ദുബായി പ്രൊജക്റ്റ് കഴിഞ്ഞ്, അഛന് കുറച്ച് നാള് ജോലിയില്ലാതെ "ബെഞ്ചില്‍" ആയത് മൂലം തറവാട് എന്ന കുത്തക മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉടലെടുത്ത വലിയഛ മേധാവിത്വം, കുത്തിത്തിരുപ്പ്, തന്മൂലം അമ്മ ഡെയ്ലി ബേസിസില്‍ ഉല്പാദിപ്പിച്ചു കൊണ്ടിരുന്ന കണ്ണീര് കൊണ്ടുള്ള പ്രളയം, എന്നിവയെല്ലാം കൊണ്ട് അഛന് യുദ്ധ കാലാടിസ്ഥാനത്തില്‍ രാജി കത്ത് സമര്‍പ്പിച്ച് സ്വന്തമായി വാടകയ്ക് ഒരു കൊച്ചു പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി.
ചട്ടി,ചട്ടുകം,കുട്ട, കലം ഇത്യാദി ബേസിക് റിസോഴ്സസ് അഛനും അമ്മയും കൂടി സംഘടിപ്പിച്ച് ആദ്യമായി ആ വീട്ടില്‍ തീ പുകഞ്ഞപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞത് പുക കണ്ണില്‍ പോയിട്ടാണെന്ന് വിചാരിക്കാനുള്ള പ്രായമേ അന്നെനിക്കായിരുന്നുള്ളു.
മൂന്ന് വഴികള്‍ കൂടുന്ന T ജങ്ക്ഷനില്‍ T യുടെ തലക്കു മുകളില്‍ ഒത്ത നടുക്ക് ആ വാടക വീട്. T യുടെ ഇടത് ആന്റ് വലത് കോര്‍ണറുകളില്‍ യഥാക്രമം ജയേട്ടന്റെ ചായപീടിക, ഒരു കൊച്ച് കപ്പോള. അമ്മയുടെ സ്കൂളില്‍ നിന്ന് നടക്കബിള്‍ ദൂരം, എന്റെ സ്കൂളിലേക്കൊരു ഓട്ടത്തിനുള്ള ദൂരം. വാടകയും കുറവ്. ഇതൊക്കെയായിരുന്നു ബേസിക് ആകര്ഷണങ്ങള്.
സ്ഥലത്തെ കോളേജ് എന്ന് നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന യു.പി. സ്ക്കൂളിലെ ടീച്ചറും കുടുംബവും താമസത്തിനെത്തിയപ്പൊ ജയേട്ടന്റെ ചായ പീടികയില്‍ നിന്ന് വന്നു ചായ ആന്റ് ബോണ്ട. വടക്കേലെ കൊച്ചു മറിയം വക അച്ചപ്പം. കൊച്ചു മറിയത്തിന്റെ അപ്പന്, റിട്ടയേഡ് പോലീസ് കോണ്‍സ്റ്റബിള്‍ അപ്പാപ്പന്റെ വക "മക്കളേ, ഇവിടെ ഒന്നിനും ഒരു പ്രശ്നോം ഒണ്ടാവില്ല നിങ്ങക്ക് ഈ അപ്പാപ്പന് ഉള്ളപ്പോള്‍" എന്ന പ്രസ്താവന. പ്രസ്താവന നടത്തിയതിന്റെ ക്ഷീണത്തില്‍ രണ്ട് കഠോര ചുമയും, അതിന്റെ എഫ്ഫെക്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ മോഡലില്‍ ഒരാട്ടവും. കൊച്ചു മറിയം വന്ന് "അപ്പാ.." എന്നും പറഞ്ഞ് താങ്ങിയത് കൊണ്ട് പോലീസപ്പാപ്പന്‍ നിലം പറ്റിയില്ല. പടിഞ്ഞാറെയിലെ പ്രേമാന്റി, കാനന ഛായ ഇല്ലാത്തതു കൊണ്ട് അപ്പുറത്തെ പൊന്മാണിക്കാരുടെ പറമ്പില്‍ ആടു മേക്കാന്‍ പോയി വരുന്ന വഴി വീട്ടില്‍ കയറി ഡെയ്ലി നാഴി പാല് കച്ചോടവും, കേട്ടറിഞ്ഞ് സ്ഥലത്തെ പ്രധാന കിളക്കാരന് കൃഷ്ണേട്ടന്റെ ഭാര്യ കാര്‍ത്തു ചേച്ചി ഓടിവന്ന് മുറ്റമടി കരാറും അമ്മയുമായി ഒറപ്പിച്ചു.
സെറ്റിങ്ങ്സ് ഒക്കെ റെഡിയായി. മുന്നിലെ കപ്പോളയില്‍ ഒരു മെഴുകു തിരിയും കുറച്ചും കൂടി അപ്പുറത്തെ പത്യാല അമ്പലത്തില്‍ ഒരു വെറും തിരിയും കത്തിച്ച് അങ്ങനെ ഞങ്ങള്‍ അവിടെ താമസം തുടങ്ങി. ഇത് കൊള്ളാലൊ സെറ്റപ്പ് എന്ന് എനിക്കും തോന്നി തുടങ്ങി. അമ്മ സ്കൂള്‍ വിട്ട് വരുമ്പൊ മിക്കവാറും ദിവസം ബേക്കറി പലഹാരം. പിന്നെ 3 നേരവും ഞങ്ങടെ ഇഷ്ടത്തിനുള്ള ഭക്ഷണം. മിക്കവാറും ദിവസങ്ങളില്‍ കാണാന്‍ വരുമ്പോള്‍ അമ്മഛന്‍ (അമ്മയുടെ അഛന്) തരുന്ന നാരങ്ങ മുട്ടായികള്‍. സ്കൂളില്‍ പോകാന്‍ ബസില്‍ ഇടി കൂടണ്ട. ഒരുമിച്ച് നടന്ന് പോകാന്‍ ഇഷ്ടം പോലെ ലോക്കല്‍ ടീംസ്.
താമസം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല. അഛന് വിസ വന്നു, ഖത്തറിലേക്ക്. രണ്ടാഴ്ചക്കുള്ളില്‍ പോകുകയും വേണം. അമ്മയുടെ മുഖത്ത് സന്തോഷം, സങ്കടം പിന്നെ എന്തൊക്കെയോ..
