Thursday, August 17, 2006

ഊണ് തയ്യാര്‍!

ഈ ബിരിയാണിനാട്ടില്‍‍ വന്നിട്ട്‌ ആദ്യമായി പഠിച്ച തെലുങ്ക്‌ വാക്കാണ്‌ "പെരുകു". ഇവിടെ വന്ന് ആദ്യമായി ചേക്കേറിയ‌ ഹോസ്റ്റലിലെ സ്ഥിര വിഭവങ്ങളായ ഉപ്പുമാവ്‌(റവ-തക്കാളി കുഴമ്പ്),പുളി ഓറ, പൊങ്കല്‍, ഇഡ്ഡലി പോലത്തെ വസ്തു എന്നീ ഇനങ്ങള്‍ സ്ഥിരമായി വേസ്റ്റ്‌ ബാസ്കറ്റില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഓഫീസില്‍ അടുത്തിരിക്കുന്ന തെലുങ്കത്തിയോട്‌ ചോദിച്ചു പഠിച്ചതാണ്‌ "പെരുകു". വേറൊന്നുമല്ല, നമ്മുടെ‍ തൈര്‌. പിന്നെ പെരുകുവും ചോറും, വീട്ടീന്ന് കൊണ്ട്‌ വന്ന ചെമ്മീന്‍ അച്ചാറും മാത്രമായി നമ്മടെ ഭക്ഷണം. വിശിഷ്ട ഭോജ്യങ്ങള്‍ നിരത്തിയ ഹൊസ്റ്റല്‍ മെസ്സ് ഹാളില്‍ നിന്ന്‌ അടുക്കളയിലേക്കുള്ള കിളിവാതില്‍ക്കല്‍ ഞാനും എന്റെ റൂമിയും പതിവായി ചെന്ന് നിന്ന് പെരുകൂ..പെരുകൂ എന്ന് വിളിക്കാന്‍ തുടങ്ങി. തെലുങ്കത്തികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ കണ്ട്രി കോക്കനട്‌സ്‌ അങ്ങനെ പെരുകുവില്‍ ജീവിതം നിലനിര്‍ത്തി. വനിതയില്‍ വരുന്ന പരസ്യങ്ങളിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയും ഒക്കെ ഞങ്ങളുടെ ഹോസ്റ്റല്‍ റൂമിന്റെ ചുമരില്‍ ചിരിച്ച്‌ ഇരുന്നു.

പല കമ്പനികളിലായി പണിയെടുക്കുന്ന തുല്യ ദുഃഖിതരായ 5 മലയാളി വാനരന്മാര്‍ - പഴയ കമ്പനിയില്‍ വെച്ചേ എനിക്കറിയാവുന്നവര് -‍പിന്നെ ഞാനും എന്റെ റൂമിയും, അപ്പവും ഇടിയപ്പവുമൊക്കെ മനസ്സിലോര്‍ത്ത്‌ വീക്കെന്റ്സില്‍ ഒരുമിച്ചു കൂടി ദുഃഖങ്ങള്‍ പങ്ക്‌ വെച്ചു. ഈ ഭാഗത്തൊരു തട്ടു കടയില്‍ പോലും മലയാളി ഫുഡ്‌ കിട്ടുവാനില്ലായിരുന്നു. ഹോസ്റ്റലില്‍ സെല്‍ഫ്‌ കുക്കിംഗ്‌ ഒട്ടു സമ്മതിക്കുകയുമില്ല. തിന്നാനായി മാത്രം ജനിച്ച ഞങ്ങള്‍ മൊത്തത്തില്‍ നിരാശാ ശയ്യാവലംബികള്‍.

പുട്ടും കടലയും ഇവിടെ പലരുടെയും പോലെ നമ്മടെയും ഒരു വീക്ക്നെസ്സാണേ. അതിന് വേണ്ടി മാത്രം ഞാനും ലവളും ചേര്‍ന്നൊരു വീട് വാടകക്കെടുത്തു. ഗ്യാസു കുറ്റിയും പുട്ടു കുറ്റിയും വാങ്ങി ഞങ്ങളവിടെ കുറ്റിയടിച്ചു.

എന്തൊരു സുഖം! രാവിലെ പുട്ടും കടലയും, ഉച്ചക്ക് കുച്ച് നഹി. രാത്രി ചൂട് കഞ്ഞിയും ചെറു പയര്‍ പുഴുക്കും. അങ്ങനെ തരം പോലെ ഓരൊന്ന് - അപ്പം, മുട്ടക്കറി, ദോശ, ബീഫ് (രഹസ്യമായി), മീന്‍ വറുത്തത്‌, വെച്ചത്‌, കരിച്ചത്‌, കോഴി കമ്പിയില്‍ കോര്‍ത്തത്‌, നിര്‍ത്തി പൊരിച്ചത്‌, ജീവനുള്ളത്‌ , അങ്ങനെ ജീവിതം ഭക്ഷണ സുരഭിലവും ഹൃദയം ആഹ്ലാദഭരിതവുമായി ഒരാഴ്ചയോളം കടന്നു പോയി. ലവളെ തന്നെ എന്റെ റൂം മേറ്റ് ആയി തന്നതിന് ഞാന്‍ ദിവസോം രണ്ട്‌ നേരം ദൈവത്തിന് അക്‍നോളജ്മെന്റ്‌ അയച്ചിരുന്നു. എന്താ കൈപ്പുണ്യം!

ആ ഞായറാഴ്ചയാണ് നമ്മടെ പിള്ളേര്‍ക്ക്‌ ഒരു ഊണ് കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയത്‌ . ആര്‍ഭാടമായി. വിളിച്ച ഗഡീസ് എല്ലാം എത്തുകയും ചെയ്തു, ഭക്ഷണം കഴിഞ്ഞ് ഫാനിട്ട്‌ വിശ്രമിക്കേം ചെയ്തു, നാല് മണിക്ക്‌ ചായ ചോദിച്ചു വാങ്ങി കുടിക്കേം ചെയ്തു. ഒപ്പം ഒരുപാട് ചിപ്സും തിന്ന്‌ താങ്ക്സും തന്ന്‌ അവര്‍ പോയി. ഞങ്ങള്‍ കൃതാര്‍ത്ഥരായി.

പിറ്റേന്ന്‌ തൊട്ട് രാവിലെ ഒരു 8 മണിയാകുമ്പോള്‍ എതെങ്കിലും ഒരുത്തനെത്തും.

“ഇതിലേ ഒന്നു പോകണ്ട ഒരാവശ്യം ഉണ്ടായിരുന്നു. എന്നാ പിന്നെ ചേച്ചിയെ ഒന്നു കാണാമെന്ന്‌ വെച്ചു.” ദോശയും ചമ്മന്തിയും കഴിച്ച് ഏമ്പക്കവും വിട്ട്‌ അവന്‍ ഇറങ്ങുമ്പോള്‍ “ഡാ, നീ പോണ വഴിക്ക്‌ ഈ കറന്റ് ബില്ലൊന്നടച്ചൊ.” എന്ന്‌ പറഞ്ഞാല്‍ എപ്പ അടച്ചൂന്ന്‌ ചോദിച്ചാല്‍ മതി. ഞാനും ഹാപ്പി.

