Friday, June 16, 2006

വാലിഡ്‌ റീസണ്‍

കുറച്ച്‌ കാലം മുന്‍പാണ്‌. പുതിയ പ്രോജക്റ്റിലേക്ക്‌ എന്നെ തീറു കൊടുത്തിട്ട്‌ അധിക കാലമായിട്ടില്ല. ജാഡക്ക്‌ ജാഡ, എളിമക്ക്‌ എളിമ, പതപ്പിക്കലിന്‌ പതപ്പിക്കല്‍,(ചില നാട്ടില്‍ സോപ്പിടല്‍ എന്നും പറയും)ഇത്യാദി ലൊട്ടുലൊടുക്ക്‌ ഐറ്റംസ്‌ എറക്കി ടീമില്‍ ഒന്ന്‌ പേരെടുത്ത്‌ വരുന്നതേ ഉള്ളൂ. അഹങ്കാരം കൊണ്ട്‌ പറയാ എന്ന്‌ തന്നെ വിചാരിച്ചോ, ഹരിഹരന്‍ പിള്ളയെ ഹാപ്പി ആക്കുക എന്ന ദുഷ്കര കൃത്യം ഒരു വിധത്തില്‍ ആദ്യമേ തന്നെ നിര്‍വ്വഹിച്ചിരുന്നു.. പുതിയ കൊച്ച്‌ എഫിഷ്യെന്റ്‌ അണെന്ന്‌ കമ്പനി ചെലവില്‍ കള്ളു കുടിക്കാന്‍ ഏമാന്‍മാര്‍ പോകുന്ന ഒരവസരത്തില്‍ അദ്ദേഹം കമന്റിയതായി പിന്നീടാരോ പറഞ്ഞ്‌ കേള്‍ക്കേം ചെയ്തപ്പൊ പൂര്‍ത്തിയായി.

അന്നും പതിവു പോലെ പുലര്‍ച്ച 9 മണിക്കു തന്നെ എണീറ്റു. ചടുപിടുന്നനെ പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്‌, ഇറങ്ങാന്‍ നേരത്തെ സ്ഥിരം കലാപരിപാടിയായില്‍ ആണ്‌. തുടല്‌ (ആപ്പീസില്‍ ചേരും നേരം അവര്‍ കഴുത്തിലിടാന്‍ തരില്ലെ..അതു തന്നെ) വാച്ച്‌, മൊബൈല്‍ ഫോണ്‍, ഇത്യാദി നിത്യോപദ്രവ സാധനങ്ങള്‍(വെച്ചാല്‍ വെച്ചിടത്തിരിക്കുന്ന സ്വഭാവം ഇവറ്റകള്‍ക്കില്ലെന്നെ) കുടത്തിലും തപ്പികൊണ്ടിരിക്കുമ്പഴാണ്‌ സഹമുറിയത്തിയുടെ ആര്‍ത്തലച്ചുള്ള അട്ടഹാസം. എന്തൊ അത്യാഹിതം എന്നു വിചാരിച്ച്‌ ഓടി ചെന്ന് നോക്കുമ്പൊ അത്യാഹിതം അതാ താമരശ്ശേരി ചുരം ഇറങ്ങി വരുവാണ്‌. ലവളാണെങ്കില്‍ തലയും കുത്തി നിന്നു ചിരിയും. സൂര്യ ടിവിയില്‍ പപ്പു കസറുന്നു.

ഇതിവിടെ ഇട്ടിട്ടു ഞാനെങ്ങനെ ആപ്പീസില്‍ പോയിരുന്ന്‌ സമാധാനമയിട്ട്‌ ബ്ലോഗെഴുതും? ഈ സീന്‍ കഴിഞ്ഞിട്ട്‌ പോകാം. എവടെ? പല സീനുകള്‍ കഴിഞ്ഞു. ഒടുക്കം ഞാനെടുത്തു ഒരു കടുത്ത തീരുമാനം. പടം തീര്‍ന്നിട്ടു പോകാം. ഹരിഹരന്‍ പിള്ളയെ ഒന്ന്‌ വിളിച്ച്‌ എന്തെങ്കിലും ഒരു വാലിഡ്‌ റീസണ്‍ പറഞ്ഞാല്‍ അത്‌ പോതും. വയറിളക്കം രണ്ടാഴ്ച മുന്‍പ്‌ നാട്ടീന്ന് മേമയും എളേശ്ശനും (ചെറിയച്ചനും ചെറിയമ്മയും എന്ന്‌ കേട്ടു പരിചയം ഉള്ളവര്‍ക്ക്‌ അങ്ങനെയും വായിക്കാം) വന്നപ്പോള്‍ രാമൊജി ഫിലിം സിറ്റി കാണാന്‍ പോകാന്‍ നേരം പറഞ്ഞതാണ്‌. അപ്പൊ അതേല്‍ക്കില്ല. ചര്‍ദ്ദി പറഞ്ഞാല്‍ തെറ്റിദ്ധരിക്കും... അതും വേണ്ട..യുറേക്കാ..