"ഞാന്‍ പറഞ്ഞില്ലേ ഈ വീട് നല്ല കുരുത്തമുള്ള വീടാന്ന്. ഇനിയിപ്പൊ എല്ലാം ശരിയാവും." -വീടിന്റെ ഓണര്‍ പോസ്റ്റ്മാന് ജോസപ്പേട്ടന്.
"ചേട്ടന് ഒന്നും പേടിക്കണ്ട ചേട്ടാ.. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ, ടീച്ചര്‍ക്ക് കൂട്ടിന്" - കൊച്ചു മറിയം.
"മോനേ, നീ ധൈര്യായിട്ട് പോയിട്ട് വാടാ.. ഒന്നും പേടിക്കണ്ട. വാടാനപ്പള്ളി സ്റ്റേഷന് അതിര്‍ത്തിയില്‍ ഞാനുള്ളപ്പോ ഒരു പ്രശ്നവും ഒണ്ടാവില്ല.. ഘൊ.. ഘൊ.." -പോലീസപ്പാപ്പന്‍.
അഛനും അമ്മക്കും കൊടുക്കാന്‍ കൊണ്ടുവന്ന ധൈര്യത്തിന്റെ ഹോള്‍സെയില്‍ മേള അങ്ങനെ നാട്ടുകാരുടെ വക.
ഈ ബള്‍ക്ക് സപ്പോര്‍ട്ടില്‍ മനം കുളിര്‍ത്ത് അമ്മയെയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും നാട്ടുകാരെ ഏല്‍പ്പിച്ച് അഛന് ഖത്തറിലേക്ക് പറന്നു.
അങ്ങനെ കുറച്ചു കാലം കഴിഞ്ഞു.ഖത്തര്‍ മണി വന്നു തുടങ്ങിയപ്പോള്‍ അഛന്റെ വീട്ടില്‍ നിന്ന് വീണ്ടും സുഖാന്വേഷണങ്ങള്‍ എത്താന്‍ തുടങ്ങി. തറവാട്ടിലേക്ക് തിരിച്ച് ചെല്ലാനുള്ള ക്ഷണം പോലും വന്നു. അമ്മ യഥാസമയം അഛനെ അറിയിക്കുകയും, അഛന്റെ നിര്‍ദ്ദേശ പ്രകാരം അമ്മയത് സ്നേഹപൂര്‍വം നിരസിക്കുകയും ചെയ്തു.
അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേ ദിവസം ഈസ്റ്റര്‍. ഞാനും അനിയത്തിയും നേരത്തെ കിടന്നു. അമ്മ സിറ്റിംഗ് റൂമിലിരുന്ന് വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ നോക്കുന്നത് കണ്ടാണ് ഞാന്‍ കിടക്കാന്‍ പോയത്. ഒറ്റ വാക്കുത്തരങ്ങള്‍ നോക്കുന്ന പണി അമ്മ എന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. എന്റെ അമ്മാവന്റെ മകന് അമ്മയുടെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഞാനും അവനും തമ്മിലുള്ള ഡീല്‍ പ്രകാരം അവന് തെറ്റി എഴുതിയ ഒറ്റ വാക്കുത്തരങ്ങള്‍ അവന് തന്നെ കൊണ്ടു തന്ന പേന കൊണ്ട് ഞാന്‍ അവന്റെ കയ്യക്ഷരത്തില്‍ തിരുത്തി എഴുതിയിട്ടുണ്ടായിരുന്നു. അത് അമ്മ കണ്ടു പിടിച്ചാലോ എന്ന ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഉറക്കം പിടിച്ചു. പിറ്റേ ദിവസം കൊച്ചു മറിയത്തിന്റെ വീട്ടില്‍ നിന്ന് പാര്‍സല്‍ വരാന്‍ പോകുന്ന അപ്പവും ചിക്കനും ഒക്കെ സ്വപ്നത്തില്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു കൊണ്ടാണ് ഞെട്ടിയുണര്‍ന്നത്.
"അയ്യ്യൊ...കള്ളന്.. കള്ളന്.. ഓടിവരണേ..അയ്യൊ... കാലമാടന്.."തെ--", പ--"
അമ്മ നിന്ന് കാറുകയാണ്. ബെഡ് റൂമിന്റെ തുറന്നു കിടന്ന വാതിലിലൂടെ സിറ്റിംഗ് റൂമിലേക്ക് നോക്കിയിട്ടാണ് അമ്മയുടെ അലര്‍ച്ച. അതു കേട്ട് അതിലും ഉച്ചത്തില്‍ അനിയത്തി തുറന്നു അവളുടെ സൌണ്ട് ബോക്സ്. ആകെ കൂടി ബഹള മയം. എന്റെ കാര്യമാണെങ്കില്‍ പറയണ്ട. ധൈര്യശാലിയായ എന്റെ കാലുകള്‍ക്കിടയിലൂടെ മൂത്രത്തിന്റെ ചൂട് പതുക്കെ താഴോട്ട്. പതുക്കെ കിടക്കയില്‍ നിന്ന് എണീറ്റ് അമ്മയുടെ അടുത്തേക്ക് നടക്കാന്‍ തുടങ്ങിയ എന്റെ കാലുകള്‍ താഴെ വെള്ളത്തിലാണ് തൊട്ടത്. ഇത്രേം മൂത്രമോ എന്ന് വണ്ടറടിച്ച എനിക്ക് പതുക്കെ മനസ്സിലായി, വീട് നിറയെ വെള്ളമാണ്!!. മുന്നിലത്തെ മുറി നിറഞ്ഞ് അതിന്റെ കട്ടിളപ്പടി കടന്ന് ഞങ്ങള്‍ കിടക്കുന്ന മുറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നും മനസ്സിലാവാതെ ഞാനും എന്റെ വോളിയം മാക്സിമത്തിലാക്കി.
അപ്പഴേക്കും ഗേറ്റിനു പുറത്ത് ആളു കൂടി. "ടീച്ചറേ.. എന്തു പറ്റി? കതകു തുറക്ക്.. ഞങ്ങള്‍ ഒക്കെ ഉണ്ട് ഇവിടെ..പേടിക്കണ്ട..ഗേറ്റ് തുറക്ക്.. എന്താ കാര്യം??"
അപ്പോ അമ്മയുടെ ഡയലോഗ്.."ഇല്ലാ.. ഞാന്‍ തുറക്കില്ല.. നിങ്ങള്‍ ഒക്കെ ഗേറ്റിനു പുറത്താ.. കള്ളനുണ്ട് മുറ്റത്ത്.."