പിറ്റേ ദിവസം വേറെ ഒരാള്‍ക്കായിരിക്കും ആ വഴി പോകേണ്ട ആവശ്യം വരുന്നത്‌. ശനിയും ഞായറും എല്ലാ വാനരന്മാര്‍ക്കും ഈ വഴിയേ പോകാനുണ്ടാവൂ.

ഇതിങ്ങനെ പുരോഗമിച്ചപ്പോള്‍ ആണ് നമ്മുടെ വലിയ തലയിലൊരു ബിസിനസ്സ് ബള്‍ബ് കത്തിയത്‌. എന്തു കൊണ്ടൊരു കേരള മെസ്സ് തുടങ്ങിക്കൂടാ. ഹൈട്ടെക്‌ സിറ്റി പരിസരത്തു തന്നെ. ഞങ്ങളെ പോലെ കൊതി പിടിച്ചു നടക്കുന്ന വേറെയും മലയാളികള്‍ ഇഷ്ടം പോലെ ഈ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നില്ലേ? ഒരപ്പത്തിന്‌ 25 രൂപയൊക്കെ കൊടുത്ത്‌ കഴിക്കാന്‍ കേരള ഫുഡ് ഫെസ്റ്റിവലില്‍ അവര്‍ പോകുന്നില്ലേ? നമ്മള്‍ വെറും 5 രൂപക്ക്‌ ഇതേ അപ്പം വില്‍ക്കുന്നു. അപ്പൊ അവര്‍ അത് എല്ലാ ദിവസം കഴിക്കുന്നു. നമ്മള്‍ അപ്പം മാത്രമല്ല, പുട്ട്‌ , ഇടിയപ്പം എന്ന് വേണ്ട എല്ലാ മലയാളി പലഹാരവും ഉണ്ടാക്കുന്നു. തല്‍കാലം രാവിലത്തെ ഫുഡ്‌ മാത്രം. പിന്നെ ബിസിനസ്സ്‌ പച്ച പിടിക്കുമ്പോള്‍ ഉച്ചക്ക്‌ ഊണും കൊടുക്കാം.

ഇത്‌ ഞാനെന്റെ കുക്ക് കം റൂമിയുടെ മുന്നില്‍ സമര്‍പ്പിച്ചു.

"ബെസ്റ്റ്‌ ഐഡിയ. പക്ഷേ ഭക്ഷണം ഉണ്ടാക്കാ‍ന്‍ വേറെ ആളെ നോക്ക്‌.”

അതെ. വേറെ ആളെ നോക്കണം. അയാള്‍ക്ക്‌ വല്ല നക്കാപിച്ച കൊടുത്താല്‍ മതിയല്ലൊ. ഒന്നാലോചിച്ചു നോക്കിയേ. ബാംഗ്ലൂരിലെ കൈരളി മെസ്സ് പോലെ നമ്മടെ മെസ്സും ഫേമസ്സാവുന്നു. ബിരിയാണീസ് തട്ടുകട. അതാവുമ്പൊ ഒരു ഗെറ്റപ്പും ഉണ്ട്‌.

വാനരന്മാരിലൊരുത്തനോട്‌ ഉടനെ ഡിസ്കസ് ചെയ്തു.

“കിടിലന്‍ ഐഡിയ ചേച്ചി. നമുക്ക്‌ നാളെ തന്നെ തുടങ്ങാം.” പടക്ക് പിന്നിലെങ്കിലും പന്തിക്ക്‌ മുന്നില്‍.

"ചെക്കാ നീ ധൃതി പിടിച്ചാല്‍ പറ്റില്ല. ഇതിനൊക്കെ മൂലധനം വേണം, മൂലധനം. ആളെ കൊണ്ട്‌ വരല്‍ ഞാന്‍ ഏറ്റാല്‍ തന്നെ, തുടങ്ങാന്‍ സ്ഥലമൊക്കെ വേണ്ടെ? അതിന്‌ കായ്‌ വേണ്ടേ.. കായ്‌..? എന്റെ കയ്യില്‍ ഒരു മച്ചിങ്ങ പോലും ഇല്ല."

"ഞാന്‍ അപ്പവോടൊന്ന് ചോദിച്ചു നോക്കാം. ബിസിനസ്സ് എന്ന്‌ കേട്ടാ‍ല്‍ ആള് അവിടെ വീഴും." പട്ടര്‍ ഭയങ്കര കോണ്‍ഫിഡന്റ്.

"എന്നാ നീ ഇപ്പൊ തന്നെ അപ്പനെ വിളി"

"ഹലോ അപ്പാ, ഇത്‌ നാന്‍ പേസറെ‍. ഇന്ത ഇടത്തിലെ ഒരു ഹോട്ടല്‍ ബിസിനസ്സ്‌ തുടങ്ങാന്‍ പ്ലാന്‍ ഇറുക്കെ. അപ്പാ തുടക്കത്തിനുള്ള കാശ്‌......" ഫോണ്‍ ചെവിയില്‍ നിന്ന്‌ 3 അടി നീക്കി പിടിച്ചാണ് പിന്നത്തെ പോസ്.

"അപ്പന്‍ എന്തൂട്ടാ പറഞ്ഞേടാ?"

മുഖത്തൊരു വൈക്ലബ്യം.

"നീ എന്റെ മോനല്ലായിരുന്നെങ്കില്‍‍ ഞാന്‍ നിന്റെ തന്തക്ക്‌ വിളിച്ചേനേ ന്ന്‌." ബെസ്റ്റ്‌ അപ്പന്‍.

“സാരല്യ, നമുക്ക്‌ നോക്കാടാ.”

പിന്നെ എല്ലാം ചടുപിടീന്നായിരുന്നു. ആളെ കൊണ്ട് വരാമെന്ന് ഞാന്‍ ഏറ്റത്‌ റോസിലിയേച്ചീനെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടായിരുന്നു. എപ്പൊ നാട്ടില്‍ പോകുമ്പഴും റോസിലിയേച്ചി പറയും “ഞാന്‍ നിന്റെ കൂടെ അങ്ങട് വരട്ടെ ടീ? ഇവിടെ ഇവറ്റോള്‍ രണ്ടെണ്ണം ഉണ്ടെങ്കിലും ഒഴക്ക് കഞ്ഞ്യെള്ളം കുടിക്കണങ്കില്‍ ഞാന്‍ തന്നെ രാവിലെ തൊട്ട് വൈന്നേരം വരെ ഓല മെടയണം.” റോസിലിയേച്ചീടെ മോന്‍ രാജന് രണ്ട് ഭാര്യമാ‍രാ. ഒന്നിന്റെ നാക്ക് എന്‍.എച്ച് 47 ആണെങ്കില്‍ മറ്റതിന്റെത്‌ മടവാള്‍ ആണ്. റോസിലിയേച്ചി എപ്പൊ ഇത് പറഞ്ഞാലും “ചേച്ചി അവിടെ വന്നിട്ട് ചെയ്യാന്‍ മാത്രം പണിയൊന്നും അവിടെ ഇല്ലെന്റെ റൊസിലിയേച്ച്യേ” എന്നും പറഞ്ഞു ഞാന്‍ പതുക്കെ ഊരാറാണ് പതിവ്‌. “എന്നാ നിന്റെ കല്യാണം കഴിഞ്ഞ് , പ്രസവം നോക്കാനെങ്കിലും നീയെന്നെ കൊണ്ടോണം ട്ടാ” എന്നും പറഞ്ഞ് റോസില്യേച്ചി ബാക്കി ഓല മെടയാന്‍ തുടങ്ങും.

