Friday, June 09, 2006

ആ തണുത്ത വെളുപ്പാന്‍ കാലത്ത്‌

ഉറക്കം വന്നല്‍ പിന്നെ ഓഫീസില്‍ ഇരിക്കുന്നത്‌ വേസ്റ്റജ്‌ ഓഫ്‌ മാന്‍ പവര്‍ ആണെന്നാണ്‌ എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ്‌ മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച്‌ സിറ്റിക്ക്‌ നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്‌ലി ഡേവിഡ്‌സണ്‍ എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 മിനുട്ടിനകം സ്വഗൃഹം പൂകി പകലുറക്കം തുടങ്ങാന്‍ എനിക്കു സാധിച്ചു വരുന്നു. പോരുമ്പൊള്‍ ഉള്ളു പൊള്ളയായ എന്റെ പൊങ്ങച്ച സഞ്ചി എന്റെ ഡെസ്കില്‍ എല്ലാവര്‍ക്കും വൃത്തിയായി കാണത്തക്ക വിധം പ്രതിഷ്ടിച്ചിട്ടു പോരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കണ്ടു എന്റെ മാനേജര്‍ അദ്ദ്യെം നിര്‍വൃതിയടഞ്ഞോളും എന്നു എനിക്കറിയാം. ഞാന്‍ അവിടെ ക്യാന്റീനിലൊ ചായകുടി/പരദൂഷണ മൂലയിലൊ മറ്റൊ കാണുമെന്നൊര്‍ത്തോളും. അങ്ങേര്‍ക്കു എല്ലാവരും ഓഫീസിലൊ പരിസരത്തൊ ഉണ്ടായാല്‍ മതി. ജോലി ഇല്ലെങ്കിലും ഒരു 8- 8.30 വരെ എങ്കിലും എല്ലാവരും ഓഫീസില്‍ ഇരുന്നാല്‍ മതി. ഹരിഹരന്‍ പിള്ള ഹാപ്പി. ഇനിയിപ്പൊ എന്തെങ്കിലും അത്യാഹിതത്തിന്‌ അങ്ങേര്‍ക്ക്‌ എന്നെ നേരിട്ട്‌ വിളിപ്പിച്ച്‌ എന്തെങ്കിലും പണി തരാന്‍ തോന്നിയാല്‍ തന്നെ എന്റെ വിശ്വസ്ത മിത്രങ്ങള്‍ക്ക്‌ പോകുന്നത്‌ കമ്പനി ചെലവില്‍ ഒരു ഫോണ്‍ കോള്‍ മാത്രം. നിദ്രാഭംഗം ചന്ദിക സോപ്പിട്ടു കഴുകി നിദ്രാലസ്യത്തിനു മെല്‍ ഫെയര്‍ ആന്റ്‌ ലവ്‌ലി പൂശി ഹാഡ്‌ലി ഡേവിഡ്‌സണ്‍-നെ ഒന്നു തലോടിയാല്‍ എന്റെ സീറ്റില്‍ ഇരുന്നു why these scripts are failing എന്ന് ചിന്താമഗ്നയാവാന്‍ എനിക്കു 10 മിനിറ്റ്‌ പോലും വേണ്ട.