ഹരിഹരന്‍'സ്‌ ഫോണ്‍ ഇസ്‌ റിങ്ങിംഗ്‌..യെസ്‌.. ഹരിഹരന്‍ പിള്ള സ്പീക്കിംഗ്‌.

സര്‍.. ഐ വില്‍ ബി ലേറ്റ്‌ സര്‍. മൈ റൂം മേറ്റ്‌ വാസ്‌ നോട്ട്‌ കീപ്പിംഗ്‌ വെല്‍ ഫോര്‍ ലാസ്റ്റ്‌ 2 ഡേയ്‌സ്‌. യെസ്റ്റര്‍ഡേ ഡോക്ടര്‍ ഐഡെന്റിഫൈഡ്‌ ദാറ്റ്‌ ഷി ഇസ്‌ ഹാവിംഗ്‌ ജോണ്ടിസ്‌. ഷി ഇസ്‌ ലീവിംഗ്‌ ഫോര്‍ കേരള റ്റുഡെ അറ്റ്‌ 12.30. ഐ വില്‍ കം ആഫ്റ്റര്‍ ദാറ്റ്‌. യെസ്‌ സര്‍, ഓക്കെ സര്‍, താങ്ക്യു സര്‍.

ഇടിവെട്ടു കൊണ്ട പോലെ ഞെട്ടി തിരിഞ്ഞ്‌ എന്നെ നോക്കിയ അവളുടെ മുഖത്ത്‌ ഒരു ഇരുനൂറ്റി മുപ്പത്തി അഞ്ച്‌ ചോദ്യചിഹ്നങ്ങള്‍ ഈച്ച്‌ വിത്ത്‌ എക്സ്‌ക്ലമേഷന്‍ മാര്‍ക്ക്‌ ഞാന്‍ കണ്ടെങ്കിലും, പുല്ല്‌ പോലെ ഞാനത്‌ ഈ കണ്ണീക്കൂടെ കണ്ട്‌ മറ്റേ കണ്ണീക്കൂടെ കണ്ടില്ല എന്ന്‌ വെച്ചു.

എടീ മഹാപാപി നിന്നെ കാലപാമ്പ്‌ കൊത്തും, പളുങ്ക്‌ പളുങ്ക്‌ പോലിരിക്കുന്ന എന്നെ മഞ്ഞപിത്തക്കാരിയാക്കി അല്ലേ..

ഇപ്പൊ വെയ്റ്റിട്ടാല്‍ ഡയലോഗ്‌സ്‌ മിസ്സാവും. അവള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ ഒരു വട്ടം- ഒരു വട്ടം മാത്രം- എനിക്കും മഞ്ഞപിത്തം വരുത്തിക്കോളാന്‍ കോമ്പ്രമൈസ്‌ ആയി. വേണ്ടുവോളം ചിരിയും കഴിഞ്ഞ്‌ അവളെ ശബരി എക്സ്പ്രസ്സും കേറ്റി വിട്ട്‌ ഞാന്‍ ഓഫീസ്‌-ഇല്‍ പോയി.

ശുഭം.

പിറ്റേന്റെ പിറ്റേ ദിവസം ശനിയാഴ്ച. പകലുറക്കം കഴിഞ്ഞാല്‍ നഗര വീക്ഷണം പതിവുള്ളതാണ്‌. പതിവ്‌ പോലെ നെക്കലേസ്‌ റോഡില്‍ തേരാപ്പാര നടക്കുകയാണ്‌ ഞങ്ങള്‍ തരുണീ മണികള്‍. കടല കൊറിക്കുന്ന യുവ മിഥുനങ്ങള്‍, ബൈക്കില്‍ ചെത്തുന്ന ചിന്ന പയലുകള്‍, രസം കൊല്ലുന്ന പൌലോസ്‌ ഏമാന്മാരുടെ പട്രോളിംഗ്‌.

നോക്ക്യെ..ആ നിക്കുന്ന ആളെ പിന്നീന്ന്‌ കണ്ടിട്ട്‌ ഹരിഹരന്‍പിള്ളയെ പോലെയുണ്ട്‌ അല്ലെ സ്മിത?

ശരിയാ..