അത്തവണ നാട്ടില്‍ പോയത്‌ റോസില്യേച്ച്യേ കാണാന്‍ വേണ്ടി മാത്രം. ഇത്തവണ ഞാന്‍ പോകുമ്പൊ ചേച്ചി എന്റെ കൂടെ വരോ എന്ന്‌ ചോദിച്ചപ്പൊ ആട്ടോമാറ്റിക്കായി റോസില്യേച്ചിയുടെ കണ്ണുകള്‍ എന്റെ വയറിനു മുകളിലൊരു ഉഴിച്ചില്‍.

“അയ്യൊ.. അതല്ല ചേച്ച്യേ..ഇത്‌ കുറച്ച് പാചകത്തിനാ. ചേച്ചിക്ക്‌ വരാന്‍ പറ്റോ?“
“എന്ത്‌ എടവാടായാലും ഞാന്‍ വരാം മോളേ. ഇവറ്റോള്‍ടെ മോന്തായം കാണണ്ടല്ലോ.“

അങ്ങനെ ഞാനും റോസിലിയേച്ചിയും ശബരി എക്‍സ്‌പ്രസ്സില്‍ ഹൈദരാബാദ് വന്നിറങ്ങി.

ഹൌസ് ഓണര്‍ അനുവദിച്ചു തന്ന ചായ്പ്പില്‍ അങ്ങനെ ബിരിയാണീസ് തട്ടുകട 5 വാനരന്മാരുടേയും പിന്നെ ഞങ്ങള്‍ രണ്ട് പേരുടേയും കാര്‍മ്മികത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടുകാരോടൊക്കെ പറഞ്ഞ്‌ പരസ്യം കൊടുക്കാന്‍ വാനരന്മാരെ ഏല്‍പ്പിച്ചു.

ആദ്യ ദിനം.

ഓഫീസില്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ഇപ്പൊ അവിടെ ബിസിനസ്സ് പൊടി പൊടിക്കായിരിക്കും. വൈകുന്നേരം ചെല്ലുമ്പോള്‍ നിറഞ്ഞിരിക്കുന്ന പണപ്പെട്ടി. ചൂടും പുകയും കൊണ്ട് വിയര്‍ത്തിരിക്കുന്ന റോസിലിയേച്ചിയുടെ മുഖത്തുള്ള ആ നിര്‍വൃതി. ഹോ!

ഇരിപ്പുറക്കാതെ വന്നപ്പോള്‍ പതിവു പോലെ ബാഗ് ഡെസ്കില്‍ പ്രതിഷ്ഠിച്ച്‌ ഞാന്‍ മുങ്ങി.

“എങ്ങനെ ണ്ട് റോസിലിയേച്ച്യേ? ആളുകള്‍ വല്ലതും വന്നോ?”
“പിന്നേ.. പത്ത് പന്ത്രണ്ട് പേര് വന്നൂടീ. ഇണ്ടാക്ക്യേ പുട്ട് മുഴ്വോനെ തീര്‍ന്നു.”
ങെ! അപ്പോ കൊള്ളാലോ.
“അപ്പോ കാശ് കൊറെ ണ്ടാക്കീലേ കൊച്ചു കള്ളീ. നോക്കട്ടെ.”
“അതിനാരും കാശ് തന്നില്ല മോളെ. ഒക്കെ നമ്മുടെ പിള്ളാരുടെ കൂടെ വന്ന മക്കളാ. അവരടെ കയ്യീന്ന്‌ എങ്ങന്യാ കാശ് ചോദിച്ച്‌ വാങ്ങാ?”

പട്ക്കൊ! ദേ കിടക്ക്ണ്!

ഒരു സുന്ദര ബിസിനസ് സ്വപ്നത്തിന്റെ കമ്മേഴ്സ്യല്‍ ബ്രേക്ക്.

പിന്നെ മൂന്നു ദിവസം കൂടി റോസിലിയേച്ചി അപ്പവും പുട്ടും ഉണ്ടാക്കി. വാനര സുഹൃത്തുക്കള്‍, അവരുടെ മലയാളി സുഹൃത്തുക്കള്‍, മലയാളികളല്ലാത്ത-പുട്ട് കാണാന്‍ വന്നിട്ട്‌ തിന്നു പോയ-സുഹൃത്തുക്കള്‍, ഹൌസ് ഓണര്‍. എല്ലാവരും കൂടി ബിരിയാണിസ് തട്ടുകടക്ക്‌ കര്‍ട്ടന്‍ ഇട്ടു. ദിവസത്തോട്‌ ദിവസം ഒരാഴ്ചയും ഒരു ദിവസവും - ശേഷം റോസിലിയേച്ചി നാട്ടില്‍ ഓല മെടഞ്ഞു.

44 comments:

ഉമേഷ്::Umesh said...

എന്നാലും എന്റെ ബിരിയാണിക്കുട്ടീ, ഞങ്ങളോടു് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍! മൂന്നു നേരവും ഞങ്ങള്‍ അവിടെ ആയിരുന്നേനേല്ലോ.

ഖൈരത്താബാദില്‍ നിന്നു പഞ്ചഗുട്ടയ്ക്കു പോകാന്‍ തിരിഞ്ഞുകഴിഞ്ഞാള്‍ ഇടത്തുവശത്തു കയറ്റത്തിനു മുകളിലുള്ള വെജിറ്റേറിയന്‍ ഹോട്ടലിലും, ചിരഞ്ജീവിയുടെ ദോശ തൊട്ടു് നാഗാലാന്‍ഡിലെ ചമ്മന്തി വരെ കിട്ടുന്ന “ചട്ണീ”സിലും, ആ വലിയ കുളത്തിന്റെ കരയിലുള്ള “രുചി”യിലും, സൈനിക് പുരിയില്‍ പോകുന്ന വഴിക്കുള്ള രണ്ടു നിലയിലുള്ള റെസ്റ്റോറന്റിലും കുറേ വടക്കു മാറി ഉഡുപ്പി ഹോട്ടലിലും എന്നിങ്ങനെ വെജിറ്റേറിയനും, “മെയിന്‍ ലാന്‍ഡ് ചൈന” മുതല്‍ “Y2K ചിക്കന്‍ ഡോട് കോം” വരെയുള്ള എല്ലാ നോണ്‍ വെജിറ്റേറിയന്‍ കടകളിലും എത്ര കാശാ ചെലവാക്കിയിട്ടുള്ളതു്! ഞങ്ങളുടെ പറ്റു മാത്രം മതിയായിരുന്നല്ലോ ബിസിനസ്സ് പച്ചപിടിക്കാന്‍!

ഇനി ഷാര്‍ജയില്‍ തുടങ്ങു്. ആളെ ഞാന്‍ പിടിച്ചുതരാം :-)

അഞ്ചല്‍ക്കാരന്‍ said...

