Monday, June 16, 2008

പണ്ട് ഞാന്‍ ചൈനായില്‍‌‍ ആയിരുന്നപ്പോള്‍...

ഉവ്വ! ഞാന്‍ ചൈന പോയിട്ട് അമേരിക്കയില്‍ പോലുംപോയിട്ടില്ല. ;)

പക്ഷേ, ചൈനയില്‍ ജീവിച്ച് അവരുടെ ജീവിതം കണ്ട്, അവരെ പറ്റി എഴുതി വെച്ച ഒരാള്‍. ആയമ്മയാണ്‌ "പണ്ട് ഞാന്‍ ചൈനായില്‍ ആയിരുന്നപ്പോള്‍" കണ്ട കാര്യങ്ങളൊക്കെ നല്ല മെന മെനയായി എഴുതി വെച്ച് കുറച്ച് കൊള്ളാവുന്ന അവാര്‍ഡൊക്കെ വാങ്ങിച്ചത്. പേള്‍.എസ്.ബക്ക് എന്ന കഥാകാരിയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്.

അവരുടെ 'ദ ഗുഡ് എര്‍ത്ത്' എന്ന പുസ്തകം ഞാന്‍ വായിച്ചത് ഏകദേശം പറഞ്ഞാല്‍ ഒരു നാലര കൊല്ലം മുന്‍പ്, ഹൈദരാബാദില്‍ കാലുകുത്തി, ഹോസ്റ്റലിലെ പെരുകുവും അന്നവും കഴിച്ച് വേറൊന്നും ചെയ്യാനില്ലാതെ മുറിയില്‍ ഒറ്റക്കിരിക്കുന്ന കാലത്താണ്‌. രാത്രി പതിനൊന്ന്‌ മണിക്ക് ആട്ടോമാറ്റിക് ആയി ലൈറ്റ് ഓഫ് ആവുന്ന ഭീകര ടെക്നോളജി നിലവിലുണ്ടായിരുന്ന ആ ഹോസ്റ്റലിലെ അടച്ചിട്ട മുറിയില്‍, മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ച് കത്തിക്കുന്ന നാല്പ്പത് വാട്ട് ബള്‍ബുള്ള റ്റേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഇത് വായിച്ച് തീര്‍ത്തപ്പോള്‍ ആ എഫര്‍ട്ട് വെറുതെ ആയില്ലല്ലോ എന്ന ഒരു സന്തോഷമായിരുന്നു. ചുമ്മാ ഒന്ന് ചൈന വരെ പോയി വന്ന ഒരു ഫീലിങ്ങും. ആ ഒരു ഓര്‍മ്മയില്‍ ഇട്ടതാണ്‌ ഈ പോസ്റ്റിന്റെ ടൈറ്റില്‍.

ചൈന! പച്ചയും ചോപ്പും ചായമടിച്ച ബക്കറ്റും കളിപ്പാട്ടങ്ങളും എതെടുത്താലും പത്ത് രൂപക്ക് കിട്ടുന്ന ചൈന ബസാര്‍ ആണ്‌ ഇപ്പോ നമ്മുടെ ചൈന. ചൈനക്കാരൊക്കെ പാമ്പിന്‍ കഷണമിട്ട സാമ്പാറും, പാറ്റ ഫ്രൈയും, ഈയാമ്പാറ്റ തോരനും ഡെയിലി കഴിക്കുന്നവരാണെന്നും ചൈനയിലെ വന്‍‌മതില്‍ കാണേണ്ട ഒരു കാഴ്ചയാണെന്നും കേട്ടിട്ടുണ്ട്. പിന്നെ ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിച്ചിട്ടുള്ള ചൈനയിലെ വായില്‍ കൊള്ളാത്ത പേരുള്ള കുറെ രാജാകന്മാരും, ചൈനീസ് വിപ്ലവവും. തീര്‍ന്നു എന്റെ ചൈനാ വിജ്ഞാനം. പേള്‍ നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലെ ഗ്രാമീണ ചൈനയെ വരച്ച് മുന്നില്‍ കാണിച്ചു തരികയാണ് ഈ പുസ്തകത്തില്‍. വിപ്ലവത്തിനും മുന്‍പുള്ള ചൈനയിലെ എല്ലു മുറിയെ പണിയെടുക്കുന്ന ഗ്രാമീണന്‍. ചൂടുവെള്ളത്തില്‍ ഒരല്‍‌പ്പം തേയില ഇട്ട് തിളപ്പിച്ചാല്‍ അത് ആര്‍ഭാടമായി അനുഭവപ്പെടുന്ന ഗ്രാമീണന്‍. റൊട്ടിയും അല്പ്പം ഉള്ളിയും ഉണ്ടെങ്കില്‍ മൃഷ്ടാന്നമായി കരുതുന്ന സാധാരണ ഗ്രാമീണന്‍.

