Wednesday, August 23, 2006

ഉഷസ്സ്

എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത.




ചമ്മലും സഭാകമ്പവും മൂലം ഇടാതെ വെച്ചത് രണ്ടും കല്പിച്ചങ്ങട് പോസ്റ്റുന്നു. ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ സാങ്കേതികവിദഗ്ദരെ നേരിട്ട്‌ വിളിച്ച് പറയാന്‍ അപേക്ഷ. അവര്‍ രണ്ടും മാത്രമാണ് ഇതിനുത്തരവാദികള്‍.

ആദിത്യന് പ്രത്യേക ഇടി കൊടുക്കണേ കുറച്ചു നേരം മെനക്കെട്ടിരുന്ന്‌ ഇത് പോസ്റ്റാക്കാന്‍ ഹെല്‍പ്പിയതിന്. :) ഇതിന്റെ തുടക്കത്തില്‍ ഒരു ചേട്ടന്‍ എന്തോ പറയുന്നുണ്ട്‌. അതെങ്ങനെ വന്നു എന്നറിയില്ല.

Thursday, August 17, 2006

ഊണ് തയ്യാര്‍!

ഈ ബിരിയാണിനാട്ടില്‍‍ വന്നിട്ട്‌ ആദ്യമായി പഠിച്ച തെലുങ്ക്‌ വാക്കാണ്‌ "പെരുകു". ഇവിടെ വന്ന് ആദ്യമായി ചേക്കേറിയ‌ ഹോസ്റ്റലിലെ സ്ഥിര വിഭവങ്ങളായ ഉപ്പുമാവ്‌(റവ-തക്കാളി കുഴമ്പ്),പുളി ഓറ, പൊങ്കല്‍, ഇഡ്ഡലി പോലത്തെ വസ്തു എന്നീ ഇനങ്ങള്‍ സ്ഥിരമായി വേസ്റ്റ്‌ ബാസ്കറ്റില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഓഫീസില്‍ അടുത്തിരിക്കുന്ന തെലുങ്കത്തിയോട്‌ ചോദിച്ചു പഠിച്ചതാണ്‌ "പെരുകു". വേറൊന്നുമല്ല, നമ്മുടെ‍ തൈര്‌. പിന്നെ പെരുകുവും ചോറും, വീട്ടീന്ന് കൊണ്ട്‌ വന്ന ചെമ്മീന്‍ അച്ചാറും മാത്രമായി നമ്മടെ ഭക്ഷണം. വിശിഷ്ട ഭോജ്യങ്ങള്‍ നിരത്തിയ ഹൊസ്റ്റല്‍ മെസ്സ് ഹാളില്‍ നിന്ന്‌ അടുക്കളയിലേക്കുള്ള കിളിവാതില്‍ക്കല്‍ ഞാനും എന്റെ റൂമിയും പതിവായി ചെന്ന് നിന്ന് പെരുകൂ..പെരുകൂ എന്ന് വിളിക്കാന്‍ തുടങ്ങി. തെലുങ്കത്തികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ കണ്ട്രി കോക്കനട്‌സ്‌ അങ്ങനെ പെരുകുവില്‍ ജീവിതം നിലനിര്‍ത്തി. വനിതയില്‍ വരുന്ന പരസ്യങ്ങളിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയും ഒക്കെ ഞങ്ങളുടെ ഹോസ്റ്റല്‍ റൂമിന്റെ ചുമരില്‍ ചിരിച്ച്‌ ഇരുന്നു.

പല കമ്പനികളിലായി പണിയെടുക്കുന്ന തുല്യ ദുഃഖിതരായ 5 മലയാളി വാനരന്മാര്‍ - പഴയ കമ്പനിയില്‍ വെച്ചേ എനിക്കറിയാവുന്നവര് -‍പിന്നെ ഞാനും എന്റെ റൂമിയും, അപ്പവും ഇടിയപ്പവുമൊക്കെ മനസ്സിലോര്‍ത്ത്‌ വീക്കെന്റ്സില്‍ ഒരുമിച്ചു കൂടി ദുഃഖങ്ങള്‍ പങ്ക്‌ വെച്ചു. ഈ ഭാഗത്തൊരു തട്ടു കടയില്‍ പോലും മലയാളി ഫുഡ്‌ കിട്ടുവാനില്ലായിരുന്നു. ഹോസ്റ്റലില്‍ സെല്‍ഫ്‌ കുക്കിംഗ്‌ ഒട്ടു സമ്മതിക്കുകയുമില്ല. തിന്നാനായി മാത്രം ജനിച്ച ഞങ്ങള്‍ മൊത്തത്തില്‍ നിരാശാ ശയ്യാവലംബികള്‍.

