Saturday, June 10, 2006

ട്രാഫിക്ക്‌ റൂള്‍സ്‌

കനിവേതുമില്ലാത്ത ക്രൂരാര്‍ക്ക കിരണങ്ങള്‍ എന്റെ തരള കരവല്ലരിയില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ഇരുകരങ്ങളിലും കരപടങ്ങള്‍ എടുത്തണിഞ്ഞു ഞാന്‍...

ഭഗവാനേ.. ഈ നിലക്കു നീങ്ങിയാല്‍ ബൂലോഗത്തില്‍ നിന്നെന്നെ പുറത്താക്കും എന്ന്‌ മൂന്നു തരം. അപ്പൊ പറഞ്ഞ്‌ വന്നത്‌ എന്താണെന്നു വെച്ചാല്‍, ആള്‍റെഡി ഗ്യാരണ്ടി കളറാണെങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി രണ്ട്‌ കയ്യിലും തോളൊപ്പം വരുന്ന കയ്യുറകള്‍ ഞാന്‍ വലിച്ചു കേറ്റി. ഒരു മയമില്ലാത്ത വെയിലാണെ ഇവിടെ മാര്‍ച്ച്‌ മുതല്‍ മെയ്‌ അവസാനം വരെ.. ഈ നട്ടപ്പറ വെയിലത്തും ഇവിടത്തെ ശ്യാമളകളും കോമളന്മാരും ഇതാണ്‌ പൂനിലാവ്‌ എന്ന മട്ടില്‍ പുല്ലു പോലെ നടക്കുന്നത്‌ കാണുമ്പോള്‍ തെലുങ്കന്റെ തൊലിക്കട്ടിയെ നമ്മള്‍ നമിച്ചു പോകും.

ഞാനാണെങ്കില്‍, കല്യണമൊക്കെ അടുത്തു വരല്ലെ.. താലി കെട്ടാന്‍ നേരത്ത്‌ ചെക്കന്‌ എന്റെ തിരുമുഖം കാണണമെങ്കില്‍ ടോര്‍ച്ച്‌ അടിച്ചു നോക്കെണ്ട ഗതികേട്‌ വരണ്ടല്ലോ എന്നോര്‍ത്ത്‌, കയ്യുറകളും കാലുറകളും ദുപ്പട്ട കൊണ്ട്‌ മുഖത്ത്‌ കണ്ണ്‌ മാത്രം കാണുന്ന വിധത്തില്‍ താലിബാന്‍ സ്റ്റൈലില്‍ ഒരു കെട്ടും, പിന്നെ ഹെല്‍മെറ്റും ഒക്കെ കൊണ്ട്‌ ചര്‍മ്മ സൌന്‌ദര്യം പരമാവധി കാത്തു സൂക്ഷിച്ചാണു സഞ്ചാരം.