നമ്മുടെ നായകന്‍ വാങ്-ലുങ് ഒരു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. എന്തിനാ? വീട്ടില്‍ വയസ്സായ അച്ഛനെ നോക്കാന്‍ ഒരാള്‍ വേണം, നേരാനേരം വല്ലതും വെച്ചുണ്ടാക്കി തരണം. പിന്നെ കുറച്ചധികം ആണ്മക്കളെ പെറണം. അത്രേ ഉള്ളു പെണ്ണിനു വേണ്ട റിക്വ‌യര്‍‌മെന്റ്. അഞ്ചിന്റെ പൈസ കയ്യിലില്ല. അതുകൊണ്ട് കൊള്ളാവുന്ന പെണ്ണൊന്നും കിട്ടുകയുമില്ല എന്നവനറിയാം. അങ്ങനെ പോയി ഗ്രാമത്തിലെ പ്രമാണിയുടെ വീട്ടിലെ പെണ്‍-അടിമകളില്‍ ഒന്നിനെ വാങ്ങി ഭാര്യയാക്കി. കാണാന്‍ ഒരു ചേലുമില്ല പക്ഷേ വേറെ എന്തു വഴി?

പക്ഷേ പെണ്ണ്- ഓലാന്‍- അവളാളൊരു ഒന്നൊന്നര പെണ്ണ് തന്നെ ആയിരുന്നു. സ്വിച്ച് ഇട്ട മെഷീന്‍ പോലെ പണികളൊക്കെ ചക..ചക എന്ന് തീര്‍ക്കും. പരാതി നഹി, പരിഭവം നഹി.. ഉറക്കെ പോയിട്ട് പതുക്കെ പോലും ഒരു സംസാരം നഹി. പത്തും തെകഞ്ഞ് നിക്കുന്ന നേരത്തും പാടത്ത് വന്ന് പണിയെടുത്തു, പെറാന്‍ മുട്ട്യേപ്പോ മുറിയില്‍ പോയി, ആ ഭൂലോകഭയങ്കര വേദനയില്‍ പുളഞ്ഞ് ഒന്ന്‌ ഞരങ്ങും കൂടി ചെയ്യാണ്ട് പെറ്റു, പൊക്കിള്‍ കൊടി മുറിച്ചു മാറ്റി, മുറിയിലെ ചോരയും മറ്റഴുക്കുകളും വൃത്തിയാക്കി, കുട്ടിയെ വാങിന്റെ കയ്യിലങ്ങട് കൊടുത്തു. അവിടന്നങ്ങോട്ടുള്ള പണികളും പ്രസവങ്ങളും ഒക്കെ അങ്ങനെ തന്നെ.

പിന്നെ വരുന്നൂ.. വരള്‍‌ച്ച, ദാരിദ്ര്യം, പിന്നെ കൊടും ദാരിദ്ര്യം, പിന്നെ പാലായനം. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയുമായി വന്‍ നഗരത്തിലെത്തുന്ന അവരുടെ നഗരാനുഭവങ്ങള്‍. പകച്ചു പോകുന്ന അവസരങ്ങള്‍. അവിടെയും നിശബ്ദയായി ഇരുന്ന് വാങിന്‌ താങ്ങാവുന്ന ഓലാന്‍. കള്ളങ്ങള്‍ പഠിക്കുന്ന വഴികള്‍. (ബ്ലെസ്സിയുടെ പളുങ്ക് കണ്ടപ്പോള്‍ എനിക്ക് ഈ നോവലിലെ ഈ ഭാഗങ്ങള്‍ ഓര്‍മ്മ വന്നു). പിന്നെ ഗ്രാമത്തിലേക്കുള്ള തിരിച്ചു പോക്ക്.

