്കിയാല്‍ ഈ കഥ കേരളത്തിലെ കഥയായി. ഈ കാര്യം ഇതിന്റെ അവതാരികയില്‍ വിവര്‍‍ത്തകര്‍ തന്നെ പറയുന്നുണ്ട്.

ഇഞ്ചിപ്പെണ്ണ് നടത്തുന്ന ഉത്‍സവത്തില്‍ എന്റെ സ്റ്റാളില്‍ ഡിസ്‌പ്ലേ‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത് ഈ നല്ലഭൂമിയാണ്‌.

Sunday, June 08, 2008

Black Week (കരിവാരം) - Joining The Protest

I'm shocked.

It is disgustingly surprising to see how badly a person can be abused over internet. That too for just pointing out a serious crime committed by them! Read what Injipennu has been receiving from a so called "established company" and be aware of the frauds! Not only using foul or abusive language towards her but threatening her and others who protested what they've done adds up into their series of serious offences. We do not want them to be spared. I too join hands with Injipennu and other fellow bloggers in the protest against Kerals.com.

Read how it all started here (Saji's Blog)

Read InjiPennu's English Post Here.

Friday, December 14, 2007

പുതിയ ബോസ്

പണ്ട് സ്മിതയായിരുന്നു യു.എസ് ടൈമിംഗില്‍ ജോലി ചെയ്തിരുന്നത്. ഇപ്പൊ ഞാനും. എന്ത് ചെയ്യാനാ? എന്റെ പുതിയ ബോസ് യു.എസ് ടൈമിലാ ജോലി.

നവംബര്‍ 24-നാണ് പുതിയ അദ്ദേഹം ജോയിന്‍ ചെയ്തത്. ആളിത്രേം സ്ട്രിക്റ്റ് ആയിരിക്കും എന്ന് വിചാരിച്ചില്ല. കൃത്യമായി അര മണിക്കൂര്‍ കൂടുമ്പോള്‍ അലാറം വെച്ച പോലെ തുടങ്ങും.. പെപ്പരപ്പേ.. :) എന്താ ചെയ്യാ.. എന്റെ ഹൃദയത്തിന്റെ ഒരു കൊച്ചു തുണ്ടായിപ്പോയില്ലേ.. എവിടെ നിന്നാണോ എനിക്കിത്രയും ക്ഷമയും സ്നേഹവും ഒക്കെ വന്നത്‌.

അമ്മയെന്ന വേര്‍ഷന്റെ പ്രത്യേക ഫീച്ചേര്‍സ് ഇതൊക്കെയാണെന്ന് ഇപ്പഴല്ലേ മനസ്സിലാവുന്നത്‌.

Monday, September 10, 2007

മറ്റൊരു വാര്‍ഷികം

കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലായിരുന്നു പെരുമഴയത്തായിട്ടും സെറ്റ് സാരിയുടുത്ത് സുന്ദരിക്കുട്ടിയായി ഉമേച്ചി ഒരാള്‍ക്കൂട്ടത്തിനു നടുവിലെത്തി പകച്ചു നിന്നതും, ടാക്സി ബില്ല് റീ-ഇമ്പേഴ്സ് ചെയ്യാന്‍ കുമാറേട്ടന്‍ ഓഫീസ് റൂം അന്വേഷിച്ച് നടന്നതും.

വക്കാരിസ്വാന്‍ സാമ്പാര്‍ വെച്ചാഘോഷിച്ചതും, ദേവേട്ടന്‍ കടുമാങ്ങ വിളമ്പാന്‍ ഓടിനടന്നതും വല്യമ്മായി എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയതും ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പായിരുന്നു.
ഇത്രേം ആളുകള്‍ കൂടി ഒരുമിച്ചു ചേര്‍ത്തു തന്ന ഈ ജീവിതം ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ഇന്ന് സന്തോഷകരമായ ഒരു വര്‍ഷം തികയുകയാണ്.

എല്ലാവര്‍ക്കും സ്നേഹം.

ദിവസങ്ങള്‍ പറന്നാണ് പോയത്.