പാരഡൈസ്‌ സിഗ്നല്‍. ഇത്‌ കടന്നു കിട്ടിയാല്‍ ശര്‍ര്‍ര്‍ര്‍ര്‍ എന്ന്‌ പറപ്പിക്കാം. കണക്കു പ്രകാരം 6 മിനുട്ടില്‍ ആപ്പീസില്‍. പച്ച കത്തുന്ന അവസരവും കാത്ത്‌ ("പൌലോസ്‌" ഏമാന്‍ നമ്മളെ കാണുന്നില്ല എന്ന ഏത്‌ അവസരവും നമുക്ക്‌ കടന്നു പോകാനുള്ള പച്ച ആണ്‌ ഹൈദരബാദില്‍) അങ്ങനെ നിക്കുമ്പൊ ദേ കിട്ടി പച്ച. എന്റെ ശകടം പാഞ്ഞു. ദോണ്ടെ കാണുന്ന ലൈഫ്‌ സ്റ്റൈല്‍ ഫ്ലൈഓവര്‍ കയറി ഇറങ്ങിയാല്‍ ഇടതു വശത്ത്‌ ആപ്പീസ്‌. പതുക്കെ, സൂക്ഷിച്ച്‌ ഒക്കെ വണ്ടി ഓടിക്കല്‍ വെറും സാധാരണ പെണ്ണുങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ളതാ.. ഞാന്‍ അങ്ങനെ സാധാരണ മുതല്‍ വല്ലതും ആണൊ.. ടെസ്റ്റ്‌ ഓട്ടോമേഷന്‍ ഒക്കെ ചെയ്യാ എന്നു പറഞ്ഞാല്‍ ചില്ലറ കാര്യം വല്ലതുമാണൊ.. എത്രയെത്ര കിടിലന്‍ ബഗ്‌ കുഞ്ഞുങ്ങളെ ആണ്‌ എന്റെ സ്ക്രിപ്റ്റ്‌സ്‌ കണ്ടു പിടിച്ച്‌ കഴുത്തറുക്കാന്‍ കൊടുത്തിരിക്കുന്നത്‌. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ കമ്പനി-ടെ ഒരു സ്ഥിതി!! ഏ ... തൊട്ടു മുന്നിലെ ആ ഓട്ടോ സഡന്‍ ബ്രേക്ക്‌ ഇട്ടൊ... ന്നൊരു.. ഡൌട്ട്‌. അല്ല. ഇട്ടു.. സ്ക്രീീീീീെച്ച്‌. ഓട്ടോ-ടെ പിന്നില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നമ്മടെ ഡേവിഡ്‌സണ്‍.. ലവന്‍ ആളു പുലിയാണു കേട്ടാ.. പിന്നെ ഞാന്‍ ആരാ മോള്‍. .ഠിഷൂം..ക്ലീങ്ങ്‌ ട്ടക്‌. അയ്‌.. ദെന്താ പ്പൊ ഇത്‌.. നേര്‍രേഖയില്‍ പോകുന്ന ഫ്ലൈഓവെറിന്‌ ലംബമായി ഇടതു വശം ചരിഞ്ഞു വിസ്തരിച്ചു കിടക്കുന്ന എന്നില്‍ നിന്നു ഒരു 45 ഡിഗ്രി വലത്തോട്ടു ചരിഞ്ഞ്‌ എന്റെ ഇടതു കാലിനു മുകളിലായി എന്റെ ഡേവിഡ്‌സണ്‍ . അതായിരുന്നു കറന്റ്‌ സ്റ്റാറ്റസ്‌. കേരളവര്‍മ്മ കോളേജ്‌ ഭാഷയില്‍ പറഞ്ഞാല്‍, നല്ല ബെസ്റ്റ്‌ "തളക്കൂറ". ഓഹോ... അപ്രതീക്ഷിതമായി പിന്നില്‍ നിന്നുള്ള ആക്രമണം. ശത്രു ഒരു ഹോണ്ട സിറ്റി ആണ്‌. മാനേജര്‍ക്ക്‌ cc വെച്ചുകൊണ്ട്‌ ക്ലൈന്റ്‌ അയക്കുന്ന തെറി മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു ചമ്മല്‍ പോലെ ഒരു ചമ്മല്‍ ഉണ്ടായതൊഴിച്ചാല്‍ എനിക്കൊന്നും പറ്റിയിട്ടില്ല എന്നെനിക്കപ്പഴെ മനസ്സിലായി. എന്നാലും നമ്മള്‍ പടിച്ച കുറെ പാഠങ്ങള്‍ ഇല്ലെ.. അതു പ്രകാരം, നമ്മള്‍ ഇടിച്ചതായാലും,നമ്മളെ ഇടിച്ചതായാലും, മറുകക്ഷി നമ്മളേക്കാള്‍ വലിയ വാഹനമാണെങ്കില്‍, തൊലിയേ പോയിട്ടുള്ളൂ എങ്കിലും തല പോയ ഒരു എഫ്ഫെക്റ്റ്‌ ഇടണം എന്നും, എന്നാല്‍ മറുകക്ഷി നമ്മളെക്കാള്‍ ചെറിയ വാഹനം ആണെങ്കില്‍ തല പോയിട്ട്‌ വാലു പോലും ബാക്കി വെക്കാതെ ഉടന്‍ സ്ഥലം കാലിയാക്കണം എന്നും ആണ്‌. സംശയം ഉള്ളവര്‍ക്ക്‌ ഡ്രൈവേര്‍സ്ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം 16:25:34 വായിച്ച്‌ നോക്കാം.