പിന്നീട് കഥയാകെ മാറുകയാണ്‌. വാങിന്റെ നല്ല കാലം തുടങ്ങുന്നു. പണം കുമിഞ്ഞു കൂടുന്നു. പണം കൂടിയപ്പോള്‍ കുറഞ്ഞു പോയ പെണ്ണ്. പിന്നെ വാങിന്റെ ജീവിതത്തിലേക്ക് വരുന്ന മറ്റൊരു പെണ്ണ്. നിശബ്ദത തുടരുന്ന ഓലാന്‍. പിന്നെയും തുടരുന്ന ജീവിതം. ഏത് വീട്ടില്‍ പോയി ഓഛാനിച്ച് നിന്ന് അവിടത്തെ അടിമയെ വാങ്ങി ഭാര്യയാക്കിയോ, ആ വീട് വില പറഞ്ഞ് സ്വന്തമാക്കിയ വാങ് മറ്റു പലതും ചോര്‍ന്ന് പോകുന്നത് അറിഞ്ഞത് വൈകിയാണ്‌.

ചുരുക്കത്തില്‍, ഗ്രാമീണ ചൈനീസ് ജീവിതത്തിന്റെ ഒരു ചിത്രം വാങിന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ്‌ കഥാകാരി ചെയ്യുന്നത്. ഒരു വിദേശിയായി മാറി നിന്ന് കാണുന്ന കാഴ്ചയായിട്ടല്ല, അവരിലൊരാള്‍ എഴുതിയ കഥയായിട്ടേ നമുക്കു തോന്നൂ എന്നിടത്താണ്‌ കഥാകാരി വിജയിച്ചതെന്ന് തോന്നുന്നു. വര്‍ഷങ്ങളോളം നീണ്ട ചൈന ജീവിതം അവര്‍ക്കതിന്‌ വേണ്ടതായ അനുഭവ പരിചയം കൊടുത്തതു കൊണ്ട് എഫര്‍ട്ട്‌ലെസ് ആയിട്ട് അവര്‌ക്കതിന്‌ സാധിച്ചിരിക്കും എന്നു വേണം കരുതാന്‍. പിന്നെ, കഥ നീങുന്നത്‌ വാങിനെ ചുറ്റിപറ്റിയാണെങ്കിലും ഓലാന്‍ - അവരാണ്‌ ഇതില്‍ ഏറ്റവും ശക്തമായ കഥാപാത്രമായി എനിക്കു തോന്നിയത്‌. ഹൗ! എന്തൊരു പെണ്ണ്‌!

ഈ നോവല്‍ പേള്‍.എസ്.ബക്കിന്‌ 1932-ലെ പുലിറ്റ്‌സര്‍ പ്രൈസും 1935-ല്‍ ഹോവെല്‍സ് മെഡലും നേടിക്കൊടുത്തു. 1938-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും പേള്‍‌ നേടിയിട്ടുണ്ട്. മിഷണറി പ്രവര്‍ത്തകരായിരുന്ന മാതപിതാക്കളോടൊപ്പം ചൈനയില്‍ ജീവിച്ച നീണ്ട വര്‍ഷങ്ങള്‍ സ്വാഭാവികമായും അവരെ ചൈനക്കാരുടെ ജീവിതത്തോടടുപ്പിച്ചു. ഒരു അമേരിക്കക്കാരി ഇത്ര മാത്രം ചൈന പോലുള്ള ഒരു രാജ്യത്തെ സാമാന്യം ദരിദ്രമായ ജീവിതത്തെ ഇത്രമാത്രം അടുത്ത് കാണാന്‍ ശ്രമിക്കുമോ എന്നെനിക്കത്ഭുതമായിരുന്നു. ഇത്രയും വര്‍ഷങ്ങളായി ഈ ഹൈദരാബാദില്‍ ഞാന്‍ ജീവിച്ചിട്ടും ഇപ്പോഴും ഇവരെ പറ്റി എനിക്ക് എന്തറിയാം എന്ന് അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തു പോയി. (അതിനെ പറ്റി പറഞ്ഞപ്പോഴാണ്‌ മറ്റൊരു പുസ്തകം ഓര്‍മ്മയില്‍ വരുന്നത്. 19.കനാല്‍ റോഡ്. മദ്രാസില്‍ ജീവിച്ച കുറച്ചു വര്‍ഷങ്ങളിലെ കൊച്ചു കൊച്ച് അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച് ശ്രീബാല.കെ.മേനോന്‍ എഴുതിയ ഒരു കൊച്ചു പുസ്തകം. കണ്ടു പഠി! എന്തെങ്കിലും എഴുതണമെങ്കില്‍ വലിയ അനുഭവ സമ്പത്തൊന്നും ആവശ്യമില്ല, കണ്ണും കാതും തുറന്നു വെച്ചാല്‍ മതിയെന്ന് ഞാന്‍ എന്നോട് തന്നെ ഉറക്കെ പറഞ്ഞിരുന്നു ആ പുസ്തകം വായിച്ചപ്പോള്‍.)