അയ്യോ.. എസ്കേപ്പ്‌.. എസ്കേപ്പ്‌

എങ്ങോട്ട്‌ എസ്കേപ്പാന്‍.. പിള്ള കണ്ടു കഴിഞ്ഞു.

ഹായ്‌, ബിരിയാണി.. നൈസ്‌ റ്റു മീറ്റ്‌ യു ഹിയര്‍. ബൈ ദ ബൈ ദിസ്‌ ഇസ്‌ യുവര്‍ റൂം മേറ്റ്‌ റൈറ്റ്‌...

ഏയ്‌... ഇതല്ല അത്‌... അതു വേറെ സ്മിത.. ഇത്‌... ആ സ്മിത ...ഇതു വേറെ സ്മിത...

(കഴിഞ്ഞ ഓഫീസ്‌ ഡേ-യില്‍ വെച്ചു ഇവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ എന്നെ തന്നെ പറഞ്ഞാല്‍ മതി.)

ഉരുണ്ട്‌ ഉരുണ്ട്‌ വല്ലാണ്ട്‌ ചീത്തയാക്കണ്ട.. പുതിയ ചുരിദാര്‍ അല്ലേ... സ്മിത പറയുന്നതായി എനിക്ക്‌ തോന്നി.

എനി വേ, എന്‍ജോയ്‌ ദ വീക്കെന്റ്‌.. ‍പിള്ള ഒരു കള്ളച്ചിരിയോടെ മൊഴിഞ്ഞത്‌ അങ്ങനെയാണ്‌ എന്നാണ്‌ സ്മിത ഇപ്പഴും ആണയിട്ടു പറയുന്നത്‌. പക്ഷെ ഞാന്‍ വ്യക്തമായിട്ട്‌ കേട്ടതാ.. കുത്തരിയൊന്നുമല്ലെങ്കിലും ഞാനും ഉണ്ണുന്നത്‌ ചോറാണ്‌ മോളേ.. എന്ന്‌.

Saturday, June 10, 2006

ട്രാഫിക്ക്‌ റൂള്‍സ്‌

കനിവേതുമില്ലാത്ത ക്രൂരാര്‍ക്ക കിരണങ്ങള്‍ എന്റെ തരള കരവല്ലരിയില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ഇരുകരങ്ങളിലും കരപടങ്ങള്‍ എടുത്തണിഞ്ഞു ഞാന്‍...

ഭഗവാനേ.. ഈ നിലക്കു നീങ്ങിയാല്‍ ബൂലോഗത്തില്‍ നിന്നെന്നെ പുറത്താക്കും എന്ന്‌ മൂന്നു തരം. അപ്പൊ പറഞ്ഞ്‌ വന്നത്‌ എന്താണെന്നു വെച്ചാല്‍, ആള്‍റെഡി ഗ്യാരണ്ടി കളറാണെങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി രണ്ട്‌ കയ്യിലും തോളൊപ്പം വരുന്ന കയ്യുറകള്‍ ഞാന്‍ വലിച്ചു കേറ്റി. ഒരു മയമില്ലാത്ത വെയിലാണെ ഇവിടെ മാര്‍ച്ച്‌ മുതല്‍ മെയ്‌ അവസാനം വരെ.. ഈ നട്ടപ്പറ വെയിലത്തും ഇവിടത്തെ ശ്യാമളകളും കോമളന്മാരും ഇതാണ്‌ പൂനിലാവ്‌ എന്ന മട്ടില്‍ പുല്ലു പോലെ നടക്കുന്നത്‌ കാണുമ്പോള്‍ തെലുങ്കന്റെ തൊലിക്കട്ടിയെ നമ്മള്‍ നമിച്ചു പോകും.

ഞാനാണെങ്കില്‍, കല്യണമൊക്കെ അടുത്തു വരല്ലെ.. താലി കെട്ടാന്‍ നേരത്ത്‌ ചെക്കന്‌ എന്റെ തിരുമുഖം കാണണമെങ്കില്‍ ടോര്‍ച്ച്‌ അടിച്ചു നോക്കെണ്ട ഗതികേട്‌ വരണ്ടല്ലോ എന്നോര്‍ത്ത്‌, കയ്യുറകളും കാലുറകളും ദുപ്പട്ട കൊണ്ട്‌ മുഖത്ത്‌ കണ്ണ്‌ മാത്രം കാണുന്ന വിധത്തില്‍ താലിബാന്‍ സ്റ്റൈലില്‍ ഒരു കെട്ടും, പിന്നെ ഹെല്‍മെറ്റും ഒക്കെ കൊണ്ട്‌ ചര്‍മ്മ സൌന്‌ദര്യം പരമാവധി കാത്തു സൂക്ഷിച്ചാണു സഞ്ചാരം.