ഈ പ്രക്രിയ ഞാന്‍ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എങ്കിലും ഇതിലെനിക്കൊരു ചെറിയ മനപ്രയാസം ഇല്ലാതില്ല. ഹാവൂ.. ഓഫീസ്‌ സമയത്തു വീട്ടില്‍ പോയി കിടന്നുറങ്ങി കമ്പനിയെ പറ്റിക്കുന്നതിന്‌ കശ്മലക്ക്‌ അല്‍പം മനസാക്ഷി കുത്തെങ്കിലും ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍ വരട്ടെ. എന്റെ ഓരൊ ഗൃഹപ്രവേശത്തിലും ഞാന്‍ മലയാളത്തില്‍ അടിക്കുന്ന കോളിംഗ്‌ ബെല്‍ കേട്ട്‌ വന്നു വാതില്‍ തുറന്നു തരുമ്പോള്‍ ഉറക്കം നഷ്ടപെടുന്ന എന്റെ സഹമുറിയത്തി- അതായത്‌ സഹവീടത്തി-യെ ഓര്‍ത്തു മാത്രമാണ്‌ എനിക്ക്‌ വിഷമം. ഞാനും അവളും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ട്‌, ഞങ്ങള്‍ക്ക്‌ രണ്ട്‌. മുറികളാണേ. പിന്നെ ഒരടുക്കള, ഒരു ഹാള്‍, രണ്ടു കുളിമുറി. സുഖം. സ്വസ്‌തം. വ്യത്യാസം ഞങ്ങളുടെ രാപ്പകലുകള്‍ മാത്രം. അവളുടെ രാത്രി എന്റെ പകല്‍. തിരിച്ചും. ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ അമേരിക്കന്‍ സമയത്തു ജോലി ചെയ്യുന്നതു മൂലം അവള്‍ രാത്രിഞ്ചരയാണ്‌, മൂങ്ങയാണ്‌, വവ്വാല്‍ ആണ്‌. രക്തരക്ഷസ്സാണൊ ആവൊ. എന്തായാലും വീടിന്റെ വാടക ചീട്ട്‌ എന്റെ പേരില്‍ എഴുതിയതിന്റെ ബഹുമനം കൊണ്ടൊ എന്തൊ എന്റെ ഈ 'അപധ' സഞ്ചാരം അവള്‍ നിശബ്ദം സഹിച്ചു പോന്നു. ഈ അടുത്ത കാലം വരെ.

ഒരു പാതിരാത്രിക്ക്‌ അവള്‍ക്കും ബുദ്ധി ഉദിച്ചു. എന്റെ ഓഫീസിനെക്കാള്‍ അടുത്താണ്‌ അവളുടെ ഓഫീസ്‌ എന്ന് കണക്കു കൂട്ടാനുള്ള വിവരം വെച്ചു. എതു നട്ടുച്ചക്കും (അവള്‍ടെ നട്ടുച്ച നമുക്കു നട്ടപാതിര) വീട്ടില്‍ കൊണ്ടു വിടാന്‍ കമ്പനി വക ശകടം റെഡിയും. തീര്‍ന്നില്ലെ കാര്യം. ഞാന്‍ എന്റെ കണവനോട്‌- അല്ല കണവന്‍ ആവാന്‍ പോകുന്നവനോട്‌- ഗൂഗിള്‍ ടോക്ക്‌ വഴി കിന്നാരം, പഞ്ചാര ശര്‍ക്കര ഒക്കെ കഴിഞ്ഞു കിടന്നാല്‍ ഒരു കമ്മെഴ്സിയല്‍ ബ്രേക്ക്‌ പോലും കഴിയണ്ട, അപ്പഴെക്കും കേള്‍ക്കാം കോളിംഗ്‌ ബെല്‍ മലയാളത്തില്‍.. കിറ്റ്റ്ര്‍. എത്ര ഭാവനാ സുന്ദരമായ പകരം വീട്ടല്‍.

അന്നും പതിവു പോലെ ഞാനെന്റെ കൂട്ടുകാരനുമായി വിരഹ ദുഖം പങ്കിടല്‍, വിവാഹത്തിന്‌ ഇനിയും ബാക്കിയുള്ള ദിവസങ്ങല്‍ എണ്ണല്‍, നെടുവീര്‍പ്പുകള്‍, തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ്‍ നിറയുന്ന സംഭാഷണം കഴിഞ്ഞു പതിവിലും വൈകി ഉറങ്ങാന്‍ കിടക്കുന്നു . അധികം കഴിയും മുന്‍പെ അതാ ആ ചിരപരിചിതവും കര്‍ണ്ണ പുളകിതവുമായ കിറ്റ്റ്റ്റ്റ്റ്ര്‍. കണ്ണ്‌ ഒരു പൊടി തുറക്കാന്‍ പറ്റുന്നില്ല. അധികം തുറന്നാല്‍ ഉള്ള ഉറക്കം പോയാലൊ എന്നു പേടിച്ച്‌ തുറന്നു തുറന്നില്ല എന്ന ഒരു ഗ്യാപില്‍ കൂടി കണ്ട സമയം 4 മണി. വാങ്ങുന്ന ശമ്പളതിനോടു യതൊരു ആത്മാര്‍ത ഇല്ലാത്ത സാധനം എന്നൊക്കെ അവളെ പ്രാകി ഞാന്‍ എണീറ്റ്‌ ലൈറ്റ്‌ പോലും ഇടാതെ ചെന്നു വാതില്‍ തുറക്കുന്നു. തിരിഞ്ഞു നടക്കുന്നു. വീണ്ടും കിടക്കയില്‍ ഫ്ലാറ്റ്‌. ഇനി വാതില്‍ അടക്കേണ്ടതും മറ്റും മറ്റും അവളുടെ ജോലിയാകുന്നു. തുറന്നിട്ടില്ലാത്തതു കൊണ്ടു കണ്ണ്‌ അടക്കേണ്ട പണി പോലും ചെയ്യേണ്ടി വന്നില്ല, ഞാന്‍ വീണ്ടും പത്തര കട്ടയില്‍ കൂര്‍ക്കം വലി തുടങ്ങി.