ആരൊക്കെയോ ഗേറ്റ് ചാടുന്ന ഒച്ച കേട്ടു.. "ടീച്ചറെ, ഇനി വാതില്‍ തുറക്ക്.." കൊച്ചു മറിയത്തിന്റെ മോന് ജോയി-ടെ ഒച്ച. അമ്മ വീടിനുള്ളിലെ വെള്ളത്തിലൂടെ നടന്ന് ചെന്ന് ലൈറ്റിട്ടു, വാതില്‍ തുറന്നതും, വാതില്ക്കല് നിന്നിരുന്ന ജോയി ചേട്ടന് ഒറ്റ ചാട്ടം.. വാതില്‍ തുറന്നപ്പൊള്‍ ഫ്രീ ആയ വെള്ളം ഏനാമാവ് ബണ്ട് തുറന്ന പോലെ ജോയി ചേട്ടന്റെ മേലേക്ക്.. വീടിനുള്ളില്‍, കണ്ടശ്ശാംകടവ് വള്ളം കളി നടത്താനുള്ളത്ര വെള്ളം. വെള്ളത്തില്‍ കട്ടമരം പോലെ ഒഴുകി നടക്കുന്ന അനിയത്തിയുടെ പ്ലാസ്റ്റിക് പാവ, അമ്മ നോക്കി മുഴുവനാക്കാത്ത പരീക്ഷ പേപ്പറിന്റെ ചില കെട്ടുകള്‍...
"അയ് ,ഇതെന്തൂട്ടാ ടീച്ചറേ ഇത്?" - അപ്പഴേക്കും ഗേറ്റ് കടന്ന് വന്ന പോലീസപ്പാപ്പന്‍.
"കള്ളന് വെള്ളമടിച്ചതാ അപ്പാപ്പാ" -അമ്മ
അവിടെ കൂടിയ എല്ലവരുടെയും മുഖത്ത് ക്വൊസ്റ്റ്യന് മാര്‍ക്ക്.
തദനന്തരം അമ്മ പറഞ്ഞ കഥ ഇങ്ങനെ.
അമ്മ പേപ്പര്‍ നോട്ടം കഴിഞ്ഞ് കിടന്നപ്പോ ഒരു പന്ത്രണ്ട്- പന്ത്രണ്ടര. കിടന്നപ്പഴേ ഉറങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന് ചെവി വട്ടം പിടിച്ചപ്പോള്‍ മഴ പെയ്യുകയാണോ എന്ന് തോന്നിത്രെ. ഈ ഏപ്രില്‍ മാസത്തില്‍ മഴയൊ എന്ന് വിചാരിച്ച് വെറുതെ എഴുന്നേറ്റപ്പോള്‍ കാല് കുത്തിയത് വെള്ളത്തില്‍. വീട് ചോരുകയാണോ എന്നു സംശയിച്ച് ലൈറ്റ് ഇടാനായി വാതിലിനടുത്തു ചെന്നപ്പോള്‍ വെള്ളത്തിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലായി. ചാരിയ വാതിലിനിടയിലൂടെ സിറ്റിംഗ് റൂമിലേക്ക് നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അമ്മ കണ്ടു.. തുറന്ന് കിടന്ന ജനലിനു പുറത്ത് അമ്മയെ നോക്കി കൊണ്ട് ഒരു തല. ആ നിമിഷത്തിലാണ് അമ്മ അലറി കരഞ്ഞത്. പിന്നീട് നടന്നതാണ് നേരത്തെ പറഞ്ഞത്.
മുറ്റത്തുള്ള പൈപ്പില്‍ ഹോസ് കുത്തി വീടിനുള്ളിലേക്ക് വെള്ളമടിക്കുകയാണ് കള്ളനദ്ദ്യേം ചെയ്തത് എന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. അമ്മയുടെ അലറലിനും, നാട്ടുകാരുടെ പാഞ്ഞുള്ള വരവിനും ഇടയില്‍ കിട്ടിയ അഞ്ചു നിമിഷത്തില്‍ കള്ളന്‍സ് പിന്നിലെ മതില് എടുത്തു ചാടി സ്കൂട്ടായി.
കള്ളന്‍സ് നിന്ന് വെള്ളമടിച്ച ജനലിന് നേരെ മുകളിലാണ് വീട്ടിലെ ഇലക്റ്റ്രിസിറ്റി ഫ്യൂസ്. അത് സിമ്പിളായി ഊരുന്നതിനു പകരം, ലൈറ്റ് ഇട്ടാല്‍ കമ്പ്ലീറ്റ് കറന്റ് പോകാന്‍ വേണ്ടി, പുറത്തുള്ള കുളിമുറിക്കുള്ളിലെ ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ അദ്ദേഹമൊരു 25 പൈസ തുട്ടു വെച്ചിരുന്നു. ഈ ബഹളത്തിടക്ക് കള്ളന് ഇനി ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടൊ എന്ന് നോക്കാന്‍ ചെന്ന ജോയി ചേട്ടന് ആ ലൈറ്റ് ഇട്ടപ്പോള്‍ ആ ലൈന്‍ മാത്രം അടിച്ചു പോയി. ആ കുളിമുറിയും അതിനോടു ചേര്‍ന്ന കക്കൂസും മാത്രമായിരുന്നു ആ ലൈനില്‍. നല്ല ബുദ്ധിയുള്ള കള്ളന്!!
പിറ്റേ ദിവസം നാട്ടുകാരിതൊരു ഉത്സവമാക്കി. കള്ളന് വെള്ളമടിച്ചത് കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും. ക്യു പാലിക്കാത്തവരെ വിരട്ടാന്‍ പോലീസപ്പാപ്പന്റെ ഘോ..ഘോ. എന്നിട്ടൊരു ആത്മഗതവും- "ശ്ശോ.. ഞാനൊന്ന് ഒറങ്ങിപ്പോയി. ഇല്ലെങ്കില്‍ ഒരുത്തനും ഈ വഴിക്ക് അടുക്കില്ലായിരുന്നു."
മുറിക്കുള്ളിലെ വെള്ളം അടിച്ചു കളയാന്‍ അമ്മ ശ്രമിക്കുമ്പോള്‍, "എല്ലാവരും കണ്ടിട്ടു കളഞ്ഞാ മതി ടീച്ചറേ" എന്ന് കൊച്ചു മറിയം. പുതിയതായി എത്തുന്നവരോട് ദൃക്സാക്ഷി വിവരണവും കൊച്ചു മറിയത്തിന്റെ വക. ജയേട്ടന്റെ ചായ പീടികയില്‍ ചര്‍ച്ച, തര്‍ക്കം - "എന്നാലും ആ കള്ളന് വെള്ളമടിച്ചതെന്തിന്?"