"നീ എന്റെ മോനല്ലായിരുന്നെങ്കില്‍‍ ഞാന്‍ നിന്റെ തന്തക്ക്‌ വിളിച്ചേനേ ന്ന്‌." ബെസ്റ്റ്‌ അപ്പന്‍.

ബെസ്റ്റ് പ്രയോഗം
ബെസ്റ്റ് അവതരണം
ബെസ്റ്റ് വിഷസ്.....

Anonymous said...

ഹഹഹ...ഈ ബിരിയാണിക്കുട്ടീന്റെ ഒരോ പോസ്റ്റും വായിക്കാന്‍ എന്താ രസം?

ബാംഗളൂര്‍ ഇതേ കാരണത്താല്‍ ഞാനും റൂമിയും കൂടി വീടെടുത്തു. എന്നും ചീര സാംബാര്‍ കഴിച്ച് മടുത്ത്...ബ്രെഡില്‍ മാത്രം ഒതുക്കേണ്ടി വന്നപ്പൊ..

വീടെടുത്തപ്പൊ ഗഡീസ് ഇതുപോലെ തന്നെ ഭക്ഷണം കഴിക്കാന്‍ വരുമായിരുന്നു. പിന്നെ വന്ന് വന്ന് അവരു തന്നെ വീക്കെണ്ടൊക്കെ ഒരു പതിനൊന്ന് മണിയാവുമ്പൊ രണ്ടോ മൂന്നോ പേര്‍ ഇച്ചിരെ ബീഫും ഇച്ചിരെ കോഴിയും മിനും ഒക്കെ മേടിച്ചേച്ച് വരാന്‍ തുടങ്ങി...അഹ്..എന്നാ നിങ്ങള് രണ്ടാളും കൂടി ഇതൊന്ന് വെച്ചെ എനൊക്കെ പറഞ്ഞ്..നിങ്ങള്‍ക്ക് വേണ്ടി മേടിച്ചതാന്ന് പറഞ്ഞ്...അവസാനം ഹൌസ് ഓര്‍ണര്‍ കണ്ണുരുട്ടിക്കാണിച്ചപ്പൊ അത് നിറുത്തി...പിന്നെ എന്നാ ലഞ്ചു കൊണ്ട് കൊടുക്കണം എന്നാക്കി ഗഡീസ് . അങ്ങിനെ ഓഫീസില്‍ പോവുമ്പൊ മൂന്നും നാലും ലഞ്ച് ബോക്സൂം കൊണ്ടാ പോയ്ക്കൊണ്ടിരുന്നത്.....
എന്തൊക്കെയാണെങ്കിലും നാലു പേര്‍ക്ക് വിളിച്ച് എസ്പ്ഷ്യലി ബാചിലേര്‍സിനു ഭക്ഷണം കൊടുക്കുന്നേന്റെ സുഖം ഒന്ന് വേറെ തന്നെയാ...

ഈ തട്ടുകട ബുദ്ധി അന്ന് ശരിക്കും തോന്നീല്ല.
ശ്ശൊ! നഷ്ടം!

Adithyan said...

യ്യോ!!

ഈ ബീക്കുട്ടിയേച്ചിയും ഇഞ്ചിച്ചേച്ചിയും കൂടെ ഓര്‍മ്മകള്‍ കൈവളയായി ചാര്‍ത്തി ;) ഞാന്‍ വിചാരിച്ചു ഇതു ഞങ്ങടെ ഒക്കെ മാത്രം അഡ്‌ജസ്റ്റ്മെന്റാരുന്നെന്ന്. എല്ലാരും എല്ലാടത്തും ഇതൊക്കെത്തന്നെ ആരുന്നു അല്ലേ? ;))

ഹാ‍ാ‍ാ! അതൊക്കെ ഒരു കാലം ;)

ബീക്കൂ, പതിവു പോലെ മനോഹരം. പിന്നെ ഈ റോസിലിയേച്ചി ഒരു ഭാവനാകഥാപാത്രമല്ലേ?
മാനേജരെ ചീത്ത വിളിച്ചിട്ട് ബീക്കുട്ടി തന്നെ പാചകം തുടങ്ങീന്നും ഒരാഴ്ച കഴിഞ്ഞ് എങ്ങും എത്താതെ വന്നപ്പോ മാനേജരെ സോപ്പിട്ട് വീണ്ടും കയറി എന്നും ഒക്കെ പാണര്‍ പാടി നടക്കുന്നുണ്ടോ?

Anonymous said...

ഹാ എത്ര മനോഹരം ...

കീപ് ഇറ്റ് അപ്പ്..

Anonymous said...

നീ എന്റെ മോനല്ലായിരുന്നെങ്കില്‍‍ ഞാന്‍ നിന്റെ തന്തക്ക്‌ വിളിച്ചേനേ ന്ന്‌." :) :) :)

ബാബു said...

ബിരിയാണിക്കുട്ടിയുടെ മാത്രമായ സ്റ്റൈലില്‍ രസകരമായി പറഞ്ഞിരിക്കുന്നു.

സ്നേഹിതന്‍ said...

തന്തയ്ക്ക് വിളി ഒഴിവാക്കിയ തന്തയുടെ വിളി ഇഷ്ടപ്പെട്ടു.
ബിരിയാണിക്കുട്ടിയുടെ ഊണ് അതിരുചികരം.

ഞാനുമൊരു 'ഊണ്' തയ്യാറാക്കിയിരുന്നു.
http://bahuvarnakuda.blogspot.com/2006/07/blog-post.html

ദിവാസ്വപ്നം said...

അത് കലക്കീ ബിരിയാണിക്കുട്ടീ...

സ്മാള്‍ സ്കെയില്‍ ബിസിനസ്സിന്റെ കാര്യം പറയുമ്പോ... അല്ലേല്‍ വേണ്ടാ, ശരിയാവില്ല :)

Unknown said...

നന്നായി എഴുതീരിക്കുന്നു ബിരിയാണി... ഈ ബാംഗ്ലൂരില്‍ ഇങ്ങനെ ബാച്ചിലേഴ്സിനെ വിളിച്ച് ഭക്ഷണം കൊടുക്കണമെന്ന് ഒരു പെണ്ണിനും തോന്നാത്തതെന്താണോ?

myexperimentsandme said...

മീറ്റ് മീറ്റെന്നും പറഞ്ഞ് നാഴികയ്ക്ക് നാല്‍‌പതുവട്ടം ഫോട്ടം ഇട്ടില്ലേ കുഞ്ഞാ, സ്വന്തം മാത്രമോ, മുകളില്‍ ദിവാ പറഞ്ഞ “സ്മോള്‍” സ്കെയില്‍ ബിസിനസ്സിന്റെയും കൂടി. പിന്നെങ്ങിനാ വല്ലവരും, ഇനി കട തുടങ്ങിയാല്‍ തന്നെ... :)

ബിരിയാണിക്കുട്ടിക്കടബിസിനസ്സവലോകനം നന്നായി. മനോരമ പുതിയ ചാനല്‍ തുടങ്ങി. എന്റര്‍പിണറായി വിജയന്മാരെയൊക്കെ അവര്‍ തപ്പുന്നുണ്ട്, മണികിലുക്കം എന്നോ മറ്റോ ഉള്ള പരിപാടിക്ക്. ആദ്യ ബിസിനസ്സ് ഐഡിയാ അവരുമായി ഷെയര്‍ ചെയ്യാം.