'ദ ഗുഡ് എര്‍ത്ത്' വായിച്ച് കുറച്ച് നാളുകള്‍ക്കു ശേഷം പിറന്നാള്‍ സമ്മാനമായി എനിക്ക് ഇതിന്റെ മലയാള വിവര്‍ത്തനം ലഭിച്ചു. 'നല്ല ഭൂമി' എന്ന് പേരിട്ടിരുന്ന ആ പുസ്തകം വായിക്കപ്പെടാതെ ഒരു പാട് കാലം എന്റെ അലമാരയില്‍ ഇരുന്നു. വിവര്‍ത്തനങ്ങള്‍ എങ്ങനെ ഒരു കൃതിയെ വികലമാക്കും എന്ന് പല മുന്‍‌കാല അനുഭവങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടായിരുന്നു ഈ മുന്‍‌വിധി. കഴിഞ്ഞ വര്‍ഷം ചിക്കന്‍പോക്സ് പിടിച്ച് കിടപ്പിലായ ഒരാഴ്ച മറ്റൊന്നും ചെയ്യാനില്ലാതായപ്പോള്‍ 'നല്ല ഭൂമി' ഞാന്‍ തുറന്നു. വായിച്ച് ഏതാനും പേജുകള്‍ ആയപ്പോഴേ വിവര്‍ത്തകന്‍ ആരെന്നറിയാന്‍ ഞാന്‍ പുസ്തകത്തിന്റെ പുറം ചട്ട നോക്കി. രണ്ട് പേര്‍ ചേര്‍ന്നാണ്‌ വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌. വി.എ.കേശവന്‍ നായരും, എം.പി.ശങ്കുണ്ണി നായരും. വളരെ വളരെ നന്നായി, പേള്‍ ഉദ്ദേശിച്ചിരുന്ന ആ ഗ്രാമീണതയും, സത്തയും ഒട്ടും ചോര്‍ന്നു പോകാതെ, ഈ വിവര്‍ത്തനം നിര്‍‌വഹിച്ചിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് മലയാളത്തില്‍ വായിച്ചപ്പോള്‍ തോന്നിയ മറ്റൊരു കാര്യം - വാങ് എന്ന് മാറ്റി കുമാരനും ഓലാന്‍ എന്ന് മാറ്റി ശാന്തയുമാക്കിയാല്‍ ഈ കഥ കേരളത്തിലെ കഥയായി. ഈ കാര്യം ഇതിന്റെ അവതാരികയില്‍ വിവര്‍‍ത്തകര്‍ തന്നെ പറയുന്നുണ്ട്.

ഇഞ്ചിപ്പെണ്ണ് നടത്തുന്ന ഉത്‍സവത്തില്‍ എന്റെ സ്റ്റാളില്‍ ഡിസ്‌പ്ലേ‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത് ഈ നല്ലഭൂമിയാണ്‌.