വര്‍ഷം കുറെ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം വീട് വെച്ച് വേറെ സ്ഥലത്താണ് താമസം. ഇപ്പഴും ഏതെങ്കിലും വീട്ടില്‍ കള്ളന് കയറിയ കാര്യം ആരെങ്കിലും പറഞ്ഞാല്‍ അമ്മ തുടങ്ങും, "അപ്പൊ ഞങ്ങടോടെ കള്ളന് വന്ന കഥ കേട്ടിട്ടുണ്ടാ?" എന്നിട്ട് തുടങ്ങും വിസ്തരിക്കല്‍. ഇതെത്ര പറഞ്ഞാലും അമ്മക്ക് മടുക്കില്ല. പറഞ്ഞ് കഴിഞ്ഞ് അവസാനം ഒരു ആത്മഗതവും.. "എന്നാലും ആ കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നാവോ"?
അതോടെ കഥ കേള്‍ക്കാനിരുന്നവര്‍ ചിന്ത തുടങ്ങും "ശരിയാ.. എന്തിനായിരിക്കും വെള്ളമടിച്ചത്..."
40 comments:
കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നു?
ബിരിയാണിക്കുട്ട്യേ...
..പ്രസ്താവന നടത്തിയതിന്റെ ക്ഷീണത്തില്‍ രണ്ട് കഠോര ചുമയും, അതിന്റെ എഫ്ഫെക്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ മോഡലില്‍ ഒരാട്ടവും. കൊച്ചു മറിയം വന്ന് "അപ്പാ.." എന്നും പറഞ്ഞ് താങ്ങിയത് കൊണ്ട് പോലീസപ്പാപ്പന്‍ നിലം പറ്റിയില്ല!
രസായിട്ടുണ്ട് ട്ടാ.
അല്ല, ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ???
അല്ലാ.. എന്തിനായിരിക്കും കള്ളന് വെള്ളമടിച്ചത്?
ലേറ്റസ്റ്റ് ടെക്നോളജി വല്ലതുമായിരുന്നോ? ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്ളടെക്നോളജിയുടെ പ്രൊഡക്റ്റാ കള്ളന്?
സംഗതി ഇഷ്ടപ്പെട്ടു.. എങ്കിലും എന്തിനായിരിക്കും കള്ളന് വെള്ളമടിച്ചത്? അതോ ഇനി അതു തന്നെയാണോ? പേടിച്ചെങ്ങാനും...?
വെള്ളപ്പുറത്ത് കക്കാന്‍ ഇറങ്ങിയാല്‍ ഇങ്ങനെ ഇരിക്കും. തള്ളേ, വെള്ളമടിച്ച് ചളമാക്കിയ ഈ കള്ളന് കൊള്ളാമല്ലോ.
"എന്നാലും ആ കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നാവോ"? - ഇത് കണ്ടുപിടിക്കാന്‍ ഇന്ന് വൈകുന്നേരം ഞാന്‍ നാല് പെഗ്ഗടിച്ചിരിക്കുന്നതായിരിക്കും.
നന്നായി ബിരിയാണികുട്ട്യേ....
അപ്പോ തൃപ്രയാറു കല്യാണം കൂടാന്‍ വരാന്‍ ഈമെയിലൈഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയവ എനിക്കയച്ചു തരുക.
തലവാചകം കണ്ടപ്പോള്‍ ഞാന്‍ കരുതി കള്ളന് കള്ളടിച്ചതിനെക്കുറിച്ചായിരിക്കുമെന്ന്. ഇപ്പോഴല്ലേ മനസ്സിലായത്. അല്ല, അതെന്തിനായിരുന്നു ബിക്കുട്ടീ?
അടിപൊളി പോസ്റ്റ്!
സംഭവം കൊള്ളാം ബിരിയാണിക്കുട്ടീ!
ആ കള്ളന് ഇനി സ്വിച്ച് വല്ലോം ഇട്ട് നോക്കിയപ്പം മാറി പോയതാണോ?
വല്ലാത്തൊരു സസ്പന്‍സ് തന്നെ!
കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നു?
എന്റെ ഉത്തരം: വളരെ ഫേമസ്സായ ‘അകത്തും വെള്ളം, പുറത്തും വെള്ളം’ എഫക്റ്റ് കിട്ടാനായിരിക്കും. വേറൊന്നും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.
ചോദ്യങ്ങള്‍ക്ക് നോബല്‍ സമ്മാനമുണ്ടെങ്കില്‍ അതീ ചോദ്യത്തിനു തന്നെ- “കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നു? “
ബിരിയാണിക്കുട്ടീ, നല്ല വിവരണം..
എന്റെ സി ബി ഐ ബുദ്ധിയില്‍ തോന്നുന്നതു കള്ളനു വെറുതേ..... പേടിപ്പിക്കുക എന്നൊരുദ്ദേശം മാത്രേ ഉണ്ടായിരുന്നുള്ളൂ എന്നാണൂ... ആര്‍ക്കെങ്കിലും???
വെറുതേ ചുമ്മാ മോട്ടോര്‍ ഓണ്‍ ചെയ്യുക. പൂട്ടി വച്ചിരിക്കുന്ന സൈക്കിളെടുത്ത് പത്തു വീട് അപ്പുറത്തെ കാര്‍പോര്‍ച്ചില്‍ കൊണ്ടുവക്കുക, കോഴിയെ കട്ട് അര്മ്മാദ്ദിക്കുക, പുറത്തേക്ക് ഉള്ള ബള്‍ബുകള്‍ ചൂണ്ടിക്കൊണ്ടുപോയി പൊട്ടക്കിണറ്റില്‍ ഇടുക, പടക്കത്തിന്റെ തിരിയില്‍ സിഗററ്റോ ചന്ദനത്തിരിയോ കേറ്റി ടൈം ബോബ്ബ് സ്ഫോടനം ചുമ്മാ നടത്തുക:
ഇവയെല്ലാം കാലാകാലങ്ങളില്‍ മീശപൊടിച്ചുതുടങ്ങുന്ന കാലത്ത് പിള്ളേരുടെ ആക്റ്റിവി റ്റീസ് ആകുന്നു. അത് കുറ്റമല്ല. ആ പ്രായത്തില്‍ എല്ലാരും ചെയ്യുന്ന കാര്യമാണ്. അതുപോലെ ഒന്നാണ് ഇതെന്നെനിക്കുതോന്നുന്നു. ഷെര്‍ലക് ഹോംസ് ലെവലില്‍ ചിന്തിച്ചാല്‍ അമ്മ ചെറിയ വെളിച്ചത്തില്‍ സ്വന്തം മുഖം കണ്ടതാകാനാണ് വഴി.