ഹോണ്ട സിറ്റിക്കാരന്‍ കൃഷ്ണഗുഡിയിലെ മഞ്ചുവാരിയരെ പോലെ ഇപ്പൊ ഇറങ്ങി വന്ന്‌ കുട്ടി എണീക്കലു, വണ്ടി ഞാന്‍ പൊക്കലു,എന്നു പറയുന്നതും കാത്ത്‌ ഞാനങ്ങനെ ലൈഫ്‌ സ്റ്റൈല്‍ ഓവര്‍ബ്രിഡ്ജില്‍ സ്റ്റൈല്‍ ആയി കിടപ്പാണ്‌. ചേട്ടന്‍ ദേ ഇറങ്ങി വരുന്നു..

ആര്‍ യു ഓക്കെ?

എന്തോന്ന്‌ ഓക്കെ? ദേ കണ്ടില്ലേ, കാല്‍ ഒടിഞ്ഞൂന്നാ തോന്നണെ.., പിന്നെ തലക്ക്‌ ഒരു MRI എടുക്കേണ്ടി വരും, ഒരു 5000 മണീസ്‌ ഇങ്ങു പോരട്ടെ എന്നൊക്കെ പറയാന്‍ വിചാരിച്ച ഞാന്‍ മൊഴിഞ്ഞത്‌.

യെസ്‌ സര്‍, അയാം ഓക്കെ.

ദേ കിടക്കണ്‌

ദെന്‍ കീപ്‌ യുവര്‍ വെഹിക്കിള്‍ അസൈഡ്‌. സീ ഇറ്റ്‌സ്‌ എ ട്രാഫ്ഫിക്‌ ജാം.

ഞാന്‍ പതുക്കെ എണീറ്റ്‌ പിന്നാക്കം നോക്കിയപ്പൊ.. S.P. റോഡ്‌ ഇങ്ങ്‌ ബേഗംപേട്ട്‌ മുതല്‍ അങ്ങ്‌ സെക്കന്തരാബാദ്‌ വരെ എന്റെ ഒരാളുടെ ചലനത്തിനായി കാത്തു നില്‍ക്കുന്ന കാഴ്ച. ഞാന്‍ രോമാഞ്ച കഞ്ചുകിയായി.. മഞ്ചീര ശിഞ്ചിതമായി.. പിന്നെ എന്തൊക്കെയോ ആയി.. വണ്ടി പൊക്കി സൈഡിലേക്ക്‌ നീക്കി വെച്ചു. ഹോണ്ട സിറ്റി ചേട്ടനും കാര്‍ സൈഡ്‌ ആക്കി ഇട്ടിട്ട്‌ എന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിക്കാന്‍ വരുമ്പൊ MRI Scan ന്റെ കാര്യം... ഏ....എവിടെ ഹോണ്ട സിറ്റി?

ഡ്രൈവേര്‍സ്‌ ബൈബിള്‍ ലേറ്റസ്റ്റ്‌ നിയമം പഠിച്ചിട്ടാ മോളേ ഞാനും ഈ പണിക്കിറങ്ങിയത്‌ എന്നായിരുന്നു നൂറെ നൂറില്‍ പാഞ്ഞു പോയ ആ കാറിന്റെ പിന്നില്‍ എഴുതി വെച്ചിരുന്നത്‌.

വാല്‍ക്കഷ്ണം: താലിബാന്‍ സ്റ്റൈലും കൈകാലുറകളും, ഹെല്‍മെറ്റും കാരണമാണ്‌ പെയിന്റൊന്നും പോകാതെ ഇപ്പഴും സുന്ദരിയായി ഇരിക്കുന്നത്‌. നമ്മുടെ ബൂലോഗ ടൂ വീലര്‍മാരോട്‌ എന്റെ ആത്മാര്‍ത്ഥമായ റെക്കമെണ്ടേഷന്‍. Wear Helmet.

27 comments:

ശനിയന്‍ \OvO/ Shaniyan said...

ട്രാഫിക് റൂള്‍സ് കലക്കി!!
ഹെല്‍മെറ്റും ജാക്കറ്റും എന്റേം നട്ടും ബോള്‍ട്ടും പിടിച്ചു നിര്‍ത്തീട്ടൂണ്ട്, പലപ്പോഴും..

ഹൈദരാബാദി ബിരിയിയാണിക്കുട്ടി കലക്കുകയാണല്ലോ? ഈ ആവേശം എക്കാലവും കാണണം എന്നേ എനിക്കു പറയാനുള്ളൂ..

Anonymous said...