ഇനി ഇവിടെ എന്ന് വരുമെന്നെനിക്കറിയില്ല. ആരോപണങ്ങളും, പ്രത്യാരോപണങ്ങളും എല്ലാവര്‍ക്കുമെല്ലാവരേയും സംശയവും എല്ലാമായി ഇനിയുമെനിക്കിവിടം എത്രത്തോളം പ്രിയപ്പെട്ടതായിരിക്കും എന്നെനിക്കറിയില്ല. താല്കാലികമായേക്കാം.. മറിയം പറഞ്ഞു പോയ പോലെ ഞാനും.. വിട, നാളെ നേരം വെളുക്കും വരേക്കും വിട.

ഈ മനോഹരമായ ആശംസാ കാര്‍ഡിന് പച്ചാളം കുട്ടിക്ക് ഒരുപാട് നന്ദി..

Wednesday, June 27, 2007

വാര്‍ഷികം - മാറാല നീക്കല്‍

ബ്ലോഗ് തുടങ്ങിയതിന്റെ വാര്‍ഷികത്തിനോ പോസ്റ്റൊന്നും ഇട്ടില്ല. അതൊരു രണ്ട് മൂന്നാഴ്ച മുന്‍പായിരുന്നു. മറന്നു പോയി. അല്ലെങ്കിലും ആരെ ബോധിപ്പിക്കാനാണ്? ഏതായാലും മാറാല നീക്കിയ സ്ഥിതിക്ക്, ഇടയ്ക് എന്തെങ്കിലും ഒക്കെ എഴുതണം.

മലയാളത്തില്‍ എഴുതാന്‍ സഹായിച്ച സിബുവിനോ, പെരിങ്ങോടനോ, പിന്മൊഴികള്‍ (തനിമലയാളവും) നടത്തിക്കൊണ്ട് പോയിരുന്ന ഏവൂരാനോ, അതില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മറ്റുള്ളവര്‍ക്കോ (എന്റെ അറിവ് വെച്ച് അനില്‍ ചേട്ടന്‍, ആദി, ശനിയന്‍, വിശ്വപ്രഭ) അതിനൊക്കെ പിന്നില്‍ സാമ്പത്തികമോ മറ്റെന്തെങ്കിലും തരത്തിലൊ ഉള്ളതായ എന്തെങ്കിലും ലാഭേച്ഛ , ഉണ്ടായിരുന്നതായോ, ഇനിയൊരിക്കല്‍ ഉണ്ടാകുമായിരുന്നു എന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനൊരു മന്ദബുദ്ധിയും, ഇവിടെയൊക്കെ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഗ്രൂപ്പിലും പെടാത്ത ആളും ആയതുകൊണ്ട് വേറൊന്നും അറിയില്ല.

വെറുതെ ഒരു രസത്തിന്, ഇനി മുതല്‍ കമന്റുകള്‍ വേണ്ട. പോസ്റ്റുകളും ആരെങ്കിലും കാണണമെന്ന് ആഗ്രഹമില്ല.

വണ്‍സ് എഗയിന്‍ എന്റെ ബ്ലോഗിന് ബിലേറ്റഡ് ആനിവേര്‍സറി വിഷസ്. :)

Wednesday, August 23, 2006

ഉഷസ്സ്

എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത.
ചമ്മലും സഭാകമ്പവും മൂലം ഇടാതെ വെച്ചത് രണ്ടും കല്പിച്ചങ്ങട് പോസ്റ്റുന്നു. ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ സാങ്കേതികവിദഗ്ദരെ നേരിട്ട്‌ വിളിച്ച് പറയാന്‍ അപേക്ഷ. അവര്‍ രണ്ടും മാത്രമാണ് ഇതിനുത്തരവാദികള്‍.

ആദിത്യന് പ്രത്യേക ഇടി കൊടുക്കണേ കുറച്ചു നേരം മെനക്കെട്ടിരുന്ന്‌ ഇത് പോസ്റ്റാക്കാന്‍ ഹെല്‍പ്പിയതിന്. :) ഇതിന്റെ തുടക്കത്തില്‍ ഒരു ചേട്ടന്‍ എന്തോ പറയുന്നുണ്ട്‌. അതെങ്ങനെ വന്നു എന്നറിയില്ല.