പുട്ടും കടലയും ഇവിടെ പലരുടെയും പോലെ നമ്മടെയും ഒരു വീക്ക്നെസ്സാണേ. അതിന് വേണ്ടി മാത്രം ഞാനും ലവളും ചേര്‍ന്നൊരു വീട് വാടകക്കെടുത്തു. ഗ്യാസു കുറ്റിയും പുട്ടു കുറ്റിയും വാങ്ങി ഞങ്ങളവിടെ കുറ്റിയടിച്ചു.

എന്തൊരു സുഖം! രാവിലെ പുട്ടും കടലയും, ഉച്ചക്ക് കുച്ച് നഹി. രാത്രി ചൂട് കഞ്ഞിയും ചെറു പയര്‍ പുഴുക്കും. അങ്ങനെ തരം പോലെ ഓരൊന്ന് - അപ്പം, മുട്ടക്കറി, ദോശ, ബീഫ് (രഹസ്യമായി), മീന്‍ വറുത്തത്‌, വെച്ചത്‌, കരിച്ചത്‌, കോഴി കമ്പിയില്‍ കോര്‍ത്തത്‌, നിര്‍ത്തി പൊരിച്ചത്‌, ജീവനുള്ളത്‌ , അങ്ങനെ ജീവിതം ഭക്ഷണ സുരഭിലവും ഹൃദയം ആഹ്ലാദഭരിതവുമായി ഒരാഴ്ചയോളം കടന്നു പോയി. ലവളെ തന്നെ എന്റെ റൂം മേറ്റ് ആയി തന്നതിന് ഞാന്‍ ദിവസോം രണ്ട്‌ നേരം ദൈവത്തിന് അക്‍നോളജ്മെന്റ്‌ അയച്ചിരുന്നു. എന്താ കൈപ്പുണ്യം!

ആ ഞായറാഴ്ചയാണ് നമ്മടെ പിള്ളേര്‍ക്ക്‌ ഒരു ഊണ് കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയത്‌ . ആര്‍ഭാടമായി. വിളിച്ച ഗഡീസ് എല്ലാം എത്തുകയും ചെയ്തു, ഭക്ഷണം കഴിഞ്ഞ് ഫാനിട്ട്‌ വിശ്രമിക്കേം ചെയ്തു, നാല് മണിക്ക്‌ ചായ ചോദിച്ചു വാങ്ങി കുടിക്കേം ചെയ്തു. ഒപ്പം ഒരുപാട് ചിപ്സും തിന്ന്‌ താങ്ക്സും തന്ന്‌ അവര്‍ പോയി. ഞങ്ങള്‍ കൃതാര്‍ത്ഥരായി.

പിറ്റേന്ന്‌ തൊട്ട് രാവിലെ ഒരു 8 മണിയാകുമ്പോള്‍ എതെങ്കിലും ഒരുത്തനെത്തും.

“ഇതിലേ ഒന്നു പോകണ്ട ഒരാവശ്യം ഉണ്ടായിരുന്നു. എന്നാ പിന്നെ ചേച്ചിയെ ഒന്നു കാണാമെന്ന്‌ വെച്ചു.” ദോശയും ചമ്മന്തിയും കഴിച്ച് ഏമ്പക്കവും വിട്ട്‌ അവന്‍ ഇറങ്ങുമ്പോള്‍ “ഡാ, നീ പോണ വഴിക്ക്‌ ഈ കറന്റ് ബില്ലൊന്നടച്ചൊ.” എന്ന്‌ പറഞ്ഞാല്‍ എപ്പ അടച്ചൂന്ന്‌ ചോദിച്ചാല്‍ മതി. ഞാനും ഹാപ്പി.

പിറ്റേ ദിവസം വേറെ ഒരാള്‍ക്കായിരിക്കും ആ വഴി പോകേണ്ട ആവശ്യം വരുന്നത്‌. ശനിയും ഞായറും എല്ലാ വാനരന്മാര്‍ക്കും ഈ വഴിയേ പോകാനുണ്ടാവൂ.

