Thursday, August 03, 2006

ജീവിതത്തില്‍ സംഭവിക്കുന്നവ

ആ ഡബിള്‍ ബെഡ്‌ റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന്‍ പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന്‌ തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്‌.

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക്‌ അവര്‍ക്ക് ലഭിച്ചത്‌. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള അവയുടെ പോക്കു വരവുകള്‍ മനുവിനും അനിതക്കും കാതിനിണക്കം വന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വന്ന്‌ പകല്‍ മുഴുവന്‍ ഉറങ്ങുന്ന മനുവിനും, പകല്‍ മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പ്രൊജക്റ്റ് ഷെഡ്യൂളുകളോട് മല്ലിട്ട് വൈകി കൂടണയുന്ന അനിതക്കും ഈ ഇരമ്പങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ സമയവുമില്ലായിരുന്നു.

കണക്കു പുസ്തകത്തില്‍, പാല്‍ക്കരന് കൊടുത്ത ഇരുനൂറ്റി നാല്പത്തഞ്ച് രൂപ റൌണ്ട് ചെയ്ത് ഇരുനൂറ്റി അമ്പതായി മനുവിന്റെ പേരിന് നേര്‍ക്ക് കണ്ടത് ചോദിക്കാന്‍ അനിത മറന്നു പോയത് ഈ സമയമില്ലായ്മ മൂലമാണ്. ഇസ്തിരിക്കാരന്റെ പക്കല്‍ നിന്ന്‌ അനിത വാങ്ങിക്കൊണ്ട് വന്ന തുണികളില്‍ മനുവിന്റെ ഒരു ഷര്‍ട്ട് കുറവായിരുന്നത് അനിതയോട് ചോദിക്കാന്‍ മനുവിനും സമയം കിട്ടിയില്ല. പിന്നെപ്പഴൊ ഓര്‍മ്മ വന്നപ്പോഴേക്കും ഇസ്തിരിക്കാരന്‍ തന്നെ അത്‌ തിരികെയെത്തിച്ചിരുന്നു.

അന്ന് രാത്രി, ഷിഫ്റ്റിനിടയില്‍ ഒരു ബ്രേക്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് മനുവിന്റെ മൊബൈല്‍ ഫോണില്‍ അനിതയുടെ മെസേജ് തെളിഞ്ഞത്‌.

“ഐ ഗോട്ട് എ ബെറ്റെര്‍ ഓഫര്‍ ഇന്‍ ഡല്‍ഹി. ഐ വില്‍ ബി ലീവിങ്ങ് ദിസ് സാറ്റര്‍ഡെ”.

ചായ കുടിക്കാനെണീറ്റ മനു കസേരയില്‍ അമര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറെറിന്റെ ഫെവരിറ്റ്സില്‍ നിന്ന് സിറ്റി ക്ലാസ്സിഫൈഡ്‌സ്.കോം തുറക്കുന്ന സമയം കൊണ്ട് അവന്‍ മറുപടി ടൈപ്പ് ചെയ്തു.

“ഓക്കെ. വിഷ് യു ഗുഡ് ലക്ക്.”

പിന്നെ കീബോര്‍ഡില്‍ വിരലുകളമര്‍ന്നു.
“ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്”

26 comments:

ഉമേഷ്::Umesh said...

കൊള്ളാം, ബിക്കൂ. ഹൈദരാബാദിലെ കഥയാ? സിറ്റിയ്ക്കുള്ളിലാണല്ലോ എയര്‍പോര്‍ട്ട്?

(ഇപ്പോള്‍ പെട്ടെന്നു അതുല്യയുടെ ക്ഷിപ്രകഥകള്‍ ഓര്‍മ്മ വന്നു. കക്ഷിയ്ക്കു് എന്തു പറ്റിയോ എന്തോ?)

ബിന്ദു said...

ചുവടുമാറ്റം? പക്ഷേ കൊള്ളാം. നന്നായി. :)(ചുവടുമാറ്റമല്ല നന്നായി എന്നു പറഞ്ഞത്‌ ;) )

രാജ് said...

ഒന്നിലും തളച്ചിടപ്പെടാതിരിക്കുകയാണു് എപ്പോഴും അഭികാമ്യം. നന്നായി.

Adithyan said...

ബീക്കൂ... ന്താണിത്
ഈ സാഹിത്യകാരിയെ ആയിരുന്നോ ഹാസ്യത്തിന്റെ പര്‍ദ്ദയില്‍ മൂടിവെച്ചിരുന്നത്.