ബിരിയാണിക്കുട്ടിക്ക്

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഇത്രയൊക്കെ എഴുതാന്‍ എങ്ങിനെ പറ്റുന്നു എന്നെനിക്ക് അസൂയ തോന്നുന്നുണ്ട് കേട്ടൊ.

ഞങ്ങള്‍ ബി.സി.എമ്മില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു തവണ, ഒരേയൊരു തവണ ക്ലാസ്സ് കട്ട് ചെയ്തിട്ടുണ്ട്. 95-97 കാലമാണ്. എന്റെയൊരു കൂട്ടുകാരി ഉണ്ട്. ദീപ. പേരുപോലെ അത്ര പാവമല്ല ആള്. അവളുടെ പുതിയ സ്പെക്ട്രാ സ്കൂട്ടര്‍ വാങ്ങിയതിന്റെ ചിലവ് തരണമെന്ന് ഞാന്‍ വാശി പിടിച്ചിട്ട് എന്നെ കൂട്ടിക്കൊണ്ട് അവള്‍ അഭിലാഷില്‍ വന്ന ഒരു ഇംഗ്ലീഷ് പടം കാ‍ണിക്കാന്‍ മാറ്റിനിയ്ക്ക് കൊണ്ടു പോയി. പടം കഴിഞ്ഞ് ഒരു ബിരിയാണിയും. ഏതോ ഒരു അടിപൊളി സ്റ്റണ്ട് പടം. (ആദ്യമായി ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നതിന്റെ പേടിയും വിറയലുമായി ഞാന്‍ പതുങ്ങി നിന്നപ്പോള്‍ ദീപ പോയി രണ്ട് ടിക്കറ്റും വാങ്ങി വന്നു)

പടം കഴിഞ്ഞപ്പോള്‍ ചെറിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. നല്ല മൂഡില്‍, ബിരിയാണി തിന്നാനുള്ള മൂപ്പിന്, അഭിലാഷില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്, സ്പെക്ട്ര ചീറിപ്പായിച്ച് അധികം പോയില്ല, അതിനു മുന്‍പേ, കെ. എസ്. അര്‍. ടി. സി. സ്റ്റാന്ഡിന്റെ മുന്നില്‍ വച്ച് തന്നെ ഒരു പാണ്ടി ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കിയ വഴി.......

ഓവര്‍ ടേക്ക് ചെയ്ത് പകുതിമുക്കാലും കേറിച്ചെന്ന് കഴിഞ്ഞപ്പോളാണ് നേരേമുമ്പില്‍ ഒരു പോസ്റ്റ് നില്‍ക്കുന്നത് കാണുന്നത്. “ഡീ,പോയെഡീ“ ന്നൊരു നിലവിളി മാത്രം ദീപയുടെ വായില്‍ നിന്ന് വന്നതെനിക്കോര്‍മ്മയുണ്ട്. പിന്നെ ഓര്‍മ്മ വരുമ്പോള്‍, സ്റ്റാ‍ന്ഡിന് മുന്നിലെ തട്ടുകടക്കാരും കഴിക്കാന്‍ വന്നവരുമെല്ലാം ചുറ്റും കൂടി നില്‍ക്കുന്നു. എന്റെയും ദീപയുടെയും മേലാകെ, നനഞ്ഞ്-കുഴഞ്ഞിരിക്കുന്ന ചെളി. രണ്ട് മൂന്ന് ചേച്ചിമാര്‍ ഞങ്ങളെ വിളിച്ച് മാറ്റിക്കൊണ്ട് പോയി ഓരോ സോഡായും വാങ്ങിത്തന്നു. ആരെങ്കിലും പരിചയക്കാര്‍ കാണുന്നതിനു മുന്‍പേ പോണം എന്നൊരു വിചാരമേ എനിക്കുള്ളൂ. അപ്പഴാണ് സ്പെക്ട്രയുടെ കാര്യം ഞാന്‍ ഓര്‍ക്കുന്നത്. നോക്കിയപ്പോള്‍, ചില്ലായിട്ടുള്ളതൊന്നും സ്പെക്ട്രയില്‍ ശേഷിച്ചിട്ടില്ല. വലതു വശത്തെ പെയിന്റും നാമമാത്രം.