ഇതെന്താ വീണ്ടും കോളിംഗ്‌ ബെല്‍? ഒന്ന്‌.. രണ്ട്‌.. മൂന്നാം വട്ടം ഒരു കണ്ണ്‌ പകുതി തുറന്നു. എന്തൊ ഒരു പന്തികേടിന്റെ മണം. ഒരു തെലുങ്കു ചുവയുണ്ടോ ബെല്ലിന്‌... പതുക്കെ എണീറ്റു ഹാളില്‍ വന്നപ്പൊള്‍ കണ്ണ്‌ രണ്ടും പഴയ അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ പോലെ പുറത്തേക്ക്‌...ടീീീീം. തുറന്നു കിടന്ന വാതിലിലൂടെ കടന്നു വരുന്ന അരണ്ട വെളിച്ചത്തില്‍ അതാ ഒരു ആജാനബാഹു. എന്റെ ഉള്ളീന്നു ഒരു കിളി അല്ല എല്ലാ കിളികളും ഒരുമിച്ചാ പറന്നു പോയത്‌ എന്റെ പൊന്നൂ... മലയാളി യുവതി ഹൈദരബാദില്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു, സോഫ്റ്റ്‌ വെയര്‍ എഞ്ജിനിയരുടെ ദാരുണ മരണം,സ്വപ്നങ്ങള്‍ ബാക്കി വെച്ച്‌ അവള്‍ യാത്രയായി...പല തരത്തിലുള്ള പത്ര തലക്കെട്ടുകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയപ്പൊള്‍ ഏതു പോസില്‍ തല കറങ്ങി വീഴണം എന്നു തീരുമാനം എടുക്കുന്നതിനു മുന്‍പ്‌ ആജാനബാഹുവിന്റെ നരുന്ത്‌ ശബ്ദം.. തെലുങ്കില്‍. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ. പാലിന്റെ കാശ്‌ വാങ്ങാന്‍ വന്നതാ അമ്മാ... എന്ന്. അവന്റെ ഒടുക്കത്തെ ... ശ്വാസം നേരെ വീണതും ഞാന്‍ മലയാളത്തില്‍ തെറി പറഞ്ഞ്‌ വാതില്‍ വലിച്ചടച്ചതും എല്ലാം കൂടി 1 സെക്കന്റില്‍ കൂടുതല്‍ എടുത്തില്ല. ആ മാസം പാലിനു കാശു വാങ്ങാന്‍ പിന്നെ ആരും വന്നില്ല.

പാവം പുതിയ ആളായിരുന്നു. എന്നും കാലത്തു 4 മണിക്കു പാല്‍ ഇടുമെങ്കിലും മാസാമാസം കാശു വാങ്ങാന്‍ വരുന്നതു എതെങ്കിലും ശനിയാഴച പകല്‍ സമയത്താണ്‌. കൂടുതല്‍ വരുന്ന ഒരു നടത്തം ലാഭിക്കാന്‍ വേണ്ടി നമ്മുടെ ആജാനബാഹു ചെയ്ത എളുപ്പവഴിയാണ്‌ ഈ തെലുങ്കു ബെല്ലടി. എന്തായാലും ഈ സംഭവം പിന്നീടോര്‍ക്കുമ്പൊള്‍ ഒരു ഉള്‍കിടിലം ആണ്‌.. അയാള്‍ നല്ലവനായിരുന്നില്ലെങ്കില്‍... സ്ത്രീപീഡനം, വാണിഭം, കൊലപാതകം, തിരിച്ചറിയല്‍ പരേഡ്‌.. എന്റമ്മൊ!!!!!

30 comments:

ദേവന്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം ബിരിയാണിക്കുട്ടി. (കണവന്‍-ഇന്‍-പ്രോഗ്രസ്സിനോടും ഒരു ബ്ലോഗ്ഗു തുറക്കാന്‍ പറയൂ..)