പാരഡൈസ്‌ സിഗ്നല്‍. ഇത്‌ കടന്നു കിട്ടിയാല്‍ ശര്‍ര്‍ര്‍ര്‍ര്‍ എന്ന്‌ പറപ്പിക്കാം. കണക്കു പ്രകാരം 6 മിനുട്ടില്‍ ആപ്പീസില്‍. പച്ച കത്തുന്ന അവസരവും കാത്ത്‌ ("പൌലോസ്‌" ഏമാന്‍ നമ്മളെ കാണുന്നില്ല എന്ന ഏത്‌ അവസരവും നമുക്ക്‌ കടന്നു പോകാനുള്ള പച്ച ആണ്‌ ഹൈദരബാദില്‍) അങ്ങനെ നിക്കുമ്പൊ ദേ കിട്ടി പച്ച. എന്റെ ശകടം പാഞ്ഞു. ദോണ്ടെ കാണുന്ന ലൈഫ്‌ സ്റ്റൈല്‍ ഫ്ലൈഓവര്‍ കയറി ഇറങ്ങിയാല്‍ ഇടതു വശത്ത്‌ ആപ്പീസ്‌. പതുക്കെ, സൂക്ഷിച്ച്‌ ഒക്കെ വണ്ടി ഓടിക്കല്‍ വെറും സാധാരണ പെണ്ണുങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ളതാ.. ഞാന്‍ അങ്ങനെ സാധാരണ മുതല്‍ വല്ലതും ആണൊ.. ടെസ്റ്റ്‌ ഓട്ടോമേഷന്‍ ഒക്കെ ചെയ്യാ എന്നു പറഞ്ഞാല്‍ ചില്ലറ കാര്യം വല്ലതുമാണൊ.. എത്രയെത്ര കിടിലന്‍ ബഗ്‌ കുഞ്ഞുങ്ങളെ ആണ്‌ എന്റെ സ്ക്രിപ്റ്റ്‌സ്‌ കണ്ടു പിടിച്ച്‌ കഴുത്തറുക്കാന്‍ കൊടുത്തിരിക്കുന്നത്‌. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ കമ്പനി-ടെ ഒരു സ്ഥിതി!! ഏ ... തൊട്ടു മുന്നിലെ ആ ഓട്ടോ സഡന്‍ ബ്രേക്ക്‌ ഇട്ടൊ... ന്നൊരു.. ഡൌട്ട്‌. അല്ല. ഇട്ടു.. സ്ക്രീീീീീെച്ച്‌. ഓട്ടോ-ടെ പിന്നില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നമ്മടെ ഡേവിഡ്‌സണ്‍.. ലവന്‍ ആളു പുലിയാണു കേട്ടാ.. പിന്നെ ഞാന്‍ ആരാ മോള്‍. .ഠിഷൂം..ക്ലീങ്ങ്‌ ട്ടക്‌. അയ്‌.. ദെന്താ പ്പൊ ഇത്‌.. നേര്‍രേഖയില്‍ പോകുന്ന ഫ്ലൈഓവെറിന്‌ ലംബമായി ഇടതു വശം ചരിഞ്ഞു വിസ്തരിച്ചു കിടക്കുന്ന എന്നില്‍ നിന്നു ഒരു 45 ഡിഗ്രി വലത്തോട്ടു ചരിഞ്ഞ്‌ എന്റെ ഇടതു കാലിനു മുകളിലായി എന്റെ ഡേവിഡ്‌സണ്‍ . അതായിരുന്നു കറന്റ്‌ സ്റ്റാറ്റസ്‌. കേരളവര്‍മ്മ കോളേജ്‌ ഭാഷയില്‍ പറഞ്ഞാല്‍, നല്ല ബെസ്റ്റ്‌ "തളക്കൂറ". ഓഹോ... അപ്രതീക്ഷിതമായി പിന്നില്‍ നിന്നുള്ള ആക്രമണം. ശത്രു ഒരു ഹോണ്ട സിറ്റി ആണ്‌. മാനേജര്‍ക്ക്‌ cc വെച്ചുകൊണ്ട്‌ ക്ലൈന്റ്‌ അയക്കുന്ന തെറി മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു ചമ്മല്‍ പോലെ ഒരു ചമ്മല്‍ ഉണ്ടായതൊഴിച്ചാല്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്നെനിക്കപ്പഴെ മനസ്സിലായി. എന്നാലും നമ്മള്‍ പടിച്ച കുറെ പാഠങ്ങള്‍ ഇല്ലെ.. അതു പ്രകാരം, നമ്മള്‍ ഇടിച്ചതായാലും,നമ്മളെ ഇടിച്ചതായാലും, മറുകക്ഷി നമ്മളേക്കാള്‍ വലിയ വാഹനമാണെങ്കില്‍, തൊലിയേ പോയിട്ടുള്ളൂ എങ്കിലും തല പോയ ഒരു എഫ്ഫെക്റ്റ്‌ ഇടണം എന്നും, എന്നാല്‍ മറുകക്ഷി നമ്മളെക്കാള്‍ ചെറിയ വാഹനം ആണെങ്കില്‍ തല പോയിട്ട്‌ വാലു പോലും ബാക്കി വെക്കാതെ ഉടന്‍ സ്ഥലം കാലിയാക്കണം എന്നും ആണ്‌. സംശയം ഉള്ളവര്‍ക്ക്‌ ഡ്രൈവേര്‍സ്ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം 16:25:34 വായിച്ച്‌ നോക്കാം.