പിന്നെന്താ ചെയ്യുക, സെന്റ് ആന്‍സില്‍ പഠിപ്പിക്കുന്ന എന്റെ ഒരു ഫാമിലി ഫ്രണ്ടിനെ ഫോണ്‍ വിളിച്ച് വരുത്തി. അവരും അവരുടെ മോനും കൂടി വന്ന് ഞങ്ങളെ ആശൂത്രിയിലും വര്‍ക് ഷോപ്പിലുമൊക്കെ കൊണ്ട് പോയി. എന്റ്റെ മമ്മിയും ദീപയുടെ പേരന്റ്സും കരഞ്ഞ് നിലവിളിച്ച് ആശൂത്രിയിലെത്തി. അന്നു കേട്ട ചീത്ത. എന്റമ്മോ...

(പിന്നെ അതു കൊണ്ടൊരു ഗുണമുണ്ടായി. അന്ന് വന്ന ആ ഫാമിലി ഫ്രണ്ട് ഇന്നെന്റെ അമ്മായിഅമ്മ ആണ് !)

Santhosh said...

നല്ല രസകരമായ ഒഴുക്കന്‍ വിവരണം. ഹൈദരാബാദ് കഥകള്‍ ഒന്നൊന്നായി പോരട്ടെ!

സസ്നേഹം,
സന്തോഷ്

Adithyan said...

ആളൊരു രണ്ടു രണ്ടര പുലിയാണല്ലെ?
അമറന്‍ പ്രയോഗങ്ങള്‍ :-))

പോസ്റ്റു സ്പാറി!!!

ഈ പറഞ്ഞ ഹാര്‍ലി-ടെ കൊച്ചനിയനായ ഒരു യെന്റൈസര്‍-ഇല്‍ കുറെ നാള്‍ നടന്നതിന്റെ മധുരമനോജ്ഞമനോരമ ഓര്‍മ്മകള്‍...

ഓര്‍മ്മകളേ.... കൈവള...

പിന്നെ പണ്ട്‌ കോളേജില്‍ വെച്ച്‌ ഒന്നു വീണ് മുഖത്തെ രണ്ടേക്കറ് തൊലി പോയതും... ആ വീഴ്ച കൊണ്ട്‌ ആകെയുണ്ടായ ഗുണം ഹോസ്റ്റലില്‍ ഒരു വെയ്റ്റൊക്കെ ഉണ്ടായി എന്നാണ്... ക്ലാസിലെ യാഴു ലാഡീസാണെ വണ്ടിയിടിച്ചു ഹോസ്റ്റലില്‍ കിടന്ന എന്നെ കാണാന്‍ വന്നത്‌...

myexperimentsandme said...

ബിരിയാണിക്കുട്ടിയേ, നല്ല വിവരണം. തകര്‍ക്കുവാണല്ലോ... പോരട്ടങ്ങിനെ പോരട്ട്..

sami said...

സൂപര്‍ ശൈലി...എനിക്കിഷ്ടായി....ഇനി ഹെല്‍മറ്റ് കയ്യില്‍ കരുതാനെങ്കിലും ശ്രദ്ധിക്കാം...
സെമി

Kumar Neelakandan © (Kumar NM) said...
This comment has been removed by a blog administrator.
Kumar Neelakandan © (Kumar NM) said...

ബിരിയാണീ, ആകെപ്പാടെ ഒരു ട്രാഫിക് ജാമില്‍ അകപ്പെട്ടതുപോലെ വായിച്ചു.
വായനക്കാരെ ഒപ്പം ട്രാഫിക് ജാമില്‍ കുരുക്കിയിടുക എന്നത് എഴുത്തുകാരിയുടെ കഴിവാണ്. അതില്‍ അതീവ വിജയം. അസ്സലായി. പോരട്ടെ ഓരോന്നിങ്ങനെ ഹൈദരബാദില്‍ നിന്ന്. കൂട്ടത്തില്‍ ഇടയ്ക്കൊക്കെ ഓരോ ദം ബിരിയാണിയും. ലന്തന്‍ ബത്തേരിയില്‍ എന്‍ എസ് മാധവന്‍ വിവരിച്ച ദം ബിരിയാണിയുടെ റസിപ്പി വായിച്ചപ്പോള്‍ കൊതിമൂത്തു.