ഇവിടെ കുറെ അണ്ണന്മാര്‍ എല്ലാ മാസവും ഒരു ദിവസം കേരളാ സ്റ്റൈല്‍ സദ്യ കൊടുക്കുന്നുണ്ട്. മലയാളികളല്ല, ജാപ്പനീസണ്ണനണ്ണിമാര്‍. ഇതുവരെ പോയില്ല.

Neelan said...

ബിരിയാണിക്കുട്ടി..നന്നായിട്ടുണ്ടു കെട്ടോ. കുറെ ചിരിച്ചു. ഏതോ ഒരു സിനിമയില്‍ കണ്ടിട്ടുണ്ട്, ബെഞ്ചില്‍ ഇരിക്കുന്ന IT അണ്ണന്മാര്‍ക്കു തോന്നുന്ന ബെസ്റ്റ് ഐടിയ ആണ്‍ Hotel തുടങ്ങുക എന്നുള്ളതു.

ഓ.ടോ. വക്കാരീ.. ഇവിടെ തമിഴന്മാരുടെ രീതിയില്‍ ഭക്ഷണം കൊടുക്കുന്നെന്നു കേട്ടിട്ടുണ്ടു. ഒരു തവണ പോയി കഴിച്ചിട്ടും ഉണ്ട്. ഇകെബുക്കുറോയില്‍ എവിടെയോ ആണു.

myexperimentsandme said...

അതെയോ...അതുകൊള്ളാമല്ലോ.

നകാനോ ഏരിയായിലെവിടെയോ ആണ് സദ്യവട്ടമുള്ളതെന്ന് ആരോ പറഞ്ഞിരുന്നു. ആരോ പോയി കഴിക്കുകയും ചെയ്തിരുന്നു. ഒന്നന്വേഷിക്കാം.

(ബിരിയാണീ, ഓഫിനു മാഫ്)

qw_er_ty

bodhappayi said...

ആസ്ഥാന ബിരിയാണിപ്പട്ടം വാങിച്ച ബിരിയാണി ദേ പുട്ടിനും അപ്പത്തിനും പുറകേ പോകുന്നു. നമ്മള്‍ മലയാളികളുടെ ഒരു കാര്യമേ... :)

Sreejith K. said...

ബിരൂ, വിവരണം മനോഹരം. അസ്സലായി ബിസിനസ് പ്ലാന്‍സ്. എന്നാലും പൊളിഞ്ഞുപോയല്ലോ, കഷ്ടമായി.

അവസാന്‍ പാരഗ്രാഫ് കലക്കന്‍. എനിക്കേറ്റവും ബുദ്ധിമുട്ട് അവസാന‍ പാരഗ്രാഫ് എഴുതാനാ. എന്നെ ശിഷ്യനാക്കുമോ?

അരവിന്ദ് :: aravind said...

ഹഹ..
കലക്കി ബിരീ :-))

അല്ലാ നമ്മടെ ശ്യാം ലാലിലെ ആന്റീസ് കിച്ചണ്‍ ഇപ്പോളുമുണ്ടോ? ആന്ധ്രാ സാമ്പാറില്‍ നിന്ന് പല്ലിയെ കിട്ടിയാലും പിന്നേം ഇടിച്ചു തള്ളി അങ്ങോട്ടു പോകുമായിരുന്നു,ഞങ്ങളെല്ലാവരും.. എന്തിനാണെന്ന് ഊഹിച്ചോ.
പിന്നൊരു ബോബിയുണ്ടായിരുന്നല്ലോ..കേരളഫുഡ് ഡെലിവറ് ചെയ്യൂന്ന...എല്ലാരും ഉണ്ടോ ആവോ ഇപ്പോ!

“ഓലമെടയല്‍“ പ്രയോഗം സൂപ്പര്‍. :-)

മുല്ലപ്പൂ said...

ബിരിയാണീ,
തട്ടുകട , അടിപൊളി.
അവസാനവും...

ഓലമെടയല്‍ കൊള്ളാം.

കരീം മാഷ്‌ said...

ബ്ലോഗെഴുത്തുകരെ കൂട്ടായി അപമാനിച്ച ലേഖകനു 'ജമാല്‍കോട്ട' കൊടുക്കണം എന്നു എഴുതിയതു വായിച്ചു.
ഈ സാധനത്തെ കുറിച്ചുള്ള വിവരത്തിന്ന്‌ ഞാന്‍ തേടി നടക്കുകയായിരുന്നു.

എവിടെ കിട്ടും. എന്റെ മുഴുമിക്കാത്ത ഒരു കഥയില്‍ ഇവനുണ്ട്‌ ഈ 'ജമാല്‍കോട്ട'.
ഞങ്ങളുടെ ലോക്കല്‍ സ്‌പോണ്‌സരുടെ റേസിംഗ്‌ ഹോര്‍സിന്‌ വയറിളക്കാനായി കൊണ്ടു വന്നതു വെച്ചു ഞങ്ങളുടെ 'കൊട്ടാരം കുക്ക്‌' മാധവേട്ടന്‍ ഒരു അഭ്യാസം കാട്ടിയിരുന്നു.(സസ്‌പെന്‍സ്‌ അങ്ങനെ നിക്കട്ടെ!)
ഇതിനെ കുറിച്ചുള്ള അറിയാവുന്ന വിവരങ്ങള്‍ തന്നാല്‍ വളരെ നന്ദി.എനിക്കു എന്റെ കഥ നന്നാക്കമായിരുന്നു.
tkkareem@gmail.com
ഫിക്‌സഡ്‌ ചാര്‍ജുള്ള ഹോട്ടലുകാരൊട്‌, ആക്രാന്തം കാട്ടി വീണ്ടും വീണ്ടും എക്‌സ്‌ട്രാ ആവശ്യപ്പെടുന്ന തീറ്റ ഭ്രാന്തന്മാര്‍ക്ക്‌ ഈ ജമാല്‍ കോട്ട ഇട്ടുകൊടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്‌. ബിരിയാണിക്കുട്ടിയും ഇതു കേരളാ സ്‌റ്റൈലില്‍ പ്രയോഗിച്ചിരുന്നോ?

myexperimentsandme said...

കുറുമാന്‍ ജമാല്‍‌കോട്ടയുടെ ഒരു എക്സ്‌പെര്‍ട്ട് ആണ്. കുറുമാന്റെ ഒരു പോസ്റ്റിലുണ്ട്, അതിന്റെ വിവരണം.

Shiju said...

ജമാല്‍ ക്കോട്ട ഇതാ ഇവിടെ നിന്ന്‌ ഇഷ്ടം പോലെ കിട്ടും. കുറുമന്‍ ചേട്ടന്‍ അതിന്റെ ആശാനാണ്.

myexperimentsandme said...