കൊള്ളാം കേട്ടാ :)

“... ടു ഷെയര്‍ എ സിംഗിള്‍ ബെഡ് റൂം അപാര്‍ട്ട്മെന്റ്” എന്നാക്കിയിരുന്നെങ്കില്‍ കഥയ്ക്ക് കുറച്ചൂടെ ഒരു ഇന്റിമസി വന്നേനെ ;)

സ്നേഹിതന്‍ said...

ബിരിയാണിക്കുട്ടിയുടെ കഥ നഗര ജീവിതത്തിന്റെ യാന്ത്രികത നന്നായി പ്രതിഫലിപ്പിയ്ക്കുന്നു.

Anonymous said...

എനിക്ക് വയ്യ! ഇവിടെ ഒരു കളറും കാണാന്‍ പറ്റുന്നില്ലല്ലൊ...മിനിമം ഒരു കറുപ്പെങ്കിലും?:)

എനിക്കിഷ്ടായി...:-)

myexperimentsandme said...

കൊള്ളാം ബിരിയാണിക്കുട്ടീ.. ഇഷ്ടപ്പെട്ടു. കുറച്ച് വാക്കുകള്‍, നോ കോമ്പ്ലിക്കേഷന്‍. അപ്പോള്‍ ഇതും വഴങ്ങും അല്ലേ. പ്രീക്കല്ല്യാണസിന്‍ഡ്രോമൊന്നുമല്ലല്ലോ അല്ലേ :)

prapra said...

Platonic Relationship എന്തെന്ന് പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ക്ക് ഇതൊക്കെ ദഹിക്കുമോ ആവോ?
നാട്ടില്‍ ആയിരുന്നെങ്കില്‍, മനുവും അനിതയും ഏതൊക്കെ ദിവസങ്ങളില്‍ എപ്പോഴൊക്കെ ഒന്നിച്ച് മുറിയില്‍ ഉണ്ടായിരുന്നു മുതല്‍ അനിത എന്തിന് ഡെല്‍ഹിയിലേക്ക് താമസം മാറ്റുന്നു വരെയുള്ള കംബ്ലീറ്റ് ഡീറ്റേയില്‍‌സ് ആ ഏറിയയില്‍ ഉള്ള സകല ആള്‍ക്കാറ്ക്കും അറിയുമായിരുന്നു.

Adithyan said...

പ്രാപ്രേ, ഇവിടെ ഒരു പ്ലേറ്റോണിക് റിലേഷന്‍ഷിപ്പിന്റെ ആവശ്യമുണ്ടോ? റിലേഷന്‍ഷിപ്പിന്റെ തന്നെ ആവശ്യമുണ്ടോ?
ഇതൊരു പ്രാക്ടിക്കല്‍ അഡ്‌ജസ്റ്റ്മെന്റ് മാത്രമല്ലേ?

Anonymous said...

പരോപകാരി ചേട്ടാ

അങ്ങിനെ ഒക്കെ ചുറ്റുവട്ടത്തുള്ളോര് എത്തിനോക്കി അറിയണത് കൊണ്ടല്ലെ ഇവിടത്തെ പോലെ സൊസൈറ്റി കുത്തഴിഞ്ഞ് പോവാത്തെ..

ഹും..അപ്പോ ന്യൂയോര്‍ക്കില്‍ ഒന്ന് വന്നിട്ട് തന്നെ കാര്യം.. ;-)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഈ നഗര ജീവിതത്തില്‍ ആരുമായും ഒന്നിനോടും ഒരു റിലേഷന്‍ഷിപ്പുമില്ലാതെ ജീവിക്കുന്നതാണ്‌ നല്ലത്‌...

ബിരിയാണികുട്ടി, ഒരു വേറിട്ട രചന... നന്നായിട്ടുണ്ട്‌.....

Sreejith K. said...

ബിരൂ,മനോഹരം. അസ്സലായി പറഞ്ഞിരിക്കുന്നു.

മുല്ലപ്പൂ said...

ബന്ധങ്ങള്‍, ബന്ധനങ്ങള്‍ ആവാത്ത ഒരു കുഞ്ഞികഥ...

നന്നായി എഴുതിയിരിക്കുന്നു..

അരവിന്ദ് :: aravind said...

പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും കൊള്ളാം.
ബിരീ..തമാശ പോരട്ടെ...കോയി ബിരിയാണിക്ക് പകരം നെ‌യ്‌ചോറ് വച്ച് അഡ്‌ജസ്റ്റ് ചെയ്യാതെ ബിരീ :-))

കുറുമാന്‍ said...

മിനികഥ കൊള്ളാം ബിക്കൂ......പെരിങ്ങോടന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

സു | Su said...

കുഞ്ഞിക്കഥ നന്നായി :)

-B- said...

ഹി ഹി ഹി.. കഥ എന്നിതിനെ വിളിച്ച എല്ലാവര്‍ക്കും നന്ദി.