മട്ടാഞ്ചേരിയിലെ കായിക്കയുടെ കടയില്‍ ദം ബിരിയാണി കിട്ടും. പക്ഷെ ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്‌യാഡ് ‍ കിട്ടുന്ന ദം ആണ് ദം ദമാദം.

ബിന്ദു said...

ഹോ.. ഡ്രിവിംഗ്‌ പഠിക്കാത്തതെന്തു നന്നായി, ഹെല്‍മറ്റു വയ്ക്കേണ്ടല്ലൊ ;) നല്ല രസം എന്നു പറയരുതെന്നു പാപ്പാന്‍ പറഞ്ഞു, ബിരിയാണീടെ കൂടെ ചേരില്ലാന്നു. :)

Anonymous said...

എന്നാലും എന്റെ ബിരിയാണിക്കുട്ടീ, കല്യാണമൊക്കെ അടുത്തു വരല്ലേ, ഇനി ഇങ്ങിനെ ഒന്നും വേണ്ടാട്ടൊ..സൂക്ഷിച്ചു പോക്കോളൂ...

Visala Manaskan said...

ത കര‍പ്പന്‍..!

കലക്കി മറിച്ചു പുലീ..സൂപ്പര്‍ പോസ്റ്റ്.

ദേവന്‍ said...

ഹൈദെരാബാദിലെ ട്രാഫിക്ക്‌.. ഒരൊന്നൊന്നര ട്രാഫിക്ക്‌ തന്നെയപ്പോ.
നൂറേല്‍ കൊളുത്തുന്ന സ്റ്റീം എഞ്ചിനെക്കാള്‍ പുക പറത്തുന്ന ഏ പി എസ്‌ ആര്‍ ട്ടി സി ബസുകള്‍, പണ്ട്‌ സലാര്‍ ജങ്ങ്‌ അങ്ങോരുടെ മ്യൂസിയത്തില്‍ വയ്ക്കാന്‍ എങ്ങാണ്ടുന്നും കൊണ്ടുവന്നതാണെന്നു തോന്നുന്ന ഓട്ടോറിക്ഷകള്‍, ഇതെല്ലാം കൂടെ റോഡില്‍ കിളിത്തട്ടു കളിക്കുന്നതിന്റെ നടുക്കൂടെ നടന്നു പോകുന്ന തെലുങ്കുഗാരുക്കള്‍, കൂടെ ഗായ്‌ എന്ന പാല്‍ത്തൂ ജാന്‍വര്‍.

വാഹന വലിപ്പ നിയമം അസ്സലായി ബിരിയാണീ!

(ഒരു രഹസ്യം ചോദിക്കട്ട്‌. നാരായണ്‍ ഗുഡ എന്ന സ്ഥലത്ത്‌ ഹോട്ടല്‍ താജ്മഹല്‍ ഇപ്പോഴും ഉണ്ടോ? അതിന്റെ പിറകില്‍ ഡോ. കവിതാസ്‌ മെറ്റേണിറ്റി ക്ലിനിക്കും ഇപ്പോഴു ഉണ്ടോ? തൊട്ടു സൈഡില്‍ സ്വപ്നാ ബാര്‍ ഉണ്ടോ? (നേനു നൊവാള്‍ജിക്ക്‌ നോവുലു..)

reshma said...

ഈ ബിരിയാണി ആണ് മുത്തേ ബിരിയാണി! കല്യാണമൊക്കെ ഏത് കലേഷിനും കഴിക്കാം, അതോണ്ട് ഹാര്‍ലീടെ സ്പീഡ് കുറക്കണ്ടാ.ഈ സ്പിരിറ്റോടെ പോസ്റ്റുകള്‍ പോന്നോട്ടെ.കലക്കീട്ടുണ്ടേ ബിരിയാണിക്കുട്ട്യേ(ബീക്കുട്ടി?;)

Kalesh Kumar said...

രസമാ‍യിട്ടുണ്ട്! ബീക്കുട്ടിയെ കെട്ടാന്‍ പോകുന്നവന്‍ ഭാഗ്യവാന്‍!
ഹെല്‍മറ്റ് എന്നൊരു സാധനം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഞാനിന്നീ കമന്റ് വയ്ക്കാനുണ്ടാകില്ലായിരുന്നു. ടൂവീലര്‍ ഓടിക്കുന്നവര്‍ എല്ലാരും നിര്‍ബ്ബന്ധമായും ഹെല്‍മറ്റ് വയ്ക്കണം.
സുനിതമാത്യുവിന്റെ കമന്റും രസകരം!