ബി.ക്കുട്ടി.... നിങ്ങള്‍ മണപ്പുറം നാടിന്റെ അഭിമാനം തന്നെ കേട്ടാ.....
ബിരിയാണിക്കുട്ടിയല്ലാ, വലുതന്ന്യാ :) കലക്കിട്ടാ..
വെള്ളമല്ലാതെ പിന്നെ അത്രേംമാത്രം കൊക്കോക്കോള മേടിച്ചൊഴിയ്ക്കാനൊക്കെ സാമ്പത്തികമുണ്ടങ്കില് പിന്നെ ആരേലും കക്കാനെറങ്ങ്വോ? എന്തൂട്ടാ ചോദ്യാ ഗഡീ ചൊദിക്കിന്നേ? (ഹാവൂ, ഇവിടെയുള്ള പുലികളെ ഒക്കെ ഗഡീ ഗഡീ എന്നു വിളിക്കുമ്പോ ആ വാക്ക് സ്ത്രീലിംഗമല്ലേ എന്ന് എനിക്കൊരു വിചാരമുണ്ടാരുന്നു. ഇപ്പോ ആ കുറ്റബോധമില്ലാതെ നീട്ടിയൊന്നു വിളിക്കാന്‍ പറ്റി)
ഇതെന്നാ ഷെര്‍ലക് ഹോംസിന് പടിക്കുവാണോ, ങേ..
ഇതിപ്പം സംഭവം സസ്പെന്സാക്കീട്ട് ബിരിയാണിക്കുട്ടി ഉറങ്ങാന്‍ പോയി.
എന്നാലും, എന്തിനായിരിക്കും ആ കള്ളന് വെള്ളമടിച്ചത് ? പൊടീം അഴുക്കും അത്രക്ക് പിടിച്ച് കെടന്ന വീടാ, മൂന്ന് പെണ്ണൂങ്ങളുണ്ടായിട്ട്....
പോസ്റ്റ് നന്നായിരിക്കുന്നൂ, അടിപൊളി വിവരണം എന്നൊക്കെ പറയണമെങ്കില്‍ കള്ളന് വെള്ളമടിച്ചതിന്റെ സീക്രട്ട് പറഞ്ഞ് ആദ്യം പറഞ്ഞ് തരണം.... ഹി ഹി ഹീീീീീീീ
ഇന്നലെ പാതിരാത്രി ഒരുമണിയോടടുത്ത് ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെണീറ്റ് ഉറക്കപ്പിച്ചില്‍ ചോദിച്ചത്രേ..
“ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ???“
എന്ന്.
ഇന്നുരാത്രിയും ഇതാവര്‍ത്തിച്ചാല്‍, വെള്ളിയാഴ്ച എന്നെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് കൊണ്ടുപോകുമെന്ന് സോന മുന്നറിയിപ്പ് തന്നിട്ടുണ്ട്.
അല്ല, ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ???
ചോരശാസ്ത്രത്തില്പ്പോലും കാണാത്ത വകുപ്പാണല്ലോ ബീകുട്ടിയേ ഈ വെള്ളമടി. ശരിക്കും അവനെന്തിനായിരിക്കും വെള്ളമടിച്ചത്? ഇതേപ്പറ്റി ഒരു ചര്‍ച്ച നടത്തി ഇവിടെ ഒരു നൂറുവെള്ളമടിക്കാന് എല്‍ ജിയെ ക്ഷണിക്കുന്നു.
ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയുള്ള എഴുത്ത് രസകരം, ഹൃദ്യം.
കപ്പോളയല്ല, കപ്പേളയാണു ശരി. ചാപ്പല്‍ എന്നതിന്റെ ലത്തീനീകരിച്ച മലയാളം.
പിന്നെ, സഫലമീയാത്രയ്ക്കു നന്ദിയും. വരികളില്ലെന്നു പറഞ്ഞു മുങ്ങാന്‍ തുടങ്ങിയ എന്നെ വലച്ചല്ലോ ബിക്കുട്ടിയേ
മന്‍ജിത്തേ.. കപ്പോളയും കയ്പ്പോളയും ഒക്കെ തൃശൂര്ത്തെ ഓരോ വര്ത്താനങ്ങളുതന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്നു.
വിശദീകരണാങ്ങള് കൊള്ളാം.. കഥയും നന്നായിരിക്കുന്നു. പക്ഷേ, എല്ലാവരേയും പോലെ ആ ചോദ്യം .. എന്തിനാ ചുള്ളന് വെള്ളമടിച്ചു ! ഇനി, തോല്‍ക്കുമെന്നുറപ്പുണ്ടായിരുന്ന വല്ല സ്കൂള്‍ പില്ലാര്‍, പരീക്ഷാ പേപ്പര്‍ മുക്കിക്കളയാന്‍ ചെയ്ത പണിയാവുമോ ??
കഥയില്‍ ചോദ്യമില്ലാ എന്നൊക്കെയാണ്..
‘കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നു?‘ ഈ ചോദ്യം അങ്ങനെ വളര്‍ന്നു വലുതായി ബൂലോകരുടെ ഉറക്കം കെടുത്തുന്നു.
എന്നാലും..
ഓ ഇടിവാള്‍ പറഞ്ഞതൊരു പോയിന്റാ...പരീക്ഷാപേപ്പര്‍ മുക്കാനായിരിക്കും കള്ളന് വെള്ളമൊഴിച്ചത് :)
പല പരൂക്ഷകളും എഴുതിക്കഴിഞ്ഞപ്പോള്‍ പേപ്പര്‍ മുക്കാന്‍ എന്തെങ്കിലും മാര്ഗങ്ങളുണ്ടോയെന്നു ഞാനും ആലോചിച്ചിട്ടുണ്ട്. ശെ അന്നൊന്നും ബിരിയാണിക്കുട്ടീടെ ബ്ലോഗില്ലാതെപോയി
ഇതു നല്ല തമാശ. ഞാന്‍ ചോദിച്ച, എന്റെ അമ്മ ചോദിച്ച, കണ്ടശ്ശാങ്കടവ് ദേശം മൊത്തം ചോദിച്ച ആ ഉത്തരം കിട്ടാ ചോദ്യം നിങ്ങള്‍ എന്നോട് തിരിച്ചു ചോദിക്കുന്നോ? 10 വര്‍ഷമായിട്ടും ഉത്തരം കിട്ടാതെ ഞങ്ങളെ വീര്‍പ്പുമുട്ടിച്ച ആ ചോദ്യത്തിനുത്തരം തേടിയാണ് മക്കളേ ഞാനീ പുലിമടയില്‍ വന്നത്...