ഇതിങ്ങനെ പുരോഗമിച്ചപ്പോള്‍ ആണ് നമ്മുടെ വലിയ തലയിലൊരു ബിസിനസ്സ് ബള്‍ബ് കത്തിയത്‌. എന്തു കൊണ്ടൊരു കേരള മെസ്സ് തുടങ്ങിക്കൂടാ. ഹൈട്ടെക്‌ സിറ്റി പരിസരത്തു തന്നെ. ഞങ്ങളെ പോലെ കൊതി പിടിച്ചു നടക്കുന്ന വേറെയും മലയാളികള്‍ ഇഷ്ടം പോലെ ഈ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നില്ലേ? ഒരപ്പത്തിന്‌ 25 രൂപയൊക്കെ കൊടുത്ത്‌ കഴിക്കാന്‍ കേരള ഫുഡ് ഫെസ്റ്റിവലില്‍ അവര്‍ പോകുന്നില്ലേ? നമ്മള്‍ വെറും 5 രൂപക്ക്‌ ഇതേ അപ്പം വില്‍ക്കുന്നു. അപ്പൊ അവര്‍ അത് എല്ലാ ദിവസം കഴിക്കുന്നു. നമ്മള്‍ അപ്പം മാത്രമല്ല, പുട്ട്‌ , ഇടിയപ്പം എന്ന് വേണ്ട എല്ലാ മലയാളി പലഹാരവും ഉണ്ടാക്കുന്നു. തല്‍കാലം രാവിലത്തെ ഫുഡ്‌ മാത്രം. പിന്നെ ബിസിനസ്സ്‌ പച്ച പിടിക്കുമ്പോള്‍ ഉച്ചക്ക്‌ ഊണും കൊടുക്കാം.

ഇത്‌ ഞാനെന്റെ കുക്ക് കം റൂമിയുടെ മുന്നില്‍ സമര്‍പ്പിച്ചു.

"ബെസ്റ്റ്‌ ഐഡിയ. പക്ഷേ ഭക്ഷണം ഉണ്ടാക്കാ‍ന്‍ വേറെ ആളെ നോക്ക്‌.”

അതെ. വേറെ ആളെ നോക്കണം. അയാള്‍ക്ക്‌ വല്ല നക്കാപിച്ച കൊടുത്താല്‍ മതിയല്ലൊ. ഒന്നാലോചിച്ചു നോക്കിയേ. ബാംഗ്ലൂരിലെ കൈരളി മെസ്സ് പോലെ നമ്മടെ മെസ്സും ഫേമസ്സാവുന്നു. ബിരിയാണീസ് തട്ടുകട. അതാവുമ്പൊ ഒരു ഗെറ്റപ്പും ഉണ്ട്‌.

വാനരന്മാരിലൊരുത്തനോട്‌ ഉടനെ ഡിസ്കസ് ചെയ്തു.

“കിടിലന്‍ ഐഡിയ ചേച്ചി. നമുക്ക്‌ നാളെ തന്നെ തുടങ്ങാം.” പടക്ക് പിന്നിലെങ്കിലും പന്തിക്ക്‌ മുന്നില്‍.

"ചെക്കാ നീ ധൃതി പിടിച്ചാല്‍ പറ്റില്ല. ഇതിനൊക്കെ മൂലധനം വേണം, മൂലധനം. ആളെ കൊണ്ട്‌ വരല്‍ ഞാന്‍ ഏറ്റാല്‍ തന്നെ, തുടങ്ങാന്‍ സ്ഥലമൊക്കെ വേണ്ടെ? അതിന്‌ കായ്‌ വേണ്ടേ.. കായ്‌..? എന്റെ കയ്യില്‍ ഒരു മച്ചിങ്ങ പോലും ഇല്ല."

"ഞാന്‍ അപ്പവോടൊന്ന് ചോദിച്ചു നോക്കാം. ബിസിനസ്സ് എന്ന്‌ കേട്ടാ‍ല്‍ ആള് അവിടെ വീഴും." പട്ടര്‍ ഭയങ്കര കോണ്‍ഫിഡന്റ്.

"എന്നാ നീ ഇപ്പൊ തന്നെ അപ്പനെ വിളി"

"ഹലോ അപ്പാ, ഇത്‌ നാന്‍ പേസറെ‍. ഇന്ത ഇടത്തിലെ ഒരു ഹോട്ടല്‍ ബിസിനസ്സ്‌ തുടങ്ങാന്‍ പ്ലാന്‍ ഇറുക്കെ. അപ്പാ തുടക്കത്തിനുള്ള കാശ്‌......" ഫോണ്‍ ചെവിയില്‍ നിന്ന്‌ 3 അടി നീക്കി പിടിച്ചാണ് പിന്നത്തെ പോസ്.