ഹോണ്ട സിറ്റിക്കാരന്‍ കൃഷ്ണഗുഡിയിലെ മഞ്ചുവാരിയരെ പോലെ ഇപ്പൊ ഇറങ്ങി വന്ന്‌ കുട്ടി എണീക്കലു, വണ്ടി ഞാന്‍ പൊക്കലു,എന്നു പറയുന്നതും കാത്ത്‌ ഞാനങ്ങനെ ലൈഫ്‌ സ്റ്റൈല്‍ ഓവര്‍ബ്രിഡ്ജില്‍ സ്റ്റൈല്‍ ആയി കിടപ്പാണ്‌. ചേട്ടന്‍ ദേ ഇറങ്ങി വരുന്നു..

ആര്‍ യു ഓക്കെ?

എന്തോന്ന്‌ ഓക്കെ? ദേ കണ്ടില്ലേ, കാല്‍ ഒടിഞ്ഞൂന്നാ തോന്നണെ.., പിന്നെ തലക്ക്‌ ഒരു MRI എടുക്കേണ്ടി വരും, ഒരു 5000 മണീസ്‌ ഇങ്ങു പോരട്ടെ എന്നൊക്കെ പറയാന്‍ വിചാരിച്ച ഞാന്‍ മൊഴിഞ്ഞത്‌.

യെസ്‌ സര്‍, അയാം ഓക്കെ.

ദേ കിടക്കണ്‌

ദെന്‍ കീപ്‌ യുവര്‍ വെഹിക്കിള്‍ അസൈഡ്‌. സീ ഇറ്റ്‌സ്‌ എ ട്രാഫ്ഫിക്‌ ജാം.

ഞാന്‍ പതുക്കെ എണീറ്റ്‌ പിന്നാക്കം നോക്കിയപ്പൊ.. S.P. റോഡ്‌ ഇങ്ങ്‌ ബേഗംപേട്ട്‌ മുതല്‍ അങ്ങ്‌ സെക്കന്തരാബാദ്‌ വരെ എന്റെ ഒരാളുടെ ചലനത്തിനായി കാത്തു നില്‍ക്കുന്ന കാഴ്ച. ഞാന്‍ രോമാഞ്ച കഞ്ചുകിയായി.. മഞ്ചീര ശിഞ്ചിതമായി.. പിന്നെ എന്തൊക്കെയോ ആയി.. വണ്ടി പൊക്കി സൈഡിലേക്ക്‌ നീക്കി വെച്ചു. ഹോണ്ട സിറ്റി ചേട്ടനും കാര്‍ സൈഡ്‌ ആക്കി ഇട്ടിട്ട്‌ എന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിക്കാന്‍ വരുമ്പൊ MRI Scan ന്റെ കാര്യം... ഏ....എവിടെ ഹോണ്ട സിറ്റി?

ഡ്രൈവേര്‍സ്‌ ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം പഠിച്ചിട്ടാ മോളേ ഞാനും ഈ പണിക്കിറങ്ങിയത്‌ എന്നായിരുന്നു നൂറെ നൂറില്‍ പാഞ്ഞു പോയ ആ കാറിന്റെ പിന്നില്‍ എഴുതി വെച്ചിരുന്നത്‌.

വാല്‍ക്കഷ്ണം: താലിബാന്‍ സ്റ്റൈലും കൈകാലുറകളും, ഹെല്‍മെറ്റും കാരണമാണ്‌ പെയിന്റൊന്നും പോകാതെ ഇപ്പഴും സുന്ദരിയായി ഇരിക്കുന്നത്‌. നമ്മുടെ ബൂലോഗ ടൂ വീലര്‍മാരോട്‌ എന്റെ ആത്മാര്‍ത്ഥമായ റെക്കമെണ്ടേഷന്‍. Wear Helmet.