അപ്പോള്‍ പറ ചാക്കോച്ചീ, ഇവിടെവിടാ? അല്ലെങ്കില്‍ ഇവിടെവിടായിരുന്നു? ഞാന്‍ ഇന്നിട്ടിരിക്കുന്ന സ്യൂട്ടിന്റെ (ഷര്‍ട്ടാണേ, പക്ഷേ ഒരു വെയിറ്റിന്-ആരും അറിയേണ്ട-അല്ലെങ്കിലും സ്യൂട്ടിനൊക്കെ എന്താ വെയിറ്റ്)കളറെന്ത്? എന്നെ കാണാന്‍ അമീരഖാനെപ്പോലെയോ ഴ്‌തിക് ഴോഷനെ(കഃട് വിശാലന്‍)പോലെയോ?

ഡിക്റ്ററ്റീവ് നീലേട്ടനെ ഞാന്‍ അല്ലെങ്കില്‍ കോണ്‍‌ട്രാക്ട് ഏല്‍‌പ്പിക്കും :)

ബിരിയാണിമനസ്കേ, രണ്ടാമോഫിനൊരു മൂന്നാം മാഫ്.

qw_er_ty

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പണ്ട്‌ ഡല്‍ഹിയില്‍ നിന്നും ചുരിദാറുകള്‍ നാട്ടിലേക്ക്‌ കൊണ്ടുപോയി കച്ചവടമാക്കാന്‍ ഒരു മോഹം തോന്നി. ചിറ്റ, അമ്മായി, അമ്മായിയുടെ രണ്ട്‌ മക്കള്‍, അയലത്തെ സ്യാമള ചേച്ചി ഇവരെല്ലാം രണ്ട്‌ പീസ്‌വെച്ചെടുത്തു... കാശ്‌.. ഹീ.. ഹീ.... എന്റെ ബിസിനസ്സ്‌ വെസനസ്സായി...

ആനക്കൂടന്‍ said...

നന്നായിട്ടുണ്ട്. പട്ടരുടെ ഫോണ്‍ പേശല്‍ കലക്കി.

Anonymous said...

ന്റ്റെ പൊന്നൂ...ആ നായിഡൂന്‍റെ കയ്യിലെങ്ങാനും നിന്നെ കിട്ടീരുന്നെങ്കി ഹൈദരാബാദിന്‍റെ ഭാഗധേയം തന്നെ മാറ്യേനെ.ബിസിനെസ്സുകാര്യാണെങ്കി ഇങ്ങനെ വേണം.അപ്പന്‍ പട്ടര്‍ക്ക് പുത്തിണ്ട്.പാവം റൊസിലിച്ചേച്ചി ! ഓലമെടയല്‍ മറക്കാണ്ടിരുന്നത് ഭാഗ്യം. ചേച്ചിടെ വീട്ടിലെ ആ രണ്ടെണ്‍നത്തിന്‍റെ മോന്തേലെ ഇളി ...

നന്നായിണ്ടെട്ടൊ
ഉമ്മ

ബിന്ദു said...

ബിരിയാണിക്കുട്ടിയേ... കുറച്ച് ഐഡിയാസ് വേണമായിരുന്നു.;). ഹൈദ്രബാദില്‍ വന്നാല്‍ രക്ഷയായി. ഞാനിപ്പോഴേ ബുക്കു ചെയ്യുന്നു ട്ടോ. എപ്പോഴാണൊ അങ്ങോട്ടൊന്നു പോവാ‍ന്‍ പറ്റുക.

Abdu said...

നന്നാവുന്നു,
ഓര്‍മകളെ ഇങ്ങനെ ജീവിപ്പിക്കാന്‍ കഴിയുന്നത് നല്ലതാണ്,
വിവരണവും നന്നായിരിക്കുന്നു,
മുന്നെ ഈ വഴി വന്നിട്ടില്ല,
ആദ്യം വയിക്കുന്നതാണ്,
വീണ്ടും വരാം ശ്രമിക്കാം

-B- said...

അടുത്ത കാര്യപരിപാടി, നന്ദി പ്രകടനം.

ഉമേഷേട്ടാ, ഒരു വാക്ക്‌ നേരത്തേ പറയണ്ടേ. ശേ! അപ്പോ ദുബായി ശരവണ ഭവനില്‍ മാത്രമല്ല, പറ്റ് തന്നെയായിരുന്നെല്ലായിടത്തും ല്ലേ?

അഞ്ചല്‍ ഗഡീ, അവനോ അവന്റെ അപ്പനോ ഇത് വായിക്കുന്നത് വരെയേ ഉള്ളു നമ്മടെ കഥ. :)

ഇഞ്ചിത്തൈലവും അപ്പൊ ഈ നോണ്‍ പ്രോഫിറ്റ് ബിസിനസ് ചെയ്തിട്ടുണ്ടല്ലേ. :) വേറൊരു പോയന്റ് നോട്ടഡ്‌. - ബാംഗ്ലൂര്‍. എല്ലാം കൂടി കൂട്ടി ഞങ്നള്‍ ഒരു വായനയുണ്ട്‌. (ചുമ്മ. ചൂടാവല്ലേ. ദേ സ്‌മൈലി. :))

മോളൂട്ടീ നന്ദി :)

അനുചേച്ചീ, കോഴി ബിരിയാണി ഇവിടെ എല്ലാ പെട്ടികടയിലും കിട്ടുന്നതല്ലേ. പുട്ടും കടലയും അല്ലേ കിട്ടാത്തെ. :)

ആദി മധ്യാന്ത വര്‍ണമേ, ഞാന്‍ നിന്നോട് സീക്രട്ടായി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാമോ? :)

അനോണീ, ഗൊച്ചു ഗള്ളാ, ഉം.. ഉം.. നമ്മള്‍ക്കൊന്നും പിടികിട്ടണില്ലാന്ന്‌ വിചാരിക്കണ്ട ട്ടോ. :)

ബാബു :)

സ്‌നേഹിതാ :) ബഹുവര്‍ണ്ണ കുട കണ്ടു. നന്നായിരിക്കുന്നു.

ദിവേട്ടാ വേണ്ട വേണ്ട ഇവിടെ പറയണ്ട. അടുത്ത പോസ്റ്റ് ആയിക്കോട്ടെ അത്‌. :)

കുഞ്ഞന്‍സേ അവിടെ ഇഷ്ടം പോലെ മലയാളി മെസ്സുകള്‍ ഉണ്ടല്ലോ, അതു കൊണ്ടായിരിക്കും. :)

വക്കാരി മനുഷ്യാ, ജപ്പാങ്കാരന്റെ മലയാളി സദ്യ! ഉണ്ട് തന്നെ അറിയണം. ഒന്ന്‌ പരീക്ഷിച്ചു നോക്ക്. ഒരു പോസ്റ്റിനുള്ള വകുപ്പൊത്താലോ? :)

നീല്‍‌സേ, സത്യം. അന്ന് ഞാനും ബെഞ്ചിലായിരുന്നു! :)

കുട്ടപ്പായി, മല്ലു ഇസ് ആള്‍വേസ് എ മല്ലു. :)

ശ്രീജിയേ, ആക്കിയതാണല്ലേ ;)ഞാന്‍ തന്റെ ശിഷ്യത്വം സ്വീകരിച്ചതും എന്നെ കൊണ്ട് സാ‍ാ‍ാര്‍ എന്ന്‌ വിളിപ്പിക്കുന്നതും ഒക്കെ മറന്നു പോയോ? :)