"അപ്പന്‍ എന്തൂട്ടാ പറഞ്ഞേടാ?"

മുഖത്തൊരു വൈക്ലബ്യം.

"നീ എന്റെ മോനല്ലായിരുന്നെങ്കില്‍‍ ഞാന്‍ നിന്റെ തന്തക്ക്‌ വിളിച്ചേനേ ന്ന്‌." ബെസ്റ്റ്‌ അപ്പന്‍.

“സാരല്യ, നമുക്ക്‌ നോക്കാടാ.”

പിന്നെ എല്ലാം ചടുപിടീന്നായിരുന്നു. ആളെ കൊണ്ട് വരാമെന്ന് ഞാന്‍ ഏറ്റത്‌ റോസിലിയേച്ചീനെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടായിരുന്നു. എപ്പൊ നാട്ടില്‍ പോകുമ്പഴും റോസിലിയേച്ചി പറയും “ഞാന്‍ നിന്റെ കൂടെ അങ്ങട് വരട്ടെ ടീ? ഇവിടെ ഇവറ്റോള്‍ രണ്ടെണ്ണം ഉണ്ടെങ്കിലും ഒഴക്ക് കഞ്ഞ്യെള്ളം കുടിക്കണങ്കില്‍ ഞാന്‍ തന്നെ രാവിലെ തൊട്ട് വൈന്നേരം വരെ ഓല മെടയണം.” റോസിലിയേച്ചീടെ മോന്‍ രാജന് രണ്ട് ഭാര്യമാ‍രാ. ഒന്നിന്റെ നാക്ക് എന്‍.എച്ച് 47 ആണെങ്കില്‍ മറ്റതിന്റെത്‌ മടവാള്‍ ആണ്. റോസിലിയേച്ചി എപ്പൊ ഇത് പറഞ്ഞാലും “ചേച്ചി അവിടെ വന്നിട്ട് ചെയ്യാന്‍ മാത്രം പണിയൊന്നും അവിടെ ഇല്ലെന്റെ റൊസിലിയേച്ച്യേ” എന്നും പറഞ്ഞു ഞാന്‍ പതുക്കെ ഊരാറാണ് പതിവ്‌. “എന്നാ നിന്റെ കല്യാണം കഴിഞ്ഞ് , പ്രസവം നോക്കാനെങ്കിലും നീയെന്നെ കൊണ്ടോണം ട്ടാ” എന്നും പറഞ്ഞ് റോസില്യേച്ചി ബാക്കി ഓല മെടയാന്‍ തുടങ്ങും.

അത്തവണ നാട്ടില്‍ പോയത്‌ റോസില്യേച്ച്യേ കാണാന്‍ വേണ്ടി മാത്രം. ഇത്തവണ ഞാന്‍ പോകുമ്പൊ ചേച്ചി എന്റെ കൂടെ വരോ എന്ന്‌ ചോദിച്ചപ്പൊ ആട്ടോമാറ്റിക്കായി റോസില്യേച്ചിയുടെ കണ്ണുകള്‍ എന്റെ വയറിനു മുകളിലൊരു ഉഴിച്ചില്‍.

“അയ്യൊ.. അതല്ല ചേച്ച്യേ..ഇത്‌ കുറച്ച് പാചകത്തിനാ. ചേച്ചിക്ക്‌ വരാന്‍ പറ്റോ?“
“എന്ത്‌ എടവാടായാലും ഞാന്‍ വരാം മോളേ. ഇവറ്റോള്‍ടെ മോന്തായം കാണണ്ടല്ലോ.“

അങ്ങനെ ഞാനും റോസിലിയേച്ചിയും ശബരി എക്‍സ്‌പ്രസ്സില്‍ ഹൈദരാബാദ് വന്നിറങ്ങി.

ഹൌസ് ഓണര്‍ അനുവദിച്ചു തന്ന ചായ്പ്പില്‍ അങ്ങനെ ബിരിയാണീസ് തട്ടുകട 5 വാനരന്മാരുടേയും പിന്നെ ഞങ്ങള്‍ രണ്ട് പേരുടേയും കാര്‍മ്മികത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂട്ടുകാരോടൊക്കെ പറഞ്ഞ്‌ പരസ്യം കൊടുക്കാന്‍ വാനരന്മാരെ ഏല്‍പ്പിച്ചു.