കുറുമാന്‍ said...

ബിരിയാണി നിര്‍ത്താ പ്രവാഹമേ.......സൂപ്പറായിട്ടിണ്ട് ട്ടാ.......ചൂടോടെ പോരട്ടെ.......

keralafarmer said...

കനിവേതുമില്ലാത്ത ക്രൂരാര്‍ക്ക കിരണങ്ങള്‍ എന്റെ തരള കരവല്ലരിയില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ഇരുകരങ്ങളിലും കരപടങ്ങള്‍ എടുത്തണിഞ്ഞു ഞാന്‍...
ഇതുമാത്രം മനസിലായില്ല. ബാക്കിയെല്ലാം പിടികിട്ടി 20 വർഷത്തിനുള്ളിൽ രണ്ടു വീഴ്ച്ച എനിക്കും കിട്ടിയിട്ടുണ്ട്‌. ഹെൽമെറ്റില്ലാതെ.

Anonymous said...

ബീക്കുട്ടീ ,
നന്നായിണ്ടെട്ടോ എഴുത്തും എഴുത്താണീം ബിരിയാണീം.

വണ്ട്യൊക്കെ ഓടിക്കും ല്ലേ. മിടുക്കിക്കുട്ടി. ഇനിക്കു ബഹുബഹുമാനം വരുണു.വണ്ടീന്ന് ഉരുണ്ട് വീഴണ ഭാഗം വായിക്കണ വരെ അസൂയ ണ്ടായിരുന്നു. പക്ഷെ അതു പോയി.കാണാം ട്ടോ
സ്നേഹം

അരവിന്ദ് :: aravind said...

അസ് യൂഷ്വല്‍...സൂപ്പ്ര! :-)

-B- said...

ഒരു ഞാറാഴ്ച മുഴുവന്‍ കിടന്നുറങ്ങി എണീറ്റ് വന്നപ്പഴെക്കും ഇത്രേം കമന്റ് അടിച്ചു കൂട്ടിയതിന്‌ എല്ല ബൂലോഗികള്‍ക്കും നന്ദി.

ശനിയണ്ണന്‍ പറഞ്ഞ പോലെ ഇതൊരു തുടക്കത്തിന്റെ ആവേശമാണോ എന്ന് എനിക്കുമൊരു ശങ്ക ഇല്ലാതില്ല.. എന്നാലും പോണോട്ത്തോളം പോട്ടെ..

സുനിതയുടെ കഥ കലക്കി. ഫാമിലി ഫ്രണ്ടിനെ അമ്മായിഅമ്മ ആക്കുന്നതെങ്ങനെ എന്ന്‌ എല്ലാവര്‍ക്കും മനസ്സിലായി.

കുമാറേ, മട്ടാഞ്ചേരിയിലെ കായിക്കാടെ ബിരിയാണി ഒരു മറക്കാനാവാത്ത കൊതിയും ഒപ്പം അതു വാങ്ങി തന്നിരുന്ന സുഹ്ര്‌ത്തു ഇപ്പൊ ഓര്‍മ്മ മാത്രമായതിനാല്‍ ഒരു നൊമ്പരവും ആണ്‌. ലന്തന്‍ ബത്തേരി വായിച്ച് നീങ്ങാത്തതിനാല്‍ മടക്കി വെച്ചിരിക്കായിരുന്നു. ഇങ്ങടെ കമന്റ് വായിച്ചപ്പൊ വീണ്ടും തുറന്നു.

പാപ്പാന് കാര്യം അറിയത്തതോണ്ടാ ബിന്ദു, ഇപ്പൊ ബിരിയാണീടെ കൂടെ രസം ആണ് ഗോമ്പിനെഷന്‍. ഏഷ്യാനെറ്റ്-ഇല്‍ ഒക്കെ പരസ്യം കണ്ടു. ഈസ്റ്റ്ണ്‍ രസം പൊടിയൊ മറ്റൊ...