Friday, June 09, 2006

ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉറക്കം വന്നല്‍ പിന്നെ ഓഫീസില്‍ ഇരിക്കുന്നത്‌ വേസ്റ്റജ്‌ ഓഫ്‌ മാന്‍ പവര്‍ ആണെന്നാണ്‌ എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ്‌ മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച്‌ സിറ്റിക്ക്‌ നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്‌ലി ഡേവിഡ്‌സണ്‍ എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 മിനുട്ടിനകം സ്വഗൃഹം പൂകി പകലുറക്കം തുടങ്ങാന്‍ എനിക്കു സാധിച്ചു വരുന്നു. പോരുമ്പൊള്‍ ഉള്ളു പൊള്ളയായ എന്റെ പൊങ്ങച്ച സഞ്ചി എന്റെ ഡെസ്കില്‍ എല്ലാവര്‍ക്കും വൃത്തിയായി കാണത്തക്ക വിധം പ്രതിഷ്ടിച്ചിട്ടു പോരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കണ്ടു എന്റെ മാനേജര്‍ അദ്ദ്യെം നിര്‍വൃതിയടഞ്ഞോളും എന്നു എനിക്കറിയാം. ഞാന്‍ അവിടെ ക്യാന്റീനിലൊ ചായകുടി/പരദൂഷണ മൂലയിലൊ മറ്റൊ കാണുമെന്നൊര്‍ത്തോളും. അങ്ങേര്‍ക്കു എല്ലാവരും ഓഫീസിലൊ പരിസരത്തൊ ഉണ്ടായാല്‍ മതി. ജോലി ഇല്ലെങ്കിലും ഒരു 8- 8.30 വരെ എങ്കിലും എല്ലാവരും ഓഫീസില്‍ ഇരുന്നാല്‍ മതി. ഹരിഹരന്‍ പിള്ള ഹാപ്പി. ഇനിയിപ്പൊ എന്തെങ്കിലും അത്യാഹിതത്തിന്‌ അങ്ങേര്‍ക്ക്‌ എന്നെ നേരിട്ട്‌ വിളിപ്പിച്ച്‌ എന്തെങ്കിലും പണി തരാന്‍ തോന്നിയാല്‍ തന്നെ എന്റെ വിശ്വസ്ത മിത്രങ്ങള്‍ക്ക്‌ പോകുന്നത്‌ കമ്പനി ചെലവില്‍ ഒരു ഫോണ്‍ കോള്‍ മാത്രം. നിദ്രാഭംഗം ചന്ദിക സോപ്പിട്ടു കഴുകി നിദ്രാലസ്യത്തിനു മെല്‍ ഫെയര്‍ ആന്റ്‌ ലവ്‌ലി പൂശി ഹാഡ്‌ലി ഡേവിഡ്‌സണ്‍-നെ ഒന്നു തലോടിയാല്‍ എന്റെ സീറ്റില്‍ ഇരുന്നു why these scripts are failing എന്ന് ചിന്താമഗ്നയാവാന്‍ എനിക്കു 10 മിനിറ്റ്‌ പോലും വേണ്ട.

ഈ പ്രക്രിയ ഞാന്‍ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എങ്കിലും ഇതിലെനിക്കൊരു ചെറിയ മനപ്രയാസം ഇല്ലാതില്ല. ഹാവൂ.. ഓഫീസ്‌ സമയത്തു വീട്ടില്‍ പോയി കിടന്നുറങ്ങി കമ്പനിയെ പറ്റിക്കുന്നതിന്‌ കശ്മലക്ക്‌ അല്‍പം മനസാക്ഷി കുത്തെങ്കിലും ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍ വരട്ടെ. എന്റെ ഓരൊ ഗൃഹപ്രവേശത്തിലും ഞാന്‍ മലയാളത്തില്‍ അടിക്കുന്ന കോളിംഗ്‌ ബെല്‍ കേട്ട്‌ വന്നു വാതില്‍ തുറന്നു തരുമ്പോള്‍ ഉറക്കം നഷ്ടപെടുന്ന എന്റെ സഹമുറിയത്തി- അതായത്‌ സഹവീടത്തി-യെ ഓര്‍ത്തു മാത്രമാണ്‌ എനിക്ക്‌ വിഷമം. ഞാനും അവളും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ട്‌, ഞങ്ങള്‍ക്ക്‌ രണ്ട്‌. മുറികളാണേ. പിന്നെ ഒരടുക്കള, ഒരു ഹാള്‍, രണ്ടു കുളിമുറി. സുഖം. സ്വസ്‌തം. വ്യത്യാസം ഞങ്ങളുടെ രാപ്പകലുകള്‍ മാത്രം. അവളുടെ രാത്രി എന്റെ പകല്‍. തിരിച്ചും. ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ അമേരിക്കന്‍ സമയത്തു ജോലി ചെയ്യുന്നതു മൂലം അവള്‍ രാത്രിഞ്ചരയാണ്‌, മൂങ്ങയാണ്‌, വവ്വാല്‍ ആണ്‌. രക്തരക്ഷസ്സാണൊ ആവൊ. എന്തായാലും വീടിന്റെ വാടക ചീട്ട്‌ എന്റെ പേരില്‍ എഴുതിയതിന്റെ ബഹുമനം കൊണ്ടൊ എന്തൊ എന്റെ ഈ 'അപധ' സഞ്ചാരം അവള്‍ നിശബ്ദം സഹിച്ചു പോന്നു. ഈ അടുത്ത കാലം വരെ.