ആദ്യ ദിനം.

ഓഫീസില്‍ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ഇപ്പൊ അവിടെ ബിസിനസ്സ് പൊടി പൊടിക്കായിരിക്കും. വൈകുന്നേരം ചെല്ലുമ്പോള്‍ നിറഞ്ഞിരിക്കുന്ന പണപ്പെട്ടി. ചൂടും പുകയും കൊണ്ട് വിയര്‍ത്തിരിക്കുന്ന റോസിലിയേച്ചിയുടെ മുഖത്തുള്ള ആ നിര്‍വൃതി. ഹോ!

ഇരിപ്പുറക്കാതെ വന്നപ്പോള്‍ പതിവു പോലെ ബാഗ് ഡെസ്കില്‍ പ്രതിഷ്ഠിച്ച്‌ ഞാന്‍ മുങ്ങി.

“എങ്ങനെ ണ്ട് റോസിലിയേച്ച്യേ? ആളുകള്‍ വല്ലതും വന്നോ?”
“പിന്നേ.. പത്ത് പന്ത്രണ്ട് പേര് വന്നൂടീ. ഇണ്ടാക്ക്യേ പുട്ട് മുഴ്വോനെ തീര്‍ന്നു.”
ങെ! അപ്പോ കൊള്ളാലോ.
“അപ്പോ കാശ് കൊറെ ണ്ടാക്കീലേ കൊച്ചു കള്ളീ. നോക്കട്ടെ.”
“അതിനാരും കാശ് തന്നില്ല മോളെ. ഒക്കെ നമ്മുടെ പിള്ളാരുടെ കൂടെ വന്ന മക്കളാ. അവരടെ കയ്യീന്ന്‌ എങ്ങന്യാ കാശ് ചോദിച്ച്‌ വാങ്ങാ?”

പട്ക്കൊ! ദേ കിടക്ക്ണ്!

ഒരു സുന്ദര ബിസിനസ് സ്വപ്നത്തിന്റെ കമ്മേഴ്സ്യല്‍ ബ്രേക്ക്.

പിന്നെ മൂന്നു ദിവസം കൂടി റോസിലിയേച്ചി അപ്പവും പുട്ടും ഉണ്ടാക്കി. വാനര സുഹൃത്തുക്കള്‍, അവരുടെ മലയാളി സുഹൃത്തുക്കള്‍, മലയാളികളല്ലാത്ത-പുട്ട് കാണാന്‍ വന്നിട്ട്‌ തിന്നു പോയ-സുഹൃത്തുക്കള്‍, ഹൌസ് ഓണര്‍. എല്ലാവരും കൂടി ബിരിയാണിസ് തട്ടുകടക്ക്‌ കര്‍ട്ടന്‍ ഇട്ടു. ദിവസത്തോട്‌ ദിവസം ഒരാഴ്ചയും ഒരു ദിവസവും - ശേഷം റോസിലിയേച്ചി നാട്ടില്‍ ഓല മെടഞ്ഞു.

Thursday, August 10, 2006

പ്രകാശം പരത്തുന്നവള്‍



റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന്‍ സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട്‌‍ . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ എന്നൊക്കെ ആലോചിച്ച്‌ നഖത്തിന്റെ നീളം കുറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് ഫോണ്‍.
“കുഞ്ഞീ, നീ എപ്പഴാ വരുന്നെ? ഇവിടെ വേറൊരു ബൂലോഗന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആളുള്ളപ്പൊ വരാന്‍ നിനക്ക്‌ പ്രശ്നമുണ്ടോ?

ഓഹൊ!! അപ്പൊ രണ്ട് ബൂലോഗവാസികളെ ഒരുമിച്ചു കാ‍ണാനാണ് പോകുന്നത്‌. കൊള്ളാം!

നല്ലൊരു കഥാകാരനാണ്. ഒന്നു കണ്ട് കളയാം. പ്രശ്നമില്ല എന്ന് മറുപടി കൊടുത്തു.

കുഴികളെല്ലാം എണ്ണിക്കഴിഞ്ഞപ്പോള്‍ കോളേജിനു മുന്നില്‍ വണ്ടി നിന്നു. എന്നെയും അമ്മയെയും അവിടെ ലഗേജ് ഇറക്കി അച്ഛന്‍ ഗഡി സ്ഥലം കാലിയാക്കി.