ജേക്കബ്‌ said...

സ്വാഗതം

Kuttyedathi said...

ബിരിയാണികുട്ടിക്കു സ്വാഗതം. ഓഫീസിനടുത്തു വീടുണ്ടെങ്കിലുള്ള ഗുണമിതാണല്ലേ. (ആരോടും പറയണ്ട, ഞാനുമിതേ പണി ചെയ്യാറുണ്ട്‌. കള്ളന്മാര്‍ക്കെല്ലാം ഒരേ ലക്ഷണം, എന്നു പറഞ്ഞ പോലെ, ഞനൌം ബാഗെടുത്തു കാണത്തക്ക രീതിയില്‍ വച്ച്‌, എന്റെ ജായ്കറ്റും, ഇരിക്കുന്ന സീറ്റില്‍ തന്നെ വിരിച്ചിട്ട്‌, സിസ്റ്റം വെറുതെ ലോക്ക്‌ ചെയ്തൊരു മുങ്ങലു മുങ്ങും. മാനേജരു വന്നു നോക്കി, ഞാന്‍ കഫെറ്റീരിയായിലാരിക്കും എന്നോര്‍ത്ത്‌ പൊക്കോളും)

നന്നായി എഴുതിയിരിക്കുന്നു കേട്ടോ. ഹൈദരാബാദ്‌ ബിരിയാണി ആണോ പ്രിയങ്കരം ? ഹൈദരബാദ്‌ ഹൌസിലെ ബിരിയാണി കഴിച്ചിട്ടുണ്ടോ ? ഭാവി കണവനോടും ബ്ലോഗാന്‍ പറയൂ. (ബിരിയാണികുട്ടി പറയുന്നതൊക്കെ ശരിയാണോന്നു ഞങ്ങള്‍ക്കവിടെ ചോദിച്ചു കണ്‍ഫേം ചെയ്യാമല്ലോ :) പിന്മൊഴികളിലൊക്കെ ചേര്‍ന്നോ ? ഇല്ലെങ്കില്‍ thanimalayalam.org ഇല്‍ settings for blogger.com users ഇല്‍ പറഞ്ഞിരിക്കുന്ന സെറ്റിങ്ങ്സ്‌ ചെയ്യൂ കേട്ടോ.

Word verification um ittOLoottO.

അരവിന്ദ് :: aravind said...

കൊള്ളാലോ ബിരിയാണി കുട്ടീ :-))
നല്ല ഹ്യൂമര്‍ സെന്‍സ്..:-))
സ്വാഗതം സ്വാഗതം..
ഹൈദ്രാബാദ് എന്നു കേള്‍ക്കുമ്പോള്‍ ഒരു നൊസ്റ്റാള്‍ജ്യ..
ബേഗം പേട്ട്, രാജ് ഭവന്‍ റോഡിലെ ടി.എസ്.ആര്‍ ടവേഴ്സ്, പാരഡൈസ്, പഞ്ചഗുട്ട etc etc...പിന്നെ ബിരിയാണിയും. :-)
അതൊക്കെ ഒരു കാലം.

ദേവന്‍ said...

ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരെണ്ണത്തിനെ നമ്മടെ സ്വപ്ന ഓടിച്ചിട്ട്‌ പിടിച്ചത്‌ ദാ ഇവിടെ ഉണ്ട്‌ താര

Manjithkaini said...

കൊള്ളാം രസമുള്ള എഴുത്ത്. ഈ ബൂലോകത്തില്‍ രസകരമായി എഴുതാനറിയാത്തവനായി ഞാന്‍ മാത്രമേ ഉള്ളൂ എന്നു തോന്നണൂ :(

മലയാളത്തില്‍ എഴുതാന്‍ പറഞ്ഞ ടിയാനെ പിന്നെ ഈ വഴി കണ്ടിട്ടില്ലല്ലോ?

ഒരു ബിരിയാണിയൊക്കെക്കൊടുത്ത് വിളിച്ചോണ്ടുവാ...

തണുപ്പന്‍ said...

ബിരിയാണിക്കൂട്ടീ...
നല്ല കോഴിക്കോടന്‍ ബിരിയാണി പോലുള്ള ഭാഷ, ബ്ലോഗുലകത്തിലേക്ക് സ്വാഗതം.