അരവിന്ദേട്ടാ, ആന്റീസ് കിച്ചണ്‍ അറിയില്ല. ;)ബോബി ഇപ്പഴും ഉണ്ട്‌. പക്ഷേ, വാടക വീട് കണ്ട് പിടിച്ചു തരാന്‍ 500 രൂപ വാങ്ങിയിട്ട്‌ കുറെ പന്ന വീടുകള്‍ കാണിച്ചു തന്ന്‌ നേരം ചുറ്റിച്ചതിന് പുള്ളിയുമായി അടിച്ച് പിരിഞ്ച്. :)

മുല്ലേ :)

ചാക്കോച്ചി :)

കരീം മാഷേ, ജമാല്‍ക്കോട്ട കിട്ടിക്കാണുമല്ലോ? ഞാനയച്ച മെയിലും കിട്ടിയിരിക്കും എന്ന്‌ വിചാരിക്കുന്നു. :)

ഷിജു :)

ബിജോയ്, ഈ വെസനസ്സൊന്നും നമ്മക്ക്‌ പറഞ്ഞിട്ടുള്ളതല്ലപ്പാ... :)

ആനക്കൂടോ :)

ഉമ ചേച്ചൂസേ ഡാങ്ക്സ് ട്ടോ. :)

ബിന്ദു പെട്ടെന്നു വാ, ഐഡിയ ഇല്ലെങ്കിലും വാങ്ങി വെച്ച സാരിയെങ്കിലും കൊണ്ടു പോകാമല്ലോ. :)

അബ്ദു, ഇവിടെ വന്നതിന് സന്തോഷം. ഒരുപാട്‌ നല്ല നല്ല എഴുത്തുകളുണ്ട് ഈ ബൂലൊഗത്ത്‌. അതെല്ലാം വായിക്കൂ. ഇടക്ക്‌ വല്ലപ്പോഴും ഇവിടെയും വരൂ. കവിതകള്‍ നന്നാവുന്നുണ്ട്‌ ട്ടോ.

കൂടാതെ ഇതത്ര നന്നായില്ല, പോര എന്ന് അഭിപ്രായപ്പെട്ട പെരിങ്ങ്സിനും നന്ദി. ഇത് കമന്റായി ഇടാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞത്‌ കൊണ്ട്‌ കമന്റായി തന്നെ ഇടുന്നു. :)

Visala Manaskan said...

‘ഫോണ്‍ ചെവിയില്‍ നിന്ന്‌ 3 അടി നീക്കി പിടിച്ചാണ് പിന്നത്തെ പോസ്.

"അപ്പന്‍ എന്തൂട്ടാ പറഞ്ഞേടാ?"

ആ സീന്‍ ടോപ്പ്.

ഓലമെടച്ചില്‍... എന്നെ ഹഢാദാകര്‍ഷിച്ചല്ലേ പറ്റൂ! പറമ്പിന്റെ താഴെയുള്ള കുളത്തില്‍നിന്ന് വെള്ളത്തിലിട്ട മെടയാനുള്ള ഓല വലിച്ച് കൊണ്ടുവന്നിട്ടല്ലേ.. എനിക്ക് ഷോള്‍ഡര്‍ മസില്‍ ഉണ്ടായത്!

Santhosh said...

അടിപൊളി!

qw_er_ty

Mubarak Merchant said...

ന്നാലൂന്റെ ബീക്കുട്ടീ.. അട്യൊള്യായണ്ട്ട്ടാ..
ബിരിയാണിക്കുട്ടീന്ന്‌ള്ള പേരിന് ചേര്‍ന്ന പണി തന്നെ തൊടങ്ങിക്കളഞ്ഞൂല്ലോ പഹയത്തീ ഇജ്ജ്.

ഏറനാടന്‍ said...

ബിരിയാണിക്കുട്ടിയുടെ ചേരുവകള്‍ യഥാതഥാ സമാസമം ചേര്‍ത്തിരിക്കുന്നു. കൊള്ളാം, നല്ല രുചി, നന്നായിട്ടുണ്ട്‌.

Unknown said...

ബിരിയാണി ചേച്ചീ,

‘ബാംഗ്ലൂര്‍ കൈരളി മെസ്സ് ‘എന്ന് പറഞ്ഞത് കേട്ടപ്പോള്‍ ദാ എന്റെ ഓര്‍മ്മകളും കൈവളയും ലിപ്സ്റ്റിക്കുമിട്ട് ‘ഉണ്ണിമോള്‍’ബസ് പിടിച്ച് വന്നിരിക്കുന്നു. എന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗം അവിടെയല്ലായിരുന്നോ? ഒടുവില്‍ അഛന്‍ ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ ലോക്കല്‍ ഗാര്‍ഡിയന്‍ അമ്മാവന്‍ “അവനെപ്പഴും ആ കൈരളീടെ ഉമ്മറത്താ“എന്ന് പറഞ്ഞൂ ത്രേ.“ഡാ... കണ്ണിക്കണ്ട പെങ്കുട്ട്യോള്‍ടെ ഉമ്മറത്ത് പോയിരുന്ന് മാനക്കേട് ഇണ്ടാക്ക്യാല്‍ ചെപ്പക്കുറ്റി വീങ്ങും ചെക്കാ..” എന്ന് അഛന്‍ STD വിളിച്ച് ലാളിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. എന്റെ സ്വഭാവ ഗുണം കൊണ്ട് കാര്യം എത്ര പറഞ്ഞിട്ടും വിശ്വസിക്കുന്നുമില്ല. അതിന് ശേഷം തലയില്‍ തോര്‍ത്ത് മുണ്ടിട്ട് ഞൊണ്ടി ഞൊണ്ടിയൊക്കെയാണ് കൈരളിയില്‍ പോയിരുന്നത്. ങ്ഹാ.... അതൊരു കാലം!

(ബിരിയാണി ചേച്ച്യേ... കലക്കി! അറിഞ്ഞിരുന്നെങ്കില്‍ ഞാനും വന്ന് അടിച്ചേനേ പുട്ടും കടലയും ഓസിന്! :) അനിയനാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞിട്ട് എന്നോട് പറഞ്ഞില്ല:(

എന്നാലും ആ റൂമി ഉണ്ടാക്കിയ സാധനങ്ങള്‍ വായിച്ചിട്ട് എനിക്ക് കൊതികൊണ്ട് ..... ഹൌ!)

Satheesh said...

ഹോ..ഒരു സ്പെസിമെന്‍ പീസാണല്ലോ ഈ ബിരിയാണി!
ചിരിച്ച് ശ്വാസം മുട്ടി!

neermathalam said...

ethu print edittitu..enthe ammaykku vayaikkan kodukkanam..
oru hotel tudangiyaloo ennu ennodu eyyideyayi chodikkanu...
as usual athi gambheeram

മിടുക്കന്‍ said...