ഗേറ്റില്‍ കാലുകുത്തിയതും പരിവാരങ്ങള്‍ ഓടിയെത്തി. പുസ്തക പ്രദര്‍ശനം ദാ അവിടെ, ചരിത്ര പ്രദര്‍ശനം ദേ ഇവിടെ ഇതിനു മുകളില്‍...

“അതെയ്, ഇതൊക്കെ ഞാന്‍ കണ്ടോളാം. എനിക്ക് ...ടീച്ചറെ ഒന്ന് കാണണം. ഞാന്‍ സുഹൃത്താണ്.“

മുണ്ടാണുടുത്തിരുന്നതെങ്കില്‍ ആ കുട്ടി അതിന്റെ മടക്കിക്കുത്തഴിച്ചിട്ടേനെ. എന്നിട്ടും ആ പെണ്‍കുട്ടി അതിനെക്കൊണ്ടാവുന്ന വിധം അഡ്ജസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചു ബഹുമാനം കാണിക്കുന്ന ആ ആക്ഷന്‍.

“ടീച്ചര്‍ ദേ ഇപ്പൊ പുറത്തു പോയതാ, ഇപ്പൊ വരും. ഇവിടെ ഇരിക്കാം”.

മറ്റേ ബൂലോഗനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണെന്നു മനസ്സിലായി. എന്നാല്‍ പിന്നെ അതു വരെ ചരിത്ര പ്രദര്‍ശനം ദര്‍ശിക്കം എന്ന്‌ കരുതി. ദാ ഫോണ്‍.

“മോളുട്ടീ, നീ എതിയോ? എവിടെയാ?”

“ഞാന്‍ ദേ ഈ ചരിത്ര പ്രദര്‍ശന...”. ടക്. ഫോണ്‍ കട്ട്.

ആളിവിടെ അടുത്തെത്തിയിട്ടുണ്ട്‌ എന്ന് മനസ്സിലായി. പുറത്തേക്കിറങ്ങിയപ്പോള്‍ അതാ നമ്മുടെ താരം. ചുറ്റും ഒരു പറ്റം മാന്‍പേടകളും. ഒപ്പം വഴി തെറ്റി വന്ന കുട്ടിയെ പോലെ അരിഗോണിയുടെ കഥാകാരനും. അതാ ടീച്ചര്‍ എന്നെ കണ്ടു കഴിഞ്ഞു. ഓടി വരലും കെട്ടിപിടിക്കലും എപ്പൊ കഴിഞ്ഞു?

കസവുള്ള കേരള സാരിയില്‍ ഒരു സുന്ദരി ടീച്ചര്‍. ചടുലമായ ഒരോ നീക്കങ്ങള്‍. ഈ നിമിഷം ഇവിടെ ഗേറ്റിനടുത്ത്, അടുത്ത നിമിഷം അവിടെ റിസപ്‌ഷനില്‍. അതിനടുത്ത നിമിഷം കാന്റീനില്‍. കാലില്‍ ചെരുപ്പില്ല. കയ്യില്‍ ഒരു സെല്‍ ഫോണ്‍. കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍. ആയിരം നാവ്‌. എന്നോട് തല്ലുപിടിക്കുന്നു, എന്റെ അമ്മയോട് കുശലം പറയുന്നു, ഫോണില്‍ മറ്റൊരു ബൂലോഗനോട്‌ വര്‍താനം പറയുന്നു, ഇടയില്‍ “മിസ്സ്, ഇതെന്ത ചെയ്യണ്ടെ മിസ്സ്” എന്ന് ചോദിച്ചു വന്ന സംശയക്കുട്ടിയോട് “അത്‌ അവിടെ ചെന്ന്‌ അങ്ങനെ ചെയ്യമ്മൂ” എന്ന്‌ നിര്‍ദ്ദേശിക്കുന്നു.

ഹൌ!! ഇതെന്തൊരു ജീവി!!

“നിങ്ങള്‍ ഈ പുസ്തകങ്ങള്‍ കാണൂ, ഞാന്‍ ഇവനെ ഒന്ന് വിട്ടിട്ടു വരാം.“ അരിഗോണിക്കാരന്‍ പോകാന്‍ തയ്യാറെടുക്കുന്നു.