ഹൈദരാബാദിലെ കഥ തന്നെ ഉമേഷേട്ടാ. ആ ബാല്‍ക്കണി എന്റെ വീടിന്റെ ബാല്‍ക്കണി. എയര്‍പോര്‍ട്ട് ദോണ്ടെ ആ കാണുന്നത്‌. കൂടെ താമസിക്കുന്നവള്‍ക്ക് നൈറ്റ് ഷിഫ്റ്റും.

അവളെ പിടിച്ച് ഞാന്‍ അവനാക്കി നോക്കിയപ്പോള്‍ കഥ എന്തോ പ്ലേറ്റൊ ഗ്ലാസോ ആയിപ്പൊയതാണെന്റെ പ്രാപ്രാ ചേട്ടാ.

ബിന്ദു ഈ ചുവട് നമ്മക്ക് പറ്റിയതല്ല.

പെരിങ്ങ്സേ, നോം നമ്മുടെ കോമാളിക്കളിയില്‍ നിന്ന്‌ എങ്ങനെ പുറത്തു പോകാന്‍. :) ഡാങ്ക്സ് ട്ടാ.

ആദീ, ഇതൊക്കെ വേറെ ആളെ വെച്ചെഴുതിപ്പിക്കുന്നതാ. :)

സ്നേഹിതനെ :)

ഇഞ്ചി പെണ്ണ് ഒന്നു സൂക്ഷിച്ചു നോക്കിയേ. യാന്ത്രിക ജീവിതങ്ങളുടെ ‘പച്ച‘യായ ആവിഷ്കരണം എന്നോ മറ്റൊ? :)

വക്കാരി മാഷെ, പ്രീ കല്യാണ സിന്‍ഡ്രോം തന്നെ. എന്റെ കല്യാണം പ്രമാണിച്ച്, കൂടെയുള്ളവളെ ഒന്നു മാറ്റി പാര്‍പ്പിക്കാന്‍ ഒരു താവളം അന്വേഷിച്ച് നടന്ന് നടന്ന് ക്ഷീണിച്ചതില്‍ നിന്നുടലെടുത്ത ആത്മരോഷത്തിന്റെ ജഠരാഗ്നി ശമിപ്പിക്കാന്‍ ഇറ്റു വെള്ളാ തേടി.. ഇല്ല നിര്‍ത്തി, നിര്‍ത്തി ഉമേഷേട്ടാ, നോക്കണ്ട.

ബിജോയ് : താങ്ക്യു :)
ശ്രീജി: നാടക തിരക്കുകള്‍ക്കിടയിലും ഈ കര്‍ട്ടനു പിന്നിലേക്കെത്തി നോക്കിയതിന് :)
മുല്ലപ്പൂ ചേച്ചി, സൂ ചേച്ചി, കുറുമാന്‍ ചേട്ടന്‍ :), :), :)

അരവിന്ദന്‍ ചേട്ട്, കോയി ബിരിയാണി ഒക്കെ തീര്‍ന്നു പോയി. ദേഹണ്ഡമങ്ങ് മൊത്തത്തില്‍ നിര്‍ത്തുന്നതിനേക്കാള്‍ നല്ലതാണല്ലൊ, നെയ്‌ചോറ് വെച്ചു വിളമ്പുന്നതിനേക്കാള്‍ നല്ലതാണല്ലോ... താങ്ക്‍സ് ട്ടാ.

പറഞ്ഞ പോലെ അതുല്യ ചേച്ചി എവിടെ പോയി?

മുസാഫിര്‍ said...

വലിയ പക്ഷികളുടെ ശബ്ദം ശീലമായതു കൊണ്ടു,ഇനി ഉറക്കം വരാന്‍ അതു ടേപ്പ് ചെയ്തു കൊണ്ടു വരെണ്ടി വരുമൊ ?

Rasheed Chalil said...

കഥയായാലും അല്ല ഇനി കാര്യം ആയാലും അസ്സലായി.

വല്യമ്മായി said...

ബീകുട്ടി ദുബായില്‍ വന്നാല്‍ ഹോര്‍ അല്‍ അന്‍സ്,ബുതീന ഭാഗത്ത് താമസിച്ചാല്‍ മതി,കുറച്ചു കൂടിയ അളവില്‍ തന്നെ ഇരമ്പല്‍ കേള്‍ക്കാം.പിന്നെ ബാല്‍ക്കണിയില്‍ നിന്നും മുകളിലേക്ക് നോക്കിയാല്‍ പ്ലെയിനിന്‍റെ ചക്രങ്ങളും

K.V Manikantan said...

പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും കൊള്ളാം.
ബിരീ..തമാശ പോരട്ടെ...കോയി ബിരിയാണിക്ക് പകരം നെ‌യ്‌ചോറ് വച്ച് അഡ്‌ജസ്റ്റ് ചെയ്യാതെ ബിരീ :-))

kada:aravi

കണ്ണൂസ്‌ said...

looking for a person എന്നതിനു പകരം looking for a female എന്ന് മനു റ്റൈപ്‌ ചെയ്തിരുന്നെങ്കില്‍ ഈ കഥയില്‍ ഒളിഞ്ഞു കിടക്കുന്ന ദാര്‍ശനിക പ്രശ്നത്തിനെപ്പറ്റി ഒരു 100 കമന്റ്‌ ആവാമായിരുന്നു. കളഞ്ഞില്ലേ ബീക്കുട്ടി!!!

നന്നായിരിക്കുന്നു. :-)

Kalesh Kumar said...

ബി.കൂട്ടീ, ഇതിപ്പഴാ എന്റെ കണ്ണില്‍ പെട്ടത്!

നന്നായിട്ടുണ്ട്. ഇതിപ്പഴെഴുതിയത് നന്നായി. കല്യാണത്തിനുശേഷം എഴുതിയിരുന്നെങ്കില്‍ അതിന് വേറെ അര്‍ത്ഥതലങ്ങളൊക്കെ കല്‍പ്പിക്കപ്പെട്ടേനെ! ഞാന്‍ കല്യാണത്തിനു ശേഷം ഇതുപോലെ 2 എണ്ണം ബൂലൊഗക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് എന്റെ തലേല്‍ ആയി!

സംഭവം സ്റ്റൈല്‍!

:: niKk | നിക്ക് :: said...

പിരി ആന മോള്‍ട്ടി,

കലികാല വൈഭവം എന്നല്ലാതെ വേറൊന്നും പറയാനില്ല ട്ടാ...

പിന്നെ, വാചകക്കസര്‍ത്ത്‌ നന്നായിട്ടുണ്ട്‌ ട്ടാ. അത്‌ ഞാന്‍ കേള്‍ക്കേംകൂടെ ചെയ്തല്ലാ :P

Anonymous said...

‘സാത് സാത്‘ എന്ന സിനിമയിലല്ലെ ഇങ്ങനെ തിരക്കേറിയ ഒരു കപ്പിളിനെ ചിത്രീകരിച്ചത്? പക്ഷേ അതില്‍ അവര്‍ പരസ്പരം അങ്ങേയറ്റം സ്നേഹിച്ചവരായിരുന്നു. മനുവിന്റെ ഷര്‍ട്ടു കാണാനില്ല എന്നൊക്കെ കണ്ടപ്പോള്‍ കൂടുതല്‍ ചുരുളഴിഞ്ഞു വരും എന്നു കരുതിയത് വെറുതേയായി. മിനിക്കഥയായതിനാലാണോ ആവോ പേസ് അല്പം കൂടിപ്പോയി എന്നു തോന്നുന്നു. കഥ പറച്ചിലിന്റെ ഋജുത്വം എനിക്കിഷ്ടപ്പെട്ടു.

ഇഞ്ചീ...സ്വകാര്യജീവിതത്തിലെ അനാവശ്യമായ തലയിടല്‍ നാട്ടില്‍ കുറച്ച് അസഹ്യം തന്നെയാണ്. അമേരിക്കയിലെ “കുത്തഴിഞ്ഞ” ജീവിതം കേമമാണെന്നല്ല. വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി ബന്ധങ്ങളെ “പ്ലാറ്റോണികം”, “അപ്ലാറ്റോണികം”, മാംസനിബദ്ധം, സാഹോദര്യം എന്നൊക്കെ നിര്‍വചിച്ച് പിന്നെ അതിനകത്തുള്ള വ്യതിരിക്തമായ നിയമങ്ങളില്‍ കുരുക്കിയിടാന്‍ തുടങ്ങും.
എനിക്ക് എന്തോ അമേരിക്കയിലെ കുത്തഴിയലും, നാട്ടിലെ കുത്തിനു പിടിക്കലും ഒന്നും ഇഷ്ടമാകുന്നില്ല.

ഉമേഷ്::Umesh said...

കൂമന്‍ പറഞ്ഞു:

എനിക്ക് എന്തോ അമേരിക്കയിലെ കുത്തഴിയലും, നാട്ടിലെ കുത്തിനു പിടിക്കലും ഒന്നും ഇഷ്ടമാകുന്നില്ല.

എനിക്കെന്തോ, ഈ വരി വളരെ ഇഷ്ടമായി. പ്രത്യേകിച്ചു്, ആ ‘കുത്തിനു പിടിക്കല്‍’ പ്രയോഗം.