എന്നാലും കൊറെ പോയന്റ്സ് എനിക്കിവിടെ കിട്ടി.
വക്കാരി പറഞ്ഞ പോലെ, പേടിച്ചെങ്ങാനും?
കണ്ണൂസ് , ദില്ബാസ് രണ്ട് പേരും ഒരേ ചിന്താഗതി.. വെള്ളം അകത്തും പുറത്തും.
കുറുമാന് പെഗ്ഗടിച്ചിരുന്നിട്ട് ഒന്നും ആയില്ലെ? biriyanikutty അറ്റ് ജിമെയില്‍ ആണ് മെയില്‍ ആന്റ് ചാറ്റ് ഐ.ഡി. ഒമ്പതാം തിയതി വണ്ടി കേറുന്ന ആള് എന്തിനാ വെറുതെ ഇതൊക്കെ ചോദിക്കുന്നെ?
കല്യാണീ, അങ്ങനെ തോന്നാനല്ലേ അങ്ങനെ ഇട്ടത്? :-)
കലേഷണ്ണാ, അയാളുടെ ഏതോ ഒരു സ്വിച്ചിന് എന്തോ കുഴപ്പമുണ്ടായിരുന്നു എന്നു തോന്നുന്നു.
നന്ദി ക--റി. എന്നെ കൊണ്ട് ആ പേര് വിളിപ്പിക്കണോ? :-(
സതീഷിന്റെ നോബല്‍ സമ്മാനത്തിന് ഡാങ്ക്സ്.
ബിന്ദു പറഞ്ഞ ഈ സി.ബി.ഐ. ആശയത്തിലാണ് അന്ന് ഭൂരിഭാഗം നാട്ടുകാരും കണ്‍ക്ലൂഡ് ചെയ്തത്.
വെള്ളമടി സീക്രട്ട് ഇപ്പഴും അറിയില്ല ദിവാ.. അതു ചോദിക്കാനായി ആ കള്ളേട്ടനെ പിന്നെ കണ്ടിട്ടില്ല.
വഴിപോക്കനും സങ്കു ചേട്ടനും സമാന ആശയക്കാരാണല്ലോ.. ഇപ്പൊ എനിക്കും തോന്നുന്നു ഇതൊരു സപ്പര്‍ സര്‍കീട്ട് ആയിരുന്നു എന്ന്. ഇടിവാളാണെങ്കില് സപ്പര്‍ സര്‍ക്കീട്ടിന് തക്കതായ ഒരു റീസണും തന്നിരിക്കുന്നു. പേപ്പര്‍ മുക്കാന്‍ തന്നെ ആയിരിക്കും.. നല്ല പരിചയമുള്ള പോലെ ആണല്ലൊ ഇടി ഗെഡീ..?
ആദി ഗെഡീ.. ഈ ഗെഡി, ഗെഡി എന്ന് പറയുന്നത് ഉഭയജീവിയാ.. അതായത് സ്ത്രീലിംഗമായും പുല്ലിംഗമായും ഉപയോഗിക്കാം..
അപ്പൊ ഈ ചാപ്പല്‍ ആണോ, മലയാളത്തില്‍ വന്നപ്പൊ ചപ്പേള ആവാതെ കപ്പേള ആയത്? പക്ഷേ,മന്ജിത്തേട്ടാ, സിബുച്ചായന് പറഞ്ഞ പോലെ, ഇവിടെ കപ്പേള, കപ്പോള, കൈപ്പോള, കപ്പള എന്നൊക്കെ സൌകര്യം പോലെ നിലവിലുണ്ട്. എന്നാലും ഇനി ഞാന്‍ തെറ്റിക്കില്ല. എന്റെ സൈഡ് പിടിക്കാന്‍ സിബുച്ചായന് വന്നൂലൊ. :-) അതു മതി.
മന്ജിത്തേട്ടന് വരികള്‍ അറിയില്ല എന്ന് പറഞ്ഞു മുങ്ങുന്നതാ എന്ന് അപ്പഴേ മനസ്സിലായി.. അതല്ലേ ഓടി വന്ന് വരികളിട്ടത്. അപ്പോള്‍ ദമനകന്‍, അല്ല, അപ്പോള്‍ മന്ജിത്തെട്ടന് അത് പെട്ടെന്ന് ചൊല്ലി ഇട്ടാട്ടെ.
ശനിയാ.. ഡാങ്ക്സ്.
ഋ, സത്യന് അന്തിക്കാട് ഞങ്ങടെ നാട്ടുകാരനാ.. അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു അറിവ്. വെറുതെയാണോ, ഈ കഥാപാത്രങ്ങളെ ഒക്കെ ഒരു കണ്ടു പരിചയം..:-)
കഥയില്‍ ചോദ്യമില്ലെങ്കിലും സപ്തനും ചോദിച്ചു പോകുന്നു ഈ ചോദ്യം..:-)
ഇനിയാണ് ഒരു പ്രധാന കാര്യം. നമ്മുടെ പെരിങ്ങ്സ് ഒരു അഭിപ്രായം പറഞ്ഞു. അതിവിടെ ഇട്ടാല്‍ ബിരിയാണിക്ക് വിഷമമാകും എന്നു കരുതി പെഴ്സണാലായിട്ടാ പറഞ്ഞെ. (ഇങ്ങേര് ലാലു അലക്സിന് പഠിക്കുന്നുണ്ട്.) അതായിട്ടുള്ളതായിട്ടുള്ളതെന്തെന്നു വച്ചാല്‍, എന്റെ കള്ളന് വെള്ളമടിച്ച എഴുത്തിലൊരു വിശലേട്ടന്റെ അനുകരണം വന്നോ എന്നൊരു സംശയം എന്ന്. പറയുന്നതില്‍ അലോഗ്യം ഒന്നും തോന്നരുത് എന്ന് പ്രത്യേകം പറയുകയും ചെയ്തു. ഞാനതിന് പെഴ്സണലായിട്ടു കൊടുത്ത (ഞാനും ചേര്‍ന്നു, ലാലു അലക്സിന്)മറുപടി ഇവിടെയും കൂടി പറയട്ടെ. ഒരു അലോഗ്യവും ഇല്ലാന്നു മാത്രമല്ല പെരിങ്ങ്സേ, ഇതൊക്കെ ചൂണ്ടി കാണിച്ചു തന്നതിന് റൊമ്പ നന്ദ്രി കൂടി ഉണ്ട്. നിങ്ങളൊക്കെ അല്ലാണ്ട് ആരാ ഇതൊക്കെ പറയാ..