ഉപദേശിക്കുവാണെന്ന് കരുതരുത്‌..
ഐ.റ്റി അന്തരീക്ഷത്തിലെ കുളിരിന്നുള്ളില്‍ കുത്തി ഇരുന്ന്, പ്രൊഗ്രാമുകളിലെ അക്ഷരതെറ്റുകള്‍ കണ്ടുപിടിക്കാനായി ഈ ജന്മം പാഴാക്കി കളയരുത്‌..
പ്രിയപ്പെട്ട ബിരിയാണി കുട്ടി, സഹൃദയര്‍ക്കായി മുഴുവന്‍ സമയം ചിലവഴിച്ചു കൂടെ..?
മലയാള സാഹിത്യ ലോകം മറുപിടിക്കായി കാത്തിരിക്കുന്നു...

Anonymous said...

ഹഹഹ..എന്നിട്ട് വേണം ബിരിയാണിക്കുട്ടി സഹൃദയര്‍ക്ക് ബിരിയാണി ചെമ്പു നിറയെ ഉണ്ടാക്കി ശരിക്കും വിളമ്പി തുടങ്ങാന്‍..

ഹിഹിഹി... :-) എന്റെ പൊന്നുമോളെ ജ്വാലികള് വിട്ടുള്ള ഒരു കളിയും വേണ്ടാട്ടൊ..:-)

ഞാന്‍ എപ്പോഴൊ ഏഷ്യാനെറ്റില്‍ ഏതൊ ഒരു ഭയങ്കര എഴുത്തുകാരന്‍ പറയണ കേട്ടു. നല്ല ഒരു ജോലിയുള്ളതുകൊണ്ട് എഴുത്തില്‍ നിന്ന് കിട്ടുന്നത് കൊണ്ട് വെച്ച് ജീവിക്കേണ്ടാത്തത്കൊണ്ട് പുള്ളിക്ക് നല്ലത് മാത്രം എഴുതിയാല്‍ മതിയെന്ന്...

മിടുക്കന്‍ said...

ചുക്കു കാപ്പി "ചുപ്പ്‌ രഹൊ...."
ഐ.റ്റി കുപ്പയില്‍ നിന്നും ഒരു മാണിക്യത്തെ കണ്ടെത്താന്‍ സമ്മതിക്കില്ല അല്ലേ...???? ദുഷ്ടാാാ...

-B- said...

വിശാലേട്ടാ അത്‌ കറക്റ്റ്. ഓല മെടഞ്ഞ് മെടഞ്ഞ്‌ റോസിലിയേച്ചീടെ വിരല്‍ നിറയെ മസിലാ. :)

സന്തോഷേട്ടാ :)

ഇക്കാ :)

ഏറനാടന്‍സ് :)

ദില്‍ബൂ , മോനേ നീയൊക്കെ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാനീ പണി തുടങ്ങുന്നതിനെ പറ്റി ആലോചിക്കേ ഇല്ലായിരുന്നു. :)

സതീഷ് :) സിംഗപ്പൂരിലെന്റെ വകയിലൊരു ചേട്ടന്‍ ഒരു ഹോട്ടല്‍ തുടങ്ങിയിട്ടുണ്ട്‌. വേണെമെങ്കില്‍ പോയി എന്റെ പേര് പറഞ്ഞ്‌ സാപ്പിട്ടോ. ചേട്ടന്റെ തട്ടുകടയും പൂട്ടട്ടെ.

മിടുക്കോ, അത്രക്ക് വേണമായിരുന്നോ? :)

മാതള സുഹൃത്തേ, അമ്മയെ കൊണ്ടൊക്കെ വെറുതെ ഇതൊക്കെ വായിപ്പിക്കണോ? :)

qw_er_ty

മിടുക്കന്‍ said...

വേണ്ടേ... എങ്കില്‍ ഞാന്‍ പറഞ്ഞത്‌ തിരിച്ചെടുത്തിരിക്കുന്നു... ഇതൊക്കെ ഇപ്പൊ തോന്നും.. കല്യാണൊക്കെ കഴിഞ്ഞു കുഞ്ഞുകുട്ടി പ്രരബ്ദ്ങ്ങള്‍ ആകുമ്പൊ.. ഇന്നീ മിടുക്കന്‍ പറഞ്ഞത്‌ ശരിയാണെന്നു മനസിലാകും..
അപ്പൊളെങ്കിലും.. പ്രിയപ്പെട്ട ബിരിയാണി ചേച്ചി.. ഫുള്‍ ടൈം ഫീല്‍ഡിലൊട്ട്‌ ഇറങ്ങാന്‍ മടിക്കരുത്‌..!

Promod P P said...

ബിരിയാണികുട്ടി

പാരീസ്‌ കോര്‍ണറിലെ പാരീസ്‌ ഹോട്ടെലിലെ ബിരിയാണി അതി കേമം. ഞാന്‍ എപ്പോ ഹൈദരാബാദ്‌ വന്നാലും അവിടെ ചെന്ന് ഒരു ബിരിയാണി കഴിക്കും.

ഇവിടെ ഉള്ള ഒരു തെലുങ്കന്‍ എന്നോട്‌ അവിടന്ന് 2 ബിരിയാണി പാര്‍സല്‍ വാങ്ങി കൊണ്ടുവരാന്‍ പറഞ്ഞു ഇയ്യിടെ

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിങ്ങിന്‌ ചെന്നപ്പോള്‍ ഇതെന്തടൈ ബാഗിന്‌ ഒരു ചൂട്‌ എന്നും പറഞ്ഞ്‌ ആ സെക്യൂരിറ്റിക്കാരന്‍ ബാഗ്‌ തുറന്ന് സംഭവത്തേ നാലുപേര്‍ മുന്നാലെ പ്രദര്‍ശിപ്പിച്ച്‌ എന്റെ മാനം കളഞ്ഞത്‌ ഇപ്പോളും മറക്കാന്‍ പറ്റണില്ല്യ

Unknown said...

തഥാഗതനണ്ണാ‍,
പാരീസ് ഹോട്ടലോ അതോ പാരഡൈസ് ഹോട്ടലോ?

പാരഡൈസ് ഹോട്ടലിലെ ബിരിയാണി എന്ന് കേട്ടിട്ടുണ്ട്. കഴിച്ചറിഞ്ഞിട്ടുമുണ്ട്. ഇനി പാരീസാണെങ്കില്‍ അടുത്ത തവണ അവിടെയും പോണം. :)

Promod P P said...

ക്ഷമിക്കണം പാരഡൈസ്‌ കോര്‍ണ്ണറിലെ പാരഡൈസ്‌ ഹോട്ടെല്‍

Jayesh/ജയേഷ് said...

ബിക്കു ഹൈദരാബാദില്‍ എവിടെയാ? ഞാന്‍ കുറച്ച് നാളേ അയിട്ടുള്ളൂ ഹൈദരാബാദ് വന്നിട്ട്....

വിന്‍സ് said...

ithu ippol aanu kaanunnathu. kalakkiyittondallo. enthaanu ezhuthu nirthiyathu. ithezhuthiyathu anjettu maasam munnam aanennu thoonnunnallo.

Narmam ezhuthunna aalukal pettannu nirthi pooyal vallatha oru budhi muttaanu. kaaranam ningal okkey aanu office il paniyonnum cheyyathey bore adichirikkumbol ulla aswasam.