ബിന്ദു said...

നല്ല രസം വായിക്കന്‍, വേഗം ഇടൂ അടുത്തതു.. ഒരു ബിരിയാണി കിട്ടാനെന്ത ഒരു വഴി എന്നാലോചിച്ചിരിക്കുക ആയിരുന്നു :)

പാപ്പാന്‍‌/mahout said...

ബി. കുട്ടീ, നല്ല എഴുത്ത്. രസത്തോടെ വായിച്ചു (ശ്ശെ, ബിരിയാണീടെ കൂടെ രസം ഒരു കോംബിനേഷനാണോ എന്തോ...)

Adithyan said...

വെല്‍ക്കം ടു ദി ബ്ലൊഗ്‌ വേള്‍ഡ്‌... നൈസ്റ്റുമീറ്റ്യൂ...

എല്ലാം ഒക്കെ. ഒരു ‘ഹാര്‍‌ലി ഡേവിഡ്‌സണ്‍‘ മാത്രം ഇടയ്ക്കു കടിച്ചാല്‍ പൊട്ടാതെ കിടക്കുന്നു...

ഹാര്‍ലി ഓടിയ്ക്കുന്ന ലേഡി...അതും നമ്മ ഇന്ത്യാ മഹാരാജ്യത്ത്‌... അതും ഒരു മലയാളി മങ്ക.. യെവിടെയോ യെന്തോ... :-?

-ഒരു റൈഡര്‍

Adithyan said...

വഴിപോക്കന്‍ ആ പറഞ്ഞതിനെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കുന്നു...

ഞാനും ആ ‘റ്റി‘ തന്നെയാണേ... :-) ഞാന്‍ പയങ്കര കഠിനാധ്വാനിയും കര്‍മ്മകുശലനും ആണേയ്‌...

ദാവീദ് said...

ആ ഹാര്‍ലി നമ്മുടെ സ്കൂട്ടിയല്ലേ .. ടി വി എസ് സ്കൂട്ടി ? അതൊ കൈനറ്റിക് ഹോണ്ടയോ ?

ഇനി ശരിക്കുള്ള വല്ല യമഹാ എന്റൈസറോ കവാ‍സാക്കി എലിമിനേറ്ററോ മറ്റോ ആണോ ?

ഏതായാലും എഴുത്ത് നന്നായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഈ ഐ ടിക്കാരെല്ലാം ഇങ്ങിനെ സ്കള്‍ക് ചെയ്യാന്‍ തുടങ്ങിയാല്‍ അമേരിക്കന്‍ കമ്പനിയെല്ലാം ചൈനയിലേക്ക് പോകും. പറഞ്ഞേക്കാം. അല്ലെങ്കില്‍ നിങ്ങളെയെല്ലാം അമേരിക്കയിലേയ്ക്ക് വിളിച്ച് ഇവിടെ ജോലി ചെയ്യിക്കും. ഇവിടെ ജോലി ചെയ്യുമ്പോളറിയാം, ഒന്ന് തുപ്പാന്‍ പോകണമെങ്കില്‍ പഞ്ച് ഔട്ട് ചെയ്യണം.

സ്വാഗതം ബിരിയാണിക്കുട്ടീ. ഇനി ഓഫീസില്‍ നിന്ന് മുങ്ങാതെ, കുത്തിയിരുന്ന് ബ്ലോഗെഴുതില്ലേ, പ്ലീസ്...

കുറുമാന്‍ said...

ബിരിയാണിക്കുട്ടിക്ക് സ്വാഗതം. നിറുത്താതെ പോരട്ടെ....“മാലലി ഡേവിസുപുത്രനെ“പായിക്കൂ.

സിദ്ധാര്‍ത്ഥന്‍ said...

അറബികള്‍ ബിരിയാണി എന്ന സാധനം കണ്ടുപഠിച്ചതു്‌ ഹൈദരാബാദില്‍ നിന്നാണെന്നെവിടെയോ കേട്ടിട്ടുണ്ടു്‌. ഇനിയുമെന്തൊക്കെ പഠിക്കാന്‍ കിടക്കുന്നാവോ?

ബിരിയാണിക്കുട്ടിക്കു്‌ സ്വാഗതം.

-B- said...

ഈ ബിരിയാണി ആര്‍ക്കും വലിയ അരുചി ഒന്നും തോന്നിയില്ല എന്നറിഞ്ഞതില്‍ പെരുത്തു സന്തോഷം.