വിശാലേട്ടന്റെ ശൈലി മനപൂര്‍വം അനുകരിച്ചിട്ടില്ല.. എന്തായാലും അങ്ങനെ തോന്നിയ സ്ഥിതിക്ക് ഇനി മുതല്‍ ശ്രദ്ധിക്കാം.ശ്രദ്ധിക്കും.. ഇല്ലെങ്കില്‍ മാനം കപ്പല്‍ കേറില്ലേ...
ഇപ്പൊ മനസ്സിലായോ വിശാലേട്ടന് എന്തു കൊണ്ടാ പാതിരാത്രി ഞെട്ടി ഉണര്‍ന്നത് എന്ന്?
ആക്റ്റുവലി, കള്ളന് കപ്പലില്‍ തന്നെയായിരുന്നുവോ?
വിശാലന് ഇന്ന് ഉറങ്ങാന്‍ പോകുന്നതിന് മുമ്പേ ഈ അന്വേഷണം പൂര്‍ത്തിയാകും എന്നാ വിചാരിച്ചത്. അത് നടക്കാത്ത സ്ഥിതിക്ക് ഇതു വരെ ഉള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കാം.
ക്രൈം ബ്രാഞ്ച് വന്നു പൊടി ഇട്ടും, ടേപ്പ് ഒട്ടിച്ചും, ഉരച്ചും പിടിച്ചും കുറെ സമയം കളഞ്ഞ് കുളിച്ചു ശേഷം ഉന്നതങ്ങളിലേക്ക് കേസ് റെഫര്‍ ചെയ്തു.
കമ്മീഷണര്‍ ഭരത് ചന്ദ്രന് വന്നു, നേരെ പോയത്ത് കക്കൂസിലേക്ക്. ഫ്യൂസ് അടിച്ചു പോയതറിഞ്ഞ് പൊട്ടിത്തെറിചു, പ്രതികരിച്ചു അമാനുഷികമായി. ഷിട്ട് ഇല്ലാതെ ഒരു കേസും താന്‍ ഹാന്‍ഡില്‍ ചെയ്യില്ലെന്നും പറഞ്ഞ് സ്ലോ മോഷനില്‍ ഫാസ്റ്റ് ആയി ഇറങ്ങി പോയി.
ഇന്‍സ്പെക്റ്റര്‍ ബല്‍റാം ആണ് ആദ്യമായി ലോജിക്കലി സംസാരിച്ചത്. വലിയഛ് മേധാവിത്വ മനോഭാവത്തില്‍ ഉടലെടുത്ത ഒരു വികാരം ആണ് ഇതെന്ന് തറപ്പിച്ച് പറഞ്ഞു. അമ്മയുടെ കണ്ണീര് പ്രളയം ഇല്ലാതായതോടെ ഒരു പ്രളയം തന്നെ നടത്താന്‍ ചില ഗൂഡ ശക്തികളുമായി ചേര്‍ന്ന് നടത്തിയ നീക്കാമാണെതെന്നും, ആറാം വാരിക്ക് ആറിഞ്ച് താഴെ ആറ് വിരലുകള്‍ പിരിച്ചു ഒന്നേ ഒന്ന് കൊടുത്താല്‍ ആറും നൂറും പുറത്ത് വരും എന്ന് പറഞ്ഞു. പക്ഷെ കുടുംബ കലഹം ഉണ്ടാക്കാതിരിക്കാന്‍ ഇപ്പൊല് മയക്കി കിടത്തിയിരിക്കുകയാ.
എന്തായാലും, ഇപ്പോള്‍ സേതുരാമ അയ്യര്‍ ഇറങ്ങിയിട്ടുണ്ട്. മുറ്റത്ത് കൈയ്യും കെട്ടി നിന്നിട്ട് മുകളിലോട്ട് നോക്കി എന്തൊക്കെയൊ പറയുന്നുണ്ട്. ഡമ്മി ഇടേണ്ടി വരും എന്നൊക്കെ ഇടക്ക് കേട്ടു. ഇതില്‍ ഉടനെ ഒരു തീരുമാനം ആവുകയാണെങ്കില്‍ കേസും തെളിയും വിശാലനും രക്ഷപ്പെടും. ഞാന്‍ പോയി ബലറാമിനുല്ല അടുത്ത ഡോസ് മയക്ക് വെടി റെഡിയാക്കട്ടെ.
ഹി.. ഹി.. ഹി...
അതെനിക്കങ്ങ് ഇഷ്ട്ടപെട്ടു പ്രപ്ര.. ഇവിടെ നടന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് വിശദമായി ലോകരെ സത്യസന്ധമായി അറിയിച്ചതിന് ഒരുപാട് നന്ദി പ്രാപ്ര.. കൂട്ടത്തില്‍ വീട് നനച്ച് കുതിര്‍ത്ത് മോഷണം എന്ന പുതിയ ഐഡിയ കൊണ്ടൂ വന്ന താരക്കും, പിന്നെ അത്തികുര്ശ്ശിക്കും.
ഒരു ദിവസം ലീവ് എടുത്തു ഇതിനേക്കുറിച്ചാലോച്ചിലൊ എന്ന് വിചാരിക്കുമ്പോഴാണ് പ്രപ്രാ ചേട്ട്ന്റ് കമന്റ് കാണുന്നെ..ഞാനും ആ വശത്തെക്ക് ചെരിയുന്നു...
എന്നാലും എന്റെ ബിരിയാണിക്കുട്ട്യെ,നല്ല കോയിക്കോടന്‍ ബിരിയാണി പോലെയാണ് ഒരൊ പോസ്റ്റും...ഇത്രേം ഗാപ്പിടാണ്ട്..എല്ലാ വീക്കും ഓരൊന്ന് വീതം പോസ്റ്റൂ..
എന്നാല്‍ ഇനിയൊരു കഥയുരചെയ്യാം. അത് മോഷ്ടിക്കാന്‍ വന്ന കള്ളനൊന്നുമായിരുന്നില്ല, എങ്ങനെയെങ്കിലും ഉത്തരക്കടലാസ് നശിപ്പിക്കാനിറങ്ങിയ അമ്മാവന്റെ മകന് ആയിരുന്നു... നല്ല വിവരണം, കഥ.