ഞങ്ങള്‍ പുസ്തക ലോകത്തേക്കിറങ്ങി. നല്ല ഒരു സംരംഭം. ഒരുപാട് പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടു മിക്ക പബ്ലിഷര്‍മാരും ഉണ്ട്‌. എല്ലാം ഈ സൂക്ഷ്മ രൂപിണിയാല്‍ സംഘടിപ്പിക്കപ്പെട്ടത്‌. കുറെ പുസ്തകങ്ങള്‍ വാങ്ങി. എന്നേക്കാള്‍ ആര്‍ത്തി അമ്മക്ക്‌. ബസ്സിലെ രണ്ട് സ്‌റ്റെപ്പ് കയറുമ്പഴേക്കും വാതം കോച്ചുന്ന ആള്‍ക്ക്‌, ഇവിടത്തെ രണ്ടും മൂന്നും നിലകള്‍ നോ പ്രോബ്ലം!

വീണ്ടും ഫോണ്‍. “മോളുട്ടീ നിങ്ങള്‍ എവിടെയാ?”
“ഞങ്ങള്‍ ഈ മാതൃഭൂമീടെ..” ടക്. ഒരേയൊരു മിനിട്ട്. നമ്മുടെ ആളിതാ മുന്നില്‍.

“വാ നമുക്കൊരു ചായ കുടിക്കാം.“
വേണ്ട ചേച്ചീ എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് കാന്റീനിന്റെ പടിയിലെത്തി.

“ദേ ഇതാണെന്റെ ചിന്നു, എന്റെ മോളാ, പിന്നെ ദേ ഇത് അഞ്ജു, ഇവളുണ്ടല്ലൊ, നമ്മുടെ മറ്റേ ബൂലോഗന്‍ ഇന്നിവിദെ വരും എന്ന്‌ ഇന്നലെ സ്വപ്നം കണ്ടത്രേ. പിന്നെ ഇത് ചീതു, ഇവള്‍ എന്റെ ബ്ളോഗില്‍ ഉണ്ട്‌. ഇതാണ് വിനീത, ഇവള്‍ അസ്സല്‍ പാട്ടുകാരിയാ, അയ്യോ... ഇതാരാ...”

രണ്ട്‌ കയ്യും നീട്ടുന്നത് കണ്ടൂ. പിന്നെ കണ്ടത്‌ ഒരു പ്രായമായ സ്ത്രീയുടെ കൂടെ.

“എന്റെ ടീച്ചറാ”
ടീച്ചറുടെ ടീച്ചര്‍, കുട്ടികള്‍ക്ക്‌ കൌതുകം.

അതിനിടയില്‍ ചേച്ചിയുടെ സെല്‍ ഫോണില്‍ ഒരു കുട്ടി- “അങ്കിള്‍, അങ്കിള്‍ വരുമ്പോ കഴിക്കാന്‍ ബര്‍ഗര്‍ പറയണോ, വെജ്‌റോള്‍ പറയണോ?”
ചേച്ചിയുടെ വക്കീലദ്ദേഹം കുട്ടികളുടെ അങ്കിള്‍.

എന്റെ കണ്ണുകളില്‍ അത്ഭുതം. ഇങ്ങനെയും ഒരാള്‍. ചുറ്റും ഈച്ച പോലെ പറ്റിക്കൂടിയിരിക്കുന്ന ഓരൊ കുട്ടിയും മിസ്സ് മിസ്സ് എന്ന്‌ വിളിച്ചാണ് കലപില കൂട്ടുന്നതെങ്കിലും ആ ഓരൊ വിളിയും‍ അമ്മേ എന്നാണ് എന്ന് എനിക്ക്‌ മനസ്സിലാകുന്നു. ഓരൊരുത്തരും ഈ ടീച്ചറുടെ മടിയിലാണ്, ഹൃദയത്തിലാണ്. കാന്റീനില്‍ ചെലവഴിച്ച ആ അഞ്ച് മിനിട്ടില്‍, ഗേറ്റിലേക്ക് നടക്കുന്ന നിമിഷങ്ങളില്‍, ഗേറ്റില്‍ വെച്ച്‌ സന്ധ്യ എന്ന കുട്ടിയെക്കൊണ്ട്‌ മനോഹരമായ ഒരു പാട്ടു പാടി ഞങ്ങളെ കേള്‍പ്പിച്ചപ്പോള്‍ ഒക്കെ ഞാന്‍ അറിഞ്ഞു, ബൂലോഗത്തില്‍ അരുമായി സംസാരിച്ചാലും, ഈ ചേച്ചി പ്രതിപാദ്യ വിഷയമായി വരുമ്പോള്‍ സ്വന്തം ചേച്ചിയെക്കുറിച്ചെന്ന വണ്ണം അവരെല്ലാം വികാരാധീനരാകുന്നത്‌ എന്തുകൊണ്ടെന്ന്‌.