സ്വാഗതത്തിന്‌ നന്ദി ദേവേട്ടാ..(എല്ലാവരും അങ്ങനെ വിളിക്കുന്നതു കൊണ്ട്‌ വിളിച്ചതാ ട്ടാ.. )കണവന്‍ ഇന്‍ പ്രോഗ്രസ്സിന്‌ ഇതൊന്നും വഴങ്ങും എന്നു തോന്നുന്നില്ല. ശ്രമിച്ചു നോക്കാന്‍ പറയാം. അവസാനം, പറയുന്നതെല്ലാം ഷിപ്‌മെന്റും ഇന്‍വോയ്‌സും മാത്രം ആയാല്‍ എന്നെ തല്ലാന്‍ വരരുത്‌.

സ്വാഗതത്തിന്‌ നന്ദി ജേക്കബേ.

എന്റെ കുട്ട്യേടത്ത്യേ.. ഇവിടെ പ്രവാസിയായി എത്തിയ ശേഷം ആദ്യം ചെയ്ത കാര്യങ്ങളില്‍ ഒന്നാണ്‌ ഒരുപാടു കേട്ടും കേള്‍പ്പിച്ചും കൊതി പിടിച്ച ഹൈദരാബാദ്‌ ബിരിയാണി കഴിക്കല്‍. ഒരുപാട്‌ പ്രതീക്ഷിച്ചതു കൊണ്ടോ എന്തോ ശ്ശി അങ്ങട്‌ പിടിച്ചില്ല. കൊച്ചിയില്‍ കായിക്കാടെ ബിരിയാണിയും നാട്ടില്‍ ഇമ്മടെ ഗോപാലേട്ടന്‍ ഉണ്ടാക്കുന്ന ദം ബിരിയാണിയും എന്തിനു തൃശ്ശൂര്‍ K.S.R.T.C ബസ്റ്റാന്റിനടുത്തുള്ള സഫയറിലെ ബിരിയാണിയും ഒക്കെ കഴിച്ചിട്ടുള്ളോര്‍ പറയാന്‍ സാധ്യത "ഇതെന്തൂട്ടാ ഇഷ്ടാ, ഇതൊരു ബിരിയാണിയാ?" എന്നായിരിക്കും. കുട്ട്യേടത്തി പറഞ്ഞ ഹൈദരബാദ്‌ ഹൌസ്‌ തമ്മില്‍ ഭേദമായി തോന്നി.


നന്ദി അരവിന്ദേ.. ഇവിടെ കുറച്ചു കാലം ഉണ്ടായിരുന്നോ? ഈ പറഞ്ഞ സ്ഥലങ്ങള്‍ ഒക്കെ തന്നെയാണ്‌ എന്റെയും വിഹാര ഭൂമി.

താരക്ക്‌ നന്ദി ഒപ്പം എന്റെ പാവം ഹാഡ്‌ലി ഡേവിഡ്‌സണ്‍ ആരാണെന്നു പറഞ്ഞും തരാം. ഇതു ആദിത്യനോടും ബിജൂനോടും കൂടിയാണേ.. ആദിത്യന്‍സേ, ഹാര്‍ലി ഓടിക്കുന്ന ഒരു ലേഡി ആവാന്‍ മാത്രം ഒന്നും നമ്മളില്ല ഇഷ്ടാ.. ഇതു ബിജു പറഞ്ഞ പോലെ വെറും ഒരു കൈനറ്റിക്‌ നോവ 135.. ആഹോ.. ബൂലോഗത്തില്‍ ഫോര്‍ പീപ്പിള്‍ കൂടുന്നതല്ലേ.. ഒരു ഗമയൊക്കെ ഇരിക്കട്ടെ എന്നു വെച്ചു. രണ്ട്‌ പേര്‍ക്കും സ്പെഷല്‍ ഡാങ്ക്‌സ്‌.

മന്‍ജിതിനും തണുപ്പനും ബിന്ദുവിനും പാപ്പാനും വഴിപോക്കനും കുറുമാനും സിദ്ധാര്‍ത്ഥനും നന്ദി നന്ദി നന്ദി..

aneel kumar said...

സ്വാഗതം!