ഒരു പാതിരാത്രിക്ക്‌ അവള്‍ക്കും ബുദ്ധി ഉദിച്ചു. എന്റെ ഓഫീസിനെക്കാള്‍ അടുത്താണ്‌ അവളുടെ ഓഫീസ്‌ എന്ന് കണക്കു കൂട്ടാനുള്ള വിവരം വെച്ചു. എതു നട്ടുച്ചക്കും (അവള്‍ടെ നട്ടുച്ച നമുക്കു നട്ടപാതിര) വീട്ടില്‍ കൊണ്ടു വിടാന്‍ കമ്പനി വക ശകടം റെഡിയും. തീര്‍ന്നില്ലെ കാര്യം. ഞാന്‍ എന്റെ കണവനോട്‌- അല്ല കണവന്‍ ആവാന്‍ പോകുന്നവനോട്‌- ഗൂഗിള്‍ ടോക്ക്‌ വഴി കിന്നാരം, പഞ്ചാര ശര്‍ക്കര ഒക്കെ കഴിഞ്ഞു കിടന്നാല്‍ ഒരു കമ്മെഴ്സിയല്‍ ബ്രേക്ക്‌ പോലും കഴിയണ്ട, അപ്പഴെക്കും കേള്‍ക്കാം കോളിംഗ്‌ ബെല്‍ മലയാളത്തില്‍.. കിറ്റ്റ്ര്‍. എത്ര ഭാവനാ സുന്ദരമായ പകരം വീട്ടല്‍.

അന്നും പതിവു പോലെ ഞാനെന്റെ കൂട്ടുകാരനുമായി വിരഹ ദുഖം പങ്കിടല്‍, വിവാഹത്തിന്‌ ഇനിയും ബാക്കിയുള്ള ദിവസങ്ങല്‍ എണ്ണല്‍, നെടുവീര്‍പ്പുകള്‍, തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ്‍ നിറയുന്ന സംഭാഷണം കഴിഞ്ഞു പതിവിലും വൈകി ഉറങ്ങാന്‍ കിടക്കുന്നു . അധികം കഴിയും മുന്‍പെ അതാ ആ ചിരപരിചിതവും കര്‍ണ്ണ പുളകിതവുമായ കിറ്റ്റ്റ്റ്റ്റ്ര്‍. കണ്ണ്‌ ഒരു പൊടി തുറക്കാന്‍ പറ്റുന്നില്ല. അധികം തുറന്നാല്‍ ഉള്ള ഉറക്കം പോയാലൊ എന്നു പേടിച്ച്‌ തുറന്നു തുറന്നില്ല എന്ന ഒരു ഗ്യാപില്‍ കൂടി കണ്ട സമയം 4 മണി. വാങ്ങുന്ന ശമ്പളതിനോടു യതൊരു ആത്മാര്‍ത ഇല്ലാത്ത സാധനം എന്നൊക്കെ അവളെ പ്രാകി ഞാന്‍ എണീറ്റ്‌ ലൈറ്റ്‌ പോലും ഇടാതെ ചെന്നു വാതില്‍ തുറക്കുന്നു. തിരിഞ്ഞു നടക്കുന്നു. വീണ്ടും കിടക്കയില്‍ ഫ്ലാറ്റ്‌. ഇനി വാതില്‍ അടക്കേണ്ടതും മറ്റും മറ്റും അവളുടെ ജോലിയാകുന്നു. തുറന്നിട്ടില്ലാത്തതു കൊണ്ടു കണ്ണ്‌ അടക്കേണ്ട പണി പോലും ചെയ്യേണ്ടി വന്നില്ല, ഞാന്‍ വീണ്ടും പത്തര കട്ടയില്‍ കൂര്‍ക്കം വലി തുടങ്ങി.