ഒരു തുള്ളിക്കൊരു കടല്‍ തിരിച്ചു തരുന്ന ഈ ചേച്ചിയെ പോലെ ഈ ചേച്ചി മാത്രം.

യാത്ര പറയും നേരം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി “ദാ, ഇവരെ ആ കല്യാണില്‍ ഒന്നു വിട്ടേക്കു”. മനസ്സില്‍ ഒരു കുഞ്ഞു സങ്കടം.

ഓട്ടോറിക്ഷക്ക്‌ പിന്നില്‍ ചേച്ചി ചെറുതായപ്പോള്‍ എനിക്കൊരു സന്ദേശം വന്നതായി മൊബൈല്‍ ഫോണ്‍ അറിയിച്ചു. തുറന്നു നോക്കാതെ തന്നെ ഞാനത് വായിച്ചു.

“ലവ് യു മോളൂട്ടീ”

Thursday, August 03, 2006

ജീവിതത്തില്‍ സംഭവിക്കുന്നവ

ആ ഡബിള്‍ ബെഡ്‌ റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന്‍ പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന്‌ തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്‌.

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക്‌ അവര്‍ക്ക് ലഭിച്ചത്‌. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള അവയുടെ പോക്കു വരവുകള്‍ മനുവിനും അനിതക്കും കാതിനിണക്കം വന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വന്ന്‌ പകല്‍ മുഴുവന്‍ ഉറങ്ങുന്ന മനുവിനും, പകല്‍ മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പ്രൊജക്റ്റ് ഷെഡ്യൂളുകളോട് മല്ലിട്ട് വൈകി കൂടണയുന്ന അനിതക്കും ഈ ഇരമ്പങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ സമയവുമില്ലായിരുന്നു.

കണക്കു പുസ്തകത്തില്‍, പാല്‍ക്കരന് കൊടുത്ത ഇരുനൂറ്റി നാല്പത്തഞ്ച് രൂപ റൌണ്ട് ചെയ്ത് ഇരുനൂറ്റി അമ്പതായി മനുവിന്റെ പേരിന് നേര്‍ക്ക് കണ്ടത് ചോദിക്കാന്‍ അനിത മറന്നു പോയത് ഈ സമയമില്ലായ്മ മൂലമാണ്. ഇസ്തിരിക്കാരന്റെ പക്കല്‍ നിന്ന്‌ അനിത വാങ്ങിക്കൊണ്ട് വന്ന തുണികളില്‍ മനുവിന്റെ ഒരു ഷര്‍ട്ട് കുറവായിരുന്നത് അനിതയോട് ചോദിക്കാന്‍ മനുവിനും സമയം കിട്ടിയില്ല. പിന്നെപ്പഴൊ ഓര്‍മ്മ വന്നപ്പോഴേക്കും ഇസ്തിരിക്കാരന്‍ തന്നെ അത്‌ തിരികെയെത്തിച്ചിരുന്നു.

അന്ന് രാത്രി, ഷിഫ്റ്റിനിടയില്‍ ഒരു ബ്രേക്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് മനുവിന്റെ മൊബൈല്‍ ഫോണില്‍ അനിതയുടെ മെസേജ് തെളിഞ്ഞത്‌.

“ഐ ഗോട്ട് എ ബെറ്റെര്‍ ഓഫര്‍ ഇന്‍ ഡല്‍ഹി. ഐ വില്‍ ബി ലീവിങ്ങ് ദിസ് സാറ്റര്‍ഡെ”.

ചായ കുടിക്കാനെണീറ്റ മനു കസേരയില്‍ അമര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറെറിന്റെ ഫെവരിറ്റ്സില്‍ നിന്ന് സിറ്റി ക്ലാസ്സിഫൈഡ്‌സ്.കോം തുറക്കുന്ന സമയം കൊണ്ട് അവന്‍ മറുപടി ടൈപ്പ് ചെയ്തു.

“ഓക്കെ. വിഷ് യു ഗുഡ് ലക്ക്.”

പിന്നെ കീബോര്‍ഡില്‍ വിരലുകളമര്‍ന്നു.
“ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്”