പറ്റിപ്പ് സെറ്റപ്പ് കലക്കി. മുങ്ങലിനു പറ്റിയ രണ്ടുമിനിറ്റ് ദൂരത്തിലാണു താമസമെങ്കിലും കൃത്യമായും ഒരു യു-ടേണിനടുത്ത് വീടായിപ്പോയി. ഇതേ പാതപിന്തുറ്റരുന്ന പാരകള്‍ ശകടം കണ്ടുപിടിക്കും :(

Kalesh Kumar said...

കൊള്ളാം!രസമുണ്ട് വായിക്കാന്‍!
അടുത്തത് പോരട്ടെ!

പാപ്പാന്‍‌/mahout said...

ആന്ധ്രാ വനിതാ രത്നം രേണുകാ ചൌധരി ദില്ലിയിലൂടെ പണ്ട് ഒരു എന്‍ഫീല്‍‌ഡ് ബുള്ളറ്റിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നു കേട്ടിട്ടുണ്ട്. ബുള്ളറ്റാണല്ലോ നമ്മുടെ ഹാര്‍‌ലി.

രാജ് said...

ബിരിയാണി സ്ത്രീലിംഗാണെന്നു ഞാന്‍ ധരിച്ചിരുന്നതേയില്ല. ;) നല്ല സുന്ദരന്‍ വിവരണം, ഇതിനു മുമ്പത്തെ പോസ്റ്റ് കാണാതെ പോയല്ലോ? അതുകൊണ്ടു സ്വാഗതപ്രസംഗത്തിനു കൃത്യസമയത്തു് എത്തുവാന്‍ കഴിഞ്ഞില്ല.

Anonymous said...

കലക്കീട്ടൊ! ഈ ആണുങ്ങള്‍ എല്ലാരും കൂടി വലിയ തമാശക്കാരായി ഇവിടെ അങ്ങടു വിലസുവായിരുന്നു...ഇനി ഇപ്പൊ ബിരിയാണിക്കുട്ടീം കൂടി ആവുമ്പൊ നമുടെ സൈഡ്ഡില്‍ നിന്നും നാലാ‍ളായി.വെരി ഗുഡ്!

അതേ, ഉറങ്ങിക്കഴിഞ്ഞു തിരിച്ചു സീറ്റിലോട്ട് ചെല്ലുംബോള്‍ ഒരു കോഫീ മഗ് കൂടി പിടിച്ചാല്‍ ഈ ജന്മത്തു മാനേജര്‍ വേറെ ഒന്നും ചിന്തിക്കില്ല......

myexperimentsandme said...

ഇദിപ്പോഴാ വായിച്ചത്... തകര്‍പ്പന്‍ ബിരിയാണി തന്നെ. കോട്ടയത്ത് ബെസ്റ്റോട്ടലിലെയും നല്ല ബിരിയാണിയാണ്. പിന്നെ തിരുവനന്തപുരത്ത് രംഗോളിയും.... ഇത്രയൊക്കെയേ ബിരിയാണിയെപ്പറ്റി എനിക്കറിയൂ. പക്ഷേ ഒന്നറിയാം. എഴുത്ത് കലക്കി. അരവിന്ദന്‍ പറഞ്ഞതുപോലെ നല്ല ഹ്യൂമര്‍ സെന്‍സസ്സുള്ള ഹ്യൂമന്‍. ഹാര്‍ഡ്‌ലി എലി ദാവീദ്‌മകനിലാണല്ലേ സഞ്ചാരം ബൈ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര :)

Anonymous said...

ശരിക്കും പറഞ്ഞാല്‍ ഹ്യൂമര്‍ സെന്‍സ് ഒരു തെറ്റായ പ്രയോഗം അത്രെ! സെന്‍സ് ഒഫ് ഹ്യൂമ്ര് എന്നാണത്രെ പറയേണ്ടതു..നമ്മള്‍ മലയാളികല്‍ മാത്രമാണത്രെ ഹ്യൂമര്‍ സെന്‍സ് എന്നു പറയുക? ശരിയാണോ എന്നു അറിയില്ല....

reshma said...

‘യുവര്‍ ഗുഡ് നേം ബ്ലീസ് യെല്‍ ജീ’? ;)‘ഹൂമര്‍ സെന്‍സ്’മലയാളികള്‍ അല്ലാത്ത ഇന്ത്യക്കാരും പറഞ്ഞ് കേട്ടുണ്ട്.

myexperimentsandme said...