ദേവേട്ടാ, താജ്‌മഹല്‍ ഹോട്ടല്‍ ഇപ്പഴും അവിടെ തന്നെ ഉണ്ട്‌. മറ്റേണിറ്റി ക്ലിനിക് ശ്രദ്ധിക്കണ്ട ആവശ്യം ഇതു വരെ വന്നിട്ടില്ലാത്തതു കൊണ്ട് ഉറപ്പില്ല. ഇനിയിപ്പൊ ഒക്കെ നോക്കി വെക്കണം.
പിന്നെ കെട്ടാന്‍ പോകുന്നവന്‍ ഒരു ബാറന്‍ (ബോറന്‍ അല്ല)ആണ്. അപ്പൊ ഇനി മുതല്‍ സ്വപ്ന ബാറൊക്കെ കാണാതെ തരമില്ല.

മൊത്തമായി ഒരു നന്ദി കച്ചോടം -സന്തോഷ് ആദിത്യന്‍, വക്കാരി, സെമി,രേഷ്മ, എല്‍ജി, വിശാലന്‍, കലേഷ്, കുറുമാന്‍, കര്‍ഷകന്‍, അചിന്ത്യ, അരവിന്ദ്.. ഉള്ളത് എല്ലാവരും കൂടി കടിപിടി കൂടാണ്ട് വീതിച്ചെടുത്തോണം.
നന്ദി നന്ദി നന്ദി നന്ദി നന്ദി...........

Anonymous said...

Good One!!

മനൂ‍ .:|:. Manoo said...

ബിരിയാണിക്കുട്ടീ,

നന്നായി :)

ഹാര്‍ലിയെക്കുറിച്ചു വായിച്ചപ്പോള്‍ ആദ്യമൊന്നമ്പരന്നു. പിന്നെ പഴയ പോസ്റ്റും കമന്റ്‌സും കണ്ടാണ്‌ അതിന്റെ യഥാര്‍ഥരൂപത്തെ മനസ്സിലാക്കിയത്‌.

നര്‍മ്മം ഭംഗിയായി, ഒഴുക്കോടെ വഴങ്ങുന്ന സ്ത്രീകളെ ഞാന്‍ കുറച്ചേ കണ്ടിട്ടുള്ളു.
ഇനി ബിരിയാണി വിശേഷങ്ങള്‍ കൂടി സ്ഥിര വായനയുടെ ലിസ്റ്റിലേയ്ക്ക്‌... :)

Sreejith K. said...

അസ്സലായിരിക്കുന്നു കഥ. നര്‍മ്മബോധത്തിനുമുന്നില്‍ കൂപ്പുകൈ

K.V Manikantan said...

അസ്സലായിരിക്കുന്നു കഥ!!!!!! നര്‍മ്മബോധത്തിനുമുന്നില്‍ കൂപ്പുകൈ !!!!!!!!

മറുനാടന്‍ said...

നല്ല കോയിക്കോടന്‍ ബിരിയാണീം സുലൈമാനിയും കയിച്ച പോലെണ്ട്. ഇനീം പോരട്ടങ്ങനെ പോരട്ടെ!

Anonymous said...

ഈ അടിപൊളി ബിരിയാനിക്കുട്ടിയെ കെട്ടാന്‍ പോവുന്ന വക്കീലേമ്മാന്‍ ആരാണാവോ...? എന്തായാലും ആളൊരു ഭാഗ്യവാന്‍ തന്നെ. (പിന്നേയ്‌, ബാറന്‍ കൊണ്ട്‌ ഉദ്ദേശിച്ചത്‌ വക്കീല്‍ എന്നു തന്നെയല്ലിയോ...? അതൊ...)

Anonymous said...

daivame! enikku office'il irunnu chirikkaanum vayya, ithu vaayichaa chiriyottu njaan parayanathu kettu nikkunnumilla. enteesoye, immaathiri kathakal melaal office'il irunnnu vaayikkilla. ka-kka-lakkan !!!

arshad said...

hentamme...ithentha aravindante koodappirappo...nammude arkjagged.blogspot.com aravindanekkuricha njan paranju varunney..angorude blog vayichu njan urakkathilum chirikkunnu ennu srimathi parathi parayumayirunnu..appol de kidakkunnu beekuutti...adipoli...software scriptinginte karyam kalakki...nammude teamilum ulla chilarude manobhavan ithu thanne...njangal pavam developersine kanumpol..."ngoo..neeyokke code ezhuthu ...ninne njan scriptezhuthi crash aakki..appraisal enna palathinu munpil vachu mukkikkollum" ennu paranju nadakkunna chettanmare ormippichu...