ഇതെന്താ വീണ്ടും കോളിംഗ്‌ ബെല്‍? ഒന്ന്‌.. രണ്ട്‌.. മൂന്നാം വട്ടം ഒരു കണ്ണ്‌ പകുതി തുറന്നു. എന്തൊ ഒരു പന്തികേടിന്റെ മണം. ഒരു തെലുങ്കു ചുവയുണ്ടോ ബെല്ലിന്‌... പതുക്കെ എണീറ്റു ഹാളില്‍ വന്നപ്പൊള്‍ കണ്ണ്‌ രണ്ടും പഴയ അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ പോലെ പുറത്തേക്ക്‌...ടീീീീം. തുറന്നു കിടന്ന വാതിലിലൂടെ കടന്നു വരുന്ന അരണ്ട വെളിച്ചത്തില്‍ അതാ ഒരു ആജാനബാഹു. എന്റെ ഉള്ളീന്നു ഒരു കിളി അല്ല എല്ലാ കിളികളും ഒരുമിച്ചാ പറന്നു പോയത്‌ എന്റെ പൊന്നൂ... മലയാളി യുവതി ഹൈദരബാദില്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു, സോഫ്റ്റ്‌ വെയര്‍ എഞ്ജിനിയരുടെ ദാരുണ മരണം,സ്വപ്നങ്ങള്‍ ബാക്കി വെച്ച്‌ അവള്‍ യാത്രയായി...പല തരത്തിലുള്ള പത്ര തലക്കെട്ടുകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയപ്പൊള്‍ ഏതു പോസില്‍ തല കറങ്ങി വീഴണം എന്നു തീരുമാനം എടുക്കുന്നതിനു മുന്‍പ്‌ ആജാനബാഹുവിന്റെ നരുന്ത്‌ ശബ്ദം.. തെലുങ്കില്‍. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ. പാലിന്റെ കാശ്‌ വാങ്ങാന്‍ വന്നതാ അമ്മാ... എന്ന്. അവന്റെ ഒടുക്കത്തെ ... ശ്വാസം നേരെ വീണതും ഞാന്‍ മലയാളത്തില്‍ തെറി പറഞ്ഞ്‌ വാതില്‍ വലിച്ചടച്ചതും എല്ലാം കൂടി 1 സെക്കന്റില്‍ കൂടുതല്‍ എടുത്തില്ല. ആ മാസം പാലിനു കാശു വാങ്ങാന്‍ പിന്നെ ആരും വന്നില്ല.

പാവം പുതിയ ആളായിരുന്നു. എന്നും കാലത്തു 4 മണിക്കു പാല്‍ ഇടുമെങ്കിലും മാസാമാസം കാശു വാങ്ങാന്‍ വരുന്നതു എതെങ്കിലും ശനിയാഴച പകല്‍ സമയത്താണ്‌. കൂടുതല്‍ വരുന്ന ഒരു നടത്തം ലാഭിക്കാന്‍ വേണ്ടി നമ്മുടെ ആജാനബാഹു ചെയ്ത എളുപ്പവഴിയാണ്‌ ഈ തെലുങ്കു ബെല്ലടി. എന്തായാലും ഈ സംഭവം പിന്നീടോര്‍ക്കുമ്പൊള്‍ ഒരു ഉള്‍കിടിലം ആണ്‌.. അയാള്‍ നല്ലവനായിരുന്നില്ലെങ്കില്‍... സ്ത്രീപീഡനം, വാണിഭം, കൊലപാതകം, തിരിച്ചറിയല്‍ പരേഡ്‌.. എന്റമ്മൊ!!!!!

Thursday, June 08, 2006

വണ്ടി വിടല്ലേ.......... ആള്‍ കേറാനുണ്ടേ...

ചില കാര്യങ്ങള്‍ മലയാളത്തില്‍ എഴുതിയാലെ ശരിയാവൂ എന്ന് എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ എത്ര ശരിയാണെന്ന് മനസ്സിലായപ്പൊ തുടങ്ങിയ ഇരിക്കപൊറുതി ഇല്ലായ്മയാണു. ദേ ഞാനും തുടങ്ങാന്‍ പോണു ട്ടാ.. എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഒന്നു ആഞ്ഞ്‌ അനുഗ്രഹിച്ചേ..കുട്ട്യോളൊക്കെ വരി വരി ആയി നില്‍ക്കു. ഇമ്മടെ ഹൈദരാബാദിലും ഇണ്ടെ ഇമ്മിണി ബിശെശങ്ങള്‍....