നമ്മള്‍ ഇന്ത്യാക്കാരുടെ ഇംഗ്ലീ‍ഷിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എന്ന ആംഗലേയ വിക്കി ലേഖനം വായിച്ചാല്‍ മതി.

എല്ല്‌ജി പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. ഹ്യൂമര്‍ സെന്‍സ് എന്ന് ഗൂഗ്ലിയപ്പോള്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ തന്നെയാ കൂടുതല്‍ വന്നത്. തെറ്റായ ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ഒരു നല്ല സൈറ്റ് എവിടെയോ കണ്ടതുപോലെ ഓര്‍ക്കുന്നു.

രാജ് said...

ബിരിയാണീടെ ഇടയ്ക്കു രസം കച്ചവടം:

വക്കാരി പറഞ്ഞ ലേഖനത്തിലെ ഈ വരികള്‍: Overuse of the words "Generally"/"Actually"/"Obviously"/"Basically" in the beginning of a sentence വായിച്ചു ഞാന്‍ ചിരിച്ചുപോയി. ഈ വഹയില്ലാതെ ഒരടി മുന്നോട്ടു പോകാത്ത വിധത്തിലാണു നമ്മുടെ ഇംഗ്ലീഷ് ;)

ആ ലേഖനത്തില്‍ കാണാത്തതും എന്നാല്‍ സ്ഥിരമായി (ഞാന്‍) ഉപയോഗിക്കുന്നതുമായ ഒരു സൂത്രമാണു് right? എന്ന ചോദ്യം. വക്കാരി വാസ് ഹിയര്‍, റൈറ്റ്?

കണ്ണൂസ്‌ said...

നന്നായിട്ടുണ്ടല്ലോ ബിരിയാണിക്കുട്ടീ..

എന്നാലും സഫയര്‍ ഹോട്ടലിലെ ബിരിയാണിയെ ഹൈദരബാദ്‌ ബിരിയാണിയുമായി കംപയര്‍ ചെയ്തത്‌ ഒരു കടന്ന കൈ ആയിപ്പോയി. കേരളത്തിലെയോ തമിഴ്‌നാട്ടിലെയോ ഒരു ഹോട്ടലില്‍ നിന്നും വായില്‍ വെക്കാന്‍ കൊള്ളാവുന്ന ബിരിയാണി ഞാന്‍ കഴിച്ചിട്ടില്ല. (മലബാറില്‍, വീടുകളില്‍ കല്ല്യാണത്തിനു വെക്കുന്ന ബിരിയാണി സ്വയമ്പന്‍, അത്‌ കട്ടക്കട്ടക്കു നില്‍ക്കും.)

ദുബായിലുള്ളവര്‍, ഗസബോയിലെ ദം ഒന്നു ട്രൈ ചെയ്തു നോക്കുക. വലിയ കുഴപ്പമില്ലാത്ത സാധനമാണ്‌.

ഹാര്‍ലിയുടെ കാര്യം പറഞ്ഞപ്പോഴാ, പാലക്കാട്‌ വിക്റ്റോറിയയില്‍ Enfield Fury ഓടിച്ചു വന്നിരുന്ന ഒരു മങ്ക ഉണ്ടായിരുന്നു. 1990 തുടക്കത്തില്‍ ആണെന്ന് ഓര്‍ക്കണേ. ആള്‍ ഇപ്പോള്‍ ഷാര്‍ജയിലുണ്ട്‌. സ്വസ്ഥം ഗൃഹഭരണം. സ്വസ്ഥത പോവുന്നത്‌ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോഴാണത്രേ.

sami said...

സ്വാഗതം,ബിരിയാണിക്കുട്ടി....
നല്ല ഹ്യൂമറസായ വിവരണം

Visala Manaskan said...

ഇത് വായിച്ചിരുന്നില്ല.
അലക്കീട്ട്ണ്ട് !

Anonymous said...

biryani falitham assalayitundu:)

Chaluvan said...

ഞാന്‍ മറ്റൊരു ഹൈദരാബാദി. ബിരിയാണി കണ്ടു കയറിയതാണ്‌. നന്നായിട്ടുണ്ട്‌.. ഇടയ്ക്കു സെക്കന്തരാബാദിലെ പാരഡൈസും സന്ദര്‍ശിക്കാം. ആ ബിരിയാണിയും പ്രശസ്തം. ചിലപ്പോള്‍ തലമുറകളുടെ പഴക്കമുണ്ടാവും. ജാഗ്രതൈ!