അച്ഛന് = achchhan
വെള്ളമടിക്കുമ്പോള്‍ അതില്‍ കുറച്ചു സധനങ്ങള്‍ എങ്കിലും ഒഴുകി വരില്ലെ? അപ്പൊ അത് ജനലായില്‍ കൂടി എടുക്കാന്ന് വെച്ചിട്ടാണൊ?
നന്നായിട്ടുണ്ട് ബിരിയാണിക്കുട്ട്യേ.
നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഒരുകുട്ടിയുടെ കണ്ണുകളിലൂടെ സരസമായി അവതരിപ്പിച്ചിരിക്കുന്നു, വയനക്കാരുടെ കണ്ണുനിറയുമെങ്കിലും.
ബിരിയാണിക്കുട്ടിയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്. നര്‍മ്മം മാത്രമല്ല വഴങ്ങുകയെന്നുള്ളതിന്റെ സൂചനകള്‍ ഒരുപാട് ബാക്കിനിര്ത്തിയിട്ടാണ് പറഞ്ഞവസാനിപ്പിച്ചിരിക്കുന്നത്. ഇനിയും എഴുതൂ, ഇത്തരം പോസ്റ്റുകള്‍.
ബിരിയാണിക്കുട്ടി,നല്ല എഴുത്ത്.......നന്നായി ആസ്വദിച്ചു
സെമി
കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നു?
അങ്ങനെ ഭൈരവന് ഭൈരവിയുടെ രചന കാണുവാന്‍ 2:07pm ണ്റ്റെ ഇണ്റ്റര്‍ സ്റ്റേറ്റ് ബസ്സും പിടിച്ച് ഇതാ ഇവിടെ...
ശ്യാമളയേം കോമളനേം പോലെ
തങ്കമ്മ്യേം തങ്കപ്പനേം പോലേ
ഇതാ ഇവിടെ ഇതാ ഒരു
ഭൈരവിയും ഭൈരവനും
ഒരു ഭയ്യനും ഒരു ബെഹനയും...
ബെഹനാ നിനക്കു കുളി ഒരു അലര്‍ജിയാണെന്ന കാര്യം കള്ളന് എങ്ങനെയോ അറിഞ്ഞിരിക്കുന്നൂ... ആരാണു നിനക്കു ചുറ്റും അലയുന്നത്, BBCയോ അതൊ CNNനോ? ആരായാലും കള്ളന് അതറിയാന്‍ ഇടയായി... അല്ലാതെ കള്ളന് എന്തിനു വെള്ളമടിക്കണം ? ഇതല്ലാതെ വേറെ കാരണമൊന്നും എനിക്കു തോന്നുന്നില്ല.
L G said...
വെള്ളമടിക്കുമ്പോള്‍ അതില്‍ കുറച്ചു സധനങ്ങള്‍ എങ്കിലും ഒഴുകി വരില്ലെ? അപ്പൊ അത് ജനലായില്‍ കൂടി എടുക്കാന്ന് വെച്ചിട്ടാണൊ?
ഹഹഹ LG ടെ ഐഡിയ സൂപ്പര്‍...
സുഹൃത്തുക്കളേ, കേസന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ ബിരിയാണിക്കുട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്റെ അനുമാനം ഇത് ബിരിയാണിക്കുട്ടിയുടെ വീട്ടിലെ തോട്ടക്കാരന് രാത്രി വെള്ളമടിച്ച് വന്ന് തോട്ടവും വീടും മാറിപ്പോയി ചെടി നനച്ചതാണെന്നായിരുന്നു.
എന്നാല്‍ ബിരിയാണിക്കുട്ടി ഇത് നിഷേധിച്ചിട്ടുണ്ട്. ബിരിയണിക്കുട്ടിയുടെ വീട്ടില്‍ ആ സമയത്ത് തോട്ടക്കാരന് ഉണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ആസ് എ മാറ്റര്‍ ഓഫ് ഫാക്റ്റ്, ബിരിയാണിക്കുട്ടിയുടെ വീട്ടില്‍ ഒരു കാലത്തും തോട്ടക്കാരന് ഉണ്ടായിരുന്നില്ലത്രേ.
അപ്പോള്‍ അത് അടുത്ത വീട്ടിലെ തോട്ടക്കാരന് ആകാനാണ് സാധ്യത. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില് ചെന്ന അതേ വൃദ്ധനാണോ ഇത് എന്നും അന്വേഷിക്കേണ്ടതുണ്ട്. പക്ഷെ ഞാന്‍ തല്ക്കാലം മറ്റൊരു കേസന്വേഷണത്തിന്റെ തിരക്കിലാണ്.
എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?
അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനം കാണുന്നതായിരിക്കും.
കള്ളന് വെള്ളമടിച്ചിട്ട് നാളു കൊറെ ആയല്ലോ?
ഇങ്ങനെ കമന്റും അടിച്ച് നടന്നാ മതിയാ? പുതിയ പോസ്റ്റൊക്കെ ഇടണ്ടെ?
Enthinaayirikkum aa kallan vellamadichathu?
അതേ ബിരിയാണിക്കുട്ട്യേ, ആ ഉത്തരക്കടലാസ്സു കൂട്ടത്തില്‍ ഫൌണ്ടന് പേനയിട്ടെഴുതിയ വല്ല പേപ്പറും ഉണ്ടായിരുന്നോന്നൊന്നു നോക്കേണ്ടി വരും . ചരിത്രം തിരുത്തുന്ന കള്ളന്മാരുമുണ്ടേ നാട്ടില്‍
എന്നാാാാാലും കള്ളന് വെള്ളമടിച്ചതെന്തിനായിരിക്കും........................????
ഇനി ഞാന്‍ പോയി കിടന്നുറങ്ങട്ടെ,ഷെര്‍ലക്ക് ചേട്ടന് പറഞ്ഞിട്ടുണ്ട്.ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അബോധമനസ്സ് പറഞ്ഞ് തരുമെന്ന്..
തന്നാല്‍ നാളെ പറയാം..
എന്നാാാാാലും കള്ളന് വെള്ളമടിച്ചതെന്തിനായിരിക്കും........................????
-പാര്‍വതി
അല്ല, ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ???
അല്ല, ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ??? :))
ആശംസകള്‍!!
അല്ല, ആക്ച്വലി കള്ളന് വെള്ളമടിച്ചതെന്തിനായിരുന്നൂ